യൂറോ കപ്പ്: പൊലിഞ്ഞത് ഇംഗ്ലണ്ടിന്റെ ദീര്‍ഘകാല സ്വപ്‌നം

ആദ്യമായി യൂറോ കപ്പില്‍ മുത്തമിടാമെന്ന ഇംഗ്ലണ്ടിന്റെ സ്വപ്‌നം വെംബ്ലിയില്‍ പൊലിഞ്ഞു. യൂറോ കപ്പ് ഫൈനലില്‍ പെനാല്‍ട്ടി ഷൂട്ടൗട്ട് ഇംഗ്ലണ്ടിന്റെ വിധിയെഴുതി. നിശ്ചിത സമയത്തും എക്‌സ്ട്രാ സമയത്തും ഇരു…

By :  Editor
Update: 2021-07-11 23:30 GMT

ആദ്യമായി യൂറോ കപ്പില്‍ മുത്തമിടാമെന്ന ഇംഗ്ലണ്ടിന്റെ സ്വപ്‌നം വെംബ്ലിയില്‍ പൊലിഞ്ഞു. യൂറോ കപ്പ് ഫൈനലില്‍ പെനാല്‍ട്ടി ഷൂട്ടൗട്ട് ഇംഗ്ലണ്ടിന്റെ വിധിയെഴുതി. നിശ്ചിത സമയത്തും എക്‌സ്ട്രാ സമയത്തും ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമനില പാലിച്ചതോടെയാണ് മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഒടുവില്‍ 3-2 എന്ന നിലയില്‍ ഇംഗ്ലണ്ട് പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ തോല്‍വി വഴങ്ങുകയായിരുന്നു.
ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ട് താരങ്ങളായ ജെയ്ഡന്‍ സാഞ്ചോ, ബുകായോ സാക എന്നിവരുടെ ഷോട്ടുകള്‍ തടുത്തിട്ട ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ ജിയാന്‍ല്യൂജി ഡൊന്നാരുമയാണ് ടീമിന് വിജയം സമ്മാനിച്ചത്. മാര്‍ക്കസ് റാഷ്‌ഫോഡിന്റെ കിക്ക് പോസ്റ്റിലിടിച്ച്‌ പുറത്തുപോയി. ആദ്യമായാണ് ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലില്‍ എത്തിയത്. സ്വന്തം മൈതാനത്ത് കളിക്കുന്നതിന്റെ ആധിപത്യം ഇംഗ്ലണ്ടിന് ആദ്യംമുതലേ ഉണ്ടായിരുന്നു. ഗാലറിയില്‍ ഇംഗ്ലണ്ട് ആരാധകര്‍ ആവേശം പകര്‍ന്നെങ്കിലും മൈതാനത്ത് ആദ്യ പകുതിയില്‍ മാത്രമേ ഇംഗ്ലണ്ട് താരങ്ങള്‍ മികച്ച പ്രകടനം നടത്തിയുള്ളൂ. 1966 ല്‍ ലോകകപ്പ് നേടിയ ശേഷം ഒരു മേജര്‍ ടൂര്‍ണമെന്റില്‍ വിജയിക്കാന്‍ ആയിട്ടില്ലെന്ന ചീത്തപേര് ഇത്തവണ മാറ്റുമെന്ന് വെംബ്ലിയില്‍ തടിച്ചുകൂടിയ ആരാധകവൃന്ദം പ്രതീക്ഷിച്ചെങ്കിലും അസൂറിപ്പട അതിനു അനുവദിച്ചില്ല. ഇറ്റലിയുടെ രണ്ടാം യൂറോ കപ്പ് വിജയമാണ് ഇത്തവണത്തേത്.

Tags:    

Similar News