എം.എല്‍.എ പി.വി. അന്‍വറിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ പാര്‍ക്കിലെ തടയണകള്‍ ഒരു മാസത്തിനകം പൊളിച്ചുമാറ്റാന്‍ കോഴിക്കോട് ജില്ല കലക്ടറുടെ ഉത്തരവ്
എം.എല്‍.എ പി.വി. അന്‍വറിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ പാര്‍ക്കിന് വേണ്ടി നിര്‍മിച്ച തടയണകള്‍ ഒരു മാസത്തിനകം പൊളിച്ചുമാറ്റാന്‍ കോഴിക്കോട് ജില്ല കലക്ടറുടെ ഉത്തരവ്. സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് പി.വി.ആര്‍ നാച്വര്‍…
;എം.എല്‍.എ പി.വി. അന്‍വറിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ പാര്‍ക്കിന് വേണ്ടി നിര്‍മിച്ച തടയണകള്‍ ഒരു മാസത്തിനകം പൊളിച്ചുമാറ്റാന്‍ കോഴിക്കോട് ജില്ല കലക്ടറുടെ ഉത്തരവ്. സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് പി.വി.ആര്‍ നാച്വര്‍ റിസോര്‍ട്ടിന് വേണ്ടി നിര്‍മിച്ച നാല് തടയണകളാണ് പൊളിച്ച് നീക്കാന്‍ ഉത്തരവിട്ടത്. കലക്ടര്‍ക്കെതിരെ ഹൈക്കോടതി കോടതിയലക്ഷ്യ നടപടി തുടങ്ങിയതിന് പിന്നാലെയാണ് ഇത്തരമൊരു നീക്കം ഉണ്ടായിരിക്കുന്നത്.
കേരള നദീസംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി ടി.വി. രാജന്‍ നല്‍കിയ ഹര്‍ജിയില്‍ തടയണ പൊളിക്കണമെന്ന് ഹൈകോടതി നിര്‍ദേശം നല്‍കിയിരുന്നു. നിയമം ലംഘിച്ച് നിര്‍മ്മിച്ച തടയണകളും വില്ലകളും പൊളിച്ചുനീക്കണമെന്ന രാജന്റെ ഹര്‍ജി പരിഗണിച്ച് രണ്ടു മാസത്തിനകം കോഴിക്കോട് കലക്ടര്‍ തീരുമാനമെടുക്കാനാണ് കഴിഞ്ഞ ഡിസംബറില്‍ ഹെെക്കോടതി ഉത്തരവിട്ടത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും കളക്ടര്‍ നടപടിയെടുക്കാഞ്ഞതിനെ തുടര്‍ന്ന് ഹെെക്കോടതി കോടതി അലക്ഷ്യ നോട്ടീസ് അയക്കുകയായിരുന്നു. പാര്‍ക്ക് ഉടമകള്‍ തടയണ പൊളിക്കാന്‍ തയ്യാറായില്ലെങ്കില്‍ കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി തടയണ പൊളിച്ച് അതിന്‍റെ ചെലവ് ഉടമകളില്‍നിന്ന് ഈടാക്കണമെന്നും ഇപ്പോള്‍ കളക്ടര്‍ പുറത്തിറക്കിയ ഉത്തരവില്‍ നിര്‍ദേശമുണ്ട്.