കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള നോളജ് സിറ്റി നിര്‍മ്മാണത്തില്‍ വന്‍ ക്രമക്കേട് !

കോഴിക്കോട്: അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള നോളജ് സിറ്റി നിര്‍മ്മാണത്തില്‍ വന്‍ ക്രമക്കേട്. മര്‍കസ് നോളജ്…

By :  Editor
Update: 2021-10-24 13:08 GMT

കോഴിക്കോട്: അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള നോളജ് സിറ്റി നിര്‍മ്മാണത്തില്‍ വന്‍ ക്രമക്കേട്. മര്‍കസ് നോളജ് സിറ്റിയുടെ പേരില്‍ കോഴിക്കോട് കോടഞ്ചേരിയില്‍ തോട്ടഭൂമി തരം മാറ്റി അനധികൃത നിര്‍മ്മാണം നടത്തുകയാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പദ്ധതി പ്രദേശത്തിന്റെ ഭൂരിഭാഗവും തോട്ടഭൂമിയിലാണെന്ന് റവന്യൂ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിത് ചൂണ്ടിക്കാട്ടിയാണ് വാര്‍ത്ത. ഉന്നതരുടെ സംരക്ഷണമുള്ളതിനാല്‍ ഭൂമി തരം മാറ്റുന്നതിന് തടസങ്ങളില്ലെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നു.

1964ല്‍ കേരള സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂപരിഷ്‌കരണ നിയമപ്രകാരം തോട്ടഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കരുത് എന്നുണ്ട്. തോട്ടഭൂമി തരം മാറ്റിയാല്‍ അത് മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് ഭൂപരിഷ്‌കരണ നിയമത്തിലെ സെക്ഷന്‍ 87ല്‍ വ്യക്തമാക്കുന്നത്. 3,000 കോടി രൂപ ചെലവില്‍ കോഴിക്കോട്ടെ മലയോര ഗ്രാമമായ കൈതപ്പൊയിലില്‍ എന്ന സ്ഥലത്താണ് നോളജ് സിറ്റി ടൗണ്‍ ഷിപ്പ് നടപ്പാക്കുന്നത്. 2012 ഡിസംബര്‍ 24-നാണ് പദ്ധതി ഉദ്ഘാടനം നടന്നത്. 2013ല്‍ നിര്‍മ്മാണം ആരംഭിച്ചു. പരിസ്ഥിതി ദുര്‍ബല പ്രദേശത്താണ് നോളജ് സിറ്റിയുടെ നിര്‍മ്മാണം നടക്കുന്നതെന്ന് കാണിച്ച് പൊതുപ്രവര്‍ത്തകന്‍ അഡ്വ. കെ സവാദ് നല്‍കിയ ഹര്‍ജിയേത്തുടര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി നിര്‍ത്തിവെയ്ക്കാന്‍ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു. 2015ലായിരുന്നു ഇത്. ഭൂമി പാട്ടത്തിന് നല്‍കിയ കുടുംബവും നിയമലംഘനങ്ങള്‍ക്കെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്.

ആലിഫ് ഗ്ലോബല്‍ സ്‌കൂള്‍ 2019 ജൂലൈയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. മര്‍കസ് നോളജ് സിറ്റി പുതിയ തലമുറയെ ആഗോള പൗരന്‍മാരാക്കുകയാണെന്ന് മുഖ്യമന്ത്രി ഉദ്ഘാടനത്തിനിടെ പ്രസ്താവിച്ചിരുന്നു. നഴ്സിംഗ്, മെഡിക്കല്‍, ഫാര്‍മസ്യൂട്ടിക്കല്‍ കോളെജുകള്‍, ഗവേഷണ സൗകര്യങ്ങള്‍ എന്നിവയുള്ള ഹെല്‍ത്ത് സിറ്റിയും നിര്‍മ്മിക്കുന്നുണ്ട്. ഇസ്ലാമിക പഠനത്തിനും അറബിക് ഭാഷയ്ക്കും പ്രാമുഖ്യം നല്‍കുന്ന ശരിയ സിറ്റി, ഷോപ്പിംഗ് മാളുകള്‍, ശരിയ നിയമപ്രകാരമുള്ള സ്റ്റാര്‍ ഹോട്ടലുകള്‍ എന്നിവയടങ്ങിയ കൊമേഴ്സ്യല്‍ സിറ്റിയും ഇവിടെയുണ്ടാവും. വില്ലകളും അപ്പാര്‍ട്ടുമെന്റുകളുമുള്ള ഹെറിറ്റേജ് സിറ്റിയും ഉള്‍പ്പെടുന്നു. ഒരു ഇന്റര്‍നാഷണല്‍ സ്‌കൂളും ടൗണ്‍ ഷിപ്പിലുണ്ട്.

👉 വാർത്തകൾക്ക്‌ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക ▅

Tags:    

Similar News