ഇന്ത്യയിലേക്ക് വരാൻ അനുവദിക്കണമെന്ന് അഫ്ഗാൻ പൗരന്മാർ ; ഇന്ത്യൻ വിസയ്‌ക്കുള്ള അപേക്ഷകളിൽ വൻ വർദ്ധനവ്
കാബൂൾ : സുരക്ഷാ സാഹചര്യം വഷളാകുന്ന പശ്ചാത്തലത്തിൽ, അഫ്ഗാൻ പൗരന്മാർക്ക് ഇന്ത്യയിൽ അഭയം നൽകണമെന്ന് ആവശ്യം . കഴിഞ്ഞ ഒരാഴ്ചയായി അഫ്ഗാനിലെ വിവിധ ഇടങ്ങൾ താലിബാൻ പിടിച്ചടക്കുകയാണ്…
കാബൂൾ : സുരക്ഷാ സാഹചര്യം വഷളാകുന്ന പശ്ചാത്തലത്തിൽ, അഫ്ഗാൻ പൗരന്മാർക്ക് ഇന്ത്യയിൽ അഭയം നൽകണമെന്ന് ആവശ്യം . കഴിഞ്ഞ ഒരാഴ്ചയായി അഫ്ഗാനിലെ വിവിധ ഇടങ്ങൾ താലിബാൻ പിടിച്ചടക്കുകയാണ് . തുടർന്നാണ് അഫ്ഗാനികൾ പലായനം ചെയ്യാൻ തുടങ്ങിയത് . അഫ്ഗാനിസ്ഥാനിലുടനീളമുള്ള 34 പ്രവിശ്യാ തലസ്ഥാനങ്ങളിൽ 18 എണ്ണവും ഇപ്പോൾ താലിബാന്റെ നിയന്ത്രണത്തിലാണ്, അതിൽ ഹെറാത്ത്, കാണ്ഡഹാർ തുടങ്ങിയ വൻ നഗരങ്ങളും ഉൾപ്പെടുന്നു.
അഫ്ഗാൻ പൗരന്മാർക്ക് രാജ്യം വിട്ട് പോകുന്നതിന് വിസ അനുവദിക്കുന്ന വിഷയത്തിലാണ് നിലവിൽ ചർച്ചകൾ നടക്കുന്നത് . ഇന്ത്യയിൽ അഭയം പ്രാപിക്കാൻ കാത്തിരിക്കുന്നവരിൽ രാഷ്‌ട്രീയ നേതാക്കൾ , മനുഷ്യാവകാശ പ്രവർത്തകർ, മാദ്ധ്യമ പ്രവർത്തകർ, ന്യൂനപക്ഷ വിഭാഗങ്ങൾ എന്നിവരടക്കമുണ്ട് .
കഴിഞ്ഞ ഏതാനും ആഴ്ചകളായി കാബൂളിൽ നിന്ന് ഇന്ത്യൻ വിസയ്‌ക്കുള്ള അപേക്ഷകളിൽ വൻ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കൗണ്ടറുകളിൽ നിന്ന് ടിക്കറ്റുകൾ വാങ്ങി ടെർമിനലിലേക്ക് കയറാൻ ആളുകൾ മൂന്ന് മണിക്കൂർ വരെ കാത്തിരിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എയർ ഇന്ത്യ, എമിറേറ്റ്സ്, ഫ്ലൈദുബായ്, പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസ്, ടർക്കിഷ് എയർലൈൻസ് എന്നിവയാണ് ഇപ്പോൾ കാബൂളിലേക്ക് സർവീസ് നടത്തുന്നത് . കഴിഞ്ഞ നാല് പതിറ്റാണ്ടിൽ നിരവധി അഫ്ഗാൻ നേതാക്കൾക്കും അവരുടെ കുടുംബങ്ങൾക്കും ഇന്ത്യ അഭയം നൽകി. അഫ്ഗാൻ വക്താവ് അബ്ദുള്ള അബ്ദുള്ളയുടെ കുടുംബം നിലവിൽ ഇന്ത്യയിലാണ് താമസിക്കുന്നത്. മുൻ പ്രസിഡന്റ് ഹമീദ് കർസായിയെപ്പോലുള്ളവർ ഇന്ത്യയിൽ താമസിക്കുകയും പഠിക്കുകയും ചെയ്തിട്ടുണ്ട്.
ഭീഷണി നേരിടുന്ന അഫ്ഗാനികൾക്ക് അഭയം നൽകാനുള്ള പദ്ധതികൾ പല രാജ്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ആയിരക്കണക്കിന് അഫ്ഗാനികളെ പ്രത്യേക കുടിയേറ്റ വിസ പദ്ധതിയിൽ അല്ലെങ്കിൽ അഭയാർത്ഥികളായി സഹായിക്കാൻ യുഎസിനും പദ്ധതിയുണ്ട്, കാനഡയും 20,000 അഫ്ഗാൻ അഭയാർത്ഥികളെ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.