രണ്ടായിരം അഞ്ഞൂറായ കണക്കേത് ? ക്വാട്ട നിശ്ചയിച്ചു പിരിവ് തുടര്‍ന്ന് പൊലീസ്; മൂന്ന് ദിവസത്തിനകം പിഴയായി ചുമത്തിയത് നാല് കോടിയിലേറെ രൂപ ! ഇന്ന് മുതല്‍ വീണ്ടും ഇളവുകള്‍

തിരുവനന്തപുരം: വീടിന് സമീപമുള്ള ക്ഷേത്രത്തിൽ ബലിതർപ്പണത്തിനായി പോയ അമ്മയ്ക്കും മകനും പോലീസ് പിഴ ചുമത്തി. 2000 രൂപ പിഴ വാങ്ങിയ ശേഷം 500 രൂപയുടെ രസീത് നൽകിയതായി…

By :  Editor
Update: 2021-08-08 23:53 GMT

തിരുവനന്തപുരം: വീടിന് സമീപമുള്ള ക്ഷേത്രത്തിൽ ബലിതർപ്പണത്തിനായി പോയ അമ്മയ്ക്കും മകനും പോലീസ് പിഴ ചുമത്തി. 2000 രൂപ പിഴ വാങ്ങിയ ശേഷം 500 രൂപയുടെ രസീത് നൽകിയതായി പരാതി. ശ്രീകാര്യം പൊലീസിനെതിരെ വെഞ്ചാവോട് സ്വദേശി നവീനാണ് പരാതി ഉന്നയിച്ചത്.എന്നാൽ എഴുതിയതിലെ പിഴവാണ് 2000 അഞ്ഞൂറായതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.

അതേസമയം ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയിട്ടും പൊലീസിന്റെ പിഴയീടാക്കല്‍ പതിവു പോലെ തുടരുന്നതില്‍ കടുത്ത അമര്‍ഷമാണ് ജനങ്ങള്‍ക്കുള്ളത്. മൂന്നു ദിവസത്തിനിടെ 70,000ത്തോളം പേരാണ് നടപടി നേരിട്ടത്. ഓരോ സ്റ്റേഷനും ക്വോട്ട നിശ്ചയിച്ച്‌ നല്‍കിയിരിക്കുന്നതാണ് സാധാരണക്കാര്‍ക്കെതിരായ വ്യാപക നടപടിക്ക് കാരണം. എന്നാല്‍ രാഷ്ട്രീയക്കാര്‍ ലോക്ഡൗണ്‍ ലംഘിച്ച കേസുകളില്‍ നടപടിയില്ലെന്നും ആക്ഷേപമുണ്ട്.

കഴിഞ്ഞ മൂന്നു ദിവസം കൊണ്ട് കോവിഡ് നിയന്ത്രണ ലംഘനമെന്ന പേരില്‍ 20,709 പേര്‍ക്കെതിരെയാണ് കേസെടുത്തത്. 3,951 പേരെ അറസ്റ്റ് ചെയ്തു. മാസ്‌ക് ധരിക്കാത്തതിന് 45,279 പേരില്‍നിന്ന് പിഴ ഈടാക്കി. ഇതെല്ലാം ചേര്‍ന്നാല്‍ 69,000ത്തോളം പേരില്‍നിന്നായി 4 കോടിയിലേറെ രൂപയാണ് സര്‍ക്കാരിന്റെ ഖജനാവിലെത്തുന്നത്.

അതേസമയം പരിഷ്‌കരിച്ച ലോക്ഡൗണ്‍ നിബന്ധനകള്‍ ഇന്നുമുതല്‍ പതിവുപോലെ തുടരും. ബാങ്കുകള്‍, വ്യാപാരവ്യവസായ സ്ഥാപനങ്ങള്‍, തുറസ്സായ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയവ ആഴ്ചയില്‍ 6 ദിവസവും സര്‍ക്കാര്‍ ഓഫിസുകള്‍ ആഴ്ചയില്‍ 5 ദിവസവും തുറക്കാമെന്നാണ് ഉത്തരവ്. കടകളിലും ബാങ്കുകളിലും മറ്റും പ്രവേശനത്തിനു നിര്‍ദേശിച്ച, വാക്‌സിനേഷന്‍ ഉള്‍പ്പെടെയുള്ള വിവാദ വ്യവസ്ഥകള്‍ തല്‍ക്കാലം കര്‍ശനമാക്കിയിട്ടില്ല.

അടുത്ത രണ്ടു ഞായര്‍ ലോക്ഡൗണ്‍ ഉണ്ടാകില്ല. ഇതോടെ ഞായര്‍ ലോക്ഡൗണ്‍ ഇന്നലെ താല്‍ക്കാലികമായി അവസാനിച്ചു. അടുത്ത രണ്ടു ഞായറാഴ്ചകളായ 15ന് സ്വാതന്ത്ര്യദിനം പ്രമാണിച്ചും 22നും ഓണത്തോട് അനുബന്ധിച്ചു ലോക്ഡൗണ്‍ ഇല്ല.

Tags:    

Similar News