പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല; CBI അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ ഭാര്യ
സിപിഎം നേതാവ് പ്രതിയായ കേസിൽ കൃത്യമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷ ഇല്ലെന്നും അതിനാൽ സി ബി ഐ അന്വേഷണം വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു
കൊച്ചി: എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് ഭാര്യ. ഇപ്പോൾ നടക്കുന്ന കേസന്വേഷണം തൃപ്തികരമല്ലെന്നും അന്വേഷണം സി ബി ഐക്ക് കൈമാറണമെന്നുമാണ് ആവശ്യം. സിപിഎം നേതാവ് പ്രതിയായ കേസിൽ കൃത്യമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷ ഇല്ലെന്നും അതിനാൽ സി ബി ഐ അന്വേഷണം വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
നവീൻ ബാബുവിന്റെ മരണത്തിന് ആരൊക്കെയാണോ ഉത്തരവാദികൾ അവരെയെല്ലാം നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് സർക്കാർ ആവർത്തിച്ച് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് യാതൊരു നീക്കുപോക്കും ഇല്ലാത്ത സാഹചര്യത്തിലാണ് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
അതേസമയം നവീൻ ബാബുവിൻ്റെ മരണത്തിൽ തെളിവുകൾ സംരക്ഷിക്കണമെന്നും കളക്ടറുടെയും പമ്പിന് അനുമതി തേടിയ പ്രശാന്തൻ്റെയും ഫോൺ കോൾ വിവരങ്ങളും ഫോൺ ലൊക്കേഷൻ വിവരങ്ങളും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കുടുംബത്തിൻ്റെ അഭിഭാഷകൻ ചൊവ്വാഴ്ച ഹർജി പരിഗണിക്കവേ തലശേരി കോടതിയിൽ ആവശ്യം ഉന്നയിച്ചിരുന്നു. ജില്ലാ കളക്ട്രേറ്റിലെ സിസിടിവി ദൃശ്യങ്ങളും കളക്ടറുടെ രണ്ട് നമ്പറുകളിലെയും കോൾ റെക്കോർഡിങും സംരക്ഷിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം തടസപെടുത്തുകയല്ല ഉദ്ദേശമെന്നും അന്വേഷണത്തിന് ഉപകാരപ്പെടും വിധം തെളിവുകൾ സംരക്ഷിക്കണമെന്നും കോടതിയിൽ ആവശ്യപ്പെട്ടു.