ചങ്ങനാശേരി ബൈക്ക് അപകടം; ക്യാമറ ഘടിപ്പിച്ച ഹെല്‍മെറ്റ് ധരിച്ച്‌ മത്സരയോട്ടം പതിവ് പരിപാടി' മത്സരം സോഷ്യൽ മീഡിയയിൽ പങ്ക് വെക്കുവാൻ വേണ്ടി !

കോട്ടയം: ചങ്ങനാശേരി പാലാത്ര മോര്‍ക്കുളങ്ങര ബൈപ്പാസില്‍ കഴിഞ്ഞ ദിവസം മൂന്നുപേര്‍ മരിച്ചത് മത്സരയോട്ടത്തിനിടെ നടന്ന അപകടത്തില്‍ തന്നെയെന്ന് വ്യക്തമായി. രണ്ട് ബൈക്കുകള്‍ തമ്മില്‍ നടത്തി മത്സരയോട്ടമാണ് അപകടത്തില്‍…

;

By :  Editor
Update: 2021-07-29 06:12 GMT

കോട്ടയം: ചങ്ങനാശേരി പാലാത്ര മോര്‍ക്കുളങ്ങര ബൈപ്പാസില്‍ കഴിഞ്ഞ ദിവസം മൂന്നുപേര്‍ മരിച്ചത് മത്സരയോട്ടത്തിനിടെ നടന്ന അപകടത്തില്‍ തന്നെയെന്ന് വ്യക്തമായി. രണ്ട് ബൈക്കുകള്‍ തമ്മില്‍ നടത്തി മത്സരയോട്ടമാണ് അപകടത്തില്‍ കലാശിച്ചത്. അപകടത്തില്‍ മരിച്ചവരില്‍ ഒരു യുവാവും മറ്റുള്ളവര്‍ മധ്യവയസ്‌ക്കരുമാണ്. പ്രദേശത്ത് പതിവായി മത്സരയോട്ടം നടത്തുന്നവരാണ് എന്ന സൂചനകളാണ് പുറത്തുവരുന്നത്. സ്‌പോട്‌സ് ബൈക്കുകളിലെ ചീറിപ്പായലാണ് ദുരന്തത്തിന് ഇടയാക്കിയത്. ഇക്കാര്യം ആര്‍ ടി ഒ സ്ഥിരീകരിച്ചു. വൈകുന്നേരം മുതല്‍ 2 ബൈക്കുകളിലായി യുവാക്കള്‍ ബൈപാസിലൂടെ അമിതവേഗതയില്‍ എത്തി അഭ്യാസപ്രകടനം നടത്തിയിരുന്നു. ഇതില്‍ ശരത് ഓടിച്ച ബൈക്കാണ് മറ്റൊരു ബൈക്കിലേക്ക് ഇടിച്ചു കയറി അപകടം ഉണ്ടാക്കിയത്.

ക്യാമറ ഘടിപ്പിച്ച ഹെല്‍മെറ്റ് ധരിച്ച്‌ മത്സരയോട്ടം നടത്തുന്നത് ഇവിടത്തെ യുവാക്കളുടെ പതിവ് പരിപാടിയാണ്. ഇത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കപ്പെടുകയാണ് ചെയ്യുന്നത്. ഇത്തരം ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പാലാത്ര മോര്‍ക്കുളങ്ങര ബൈപ്പാസില്‍ ബുധനാഴ്‌ച്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. ഡ്യൂക്ക് ബൈക്ക്, യുണികോണ്‍ ബൈക്കില്‍ ഇടിച്ചാണ് മൂന്നുപേര്‍ക്ക് ദാരുണാന്ത്യമുണ്ടായത്. പോത്തോട് അമൃതശ്രീ വീട്ടില്‍ മുരുകന്‍ ആചാരി(67), ചങ്ങനാശേരി ടിബി റോഡില്‍ കാര്‍ത്തിക ജൂവലറി ഉടമ പുഴവാത് കാര്‍ത്തിക ഭവനില്‍ സേതുനാഥ് നടേശന്‍(41), പുതുപ്പള്ളി തച്ചുകുന്ന് പാലച്ചുവട്ടില്‍ സുരേഷ്- സുജാത ദമ്ബതികളുടെ മകന്‍ ശരത് (19) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 7 മണിയോടെ ചങ്ങനാശേരി ബൈപാസില്‍ പാലാത്ര ഭാഗത്തു വച്ചായിരുന്നു നാടിനെ നടുക്കിയ അപകടം.

കൂടുതൽ വാർത്തകൾക്ക് ഈവനിംഗ് കേരള ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

സേതുനാഥും മുരുകന്‍ ആചാരിയും സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് ശരത്ത് ഓടിച്ചിരുന്ന ബൈക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. പിന്നീടു സമീപമുണ്ടായിരുന്ന കാറിന്റെ പിന്നിലേക്കും ബൈക്ക് ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തില്‍ മൂന്നു പേരും റോഡിലേക്കു തെറിച്ചു വീണു. ശരത്തും സേതുനാഥും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. ശരീരഭാഗങ്ങള്‍ ചിതറിത്തെറിച്ച നിലയിലായിരുന്നു. മുരുകനെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.വൈകുന്നേരം മുതല്‍ 2 ബൈക്കുകളിലായി യുവാക്കള്‍ ബൈപാസിലൂടെ അമിതവേഗതയില്‍ എത്തി അഭ്യാസപ്രകടനം നടത്തിയിരുന്നതായും ശരത്ത് അപകടത്തില്‍പെട്ടപ്പോള്‍ ഒപ്പമുണ്ടായിരുന്ന ബൈക്ക് നിര്‍ത്താതെ കടന്നു കളഞ്ഞതായും നാട്ടുകാര്‍ ആരോപിച്ചു.

Tags:    

Similar News