സ്വപ്‌നയുടെ ശബ്ദ സന്ദേശം പ്രചരിപ്പിച്ച പോലീസുകാര്‍ക്കെതിരെ ഇ.ഡി അന്വേഷണം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍  ഇ.ഡിയെ വിരട്ടാന്‍ സ്വപ്‌നയുടെ ശബ്ദസന്ദേശം പ്രചരിപ്പിച്ച സംഭവത്തിൽ പോലീസുദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ഉണ്ടായേക്കും. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ തന്നെ നിര്‍ബന്ധിക്കുന്നുവെന്ന് പറയുന്ന ശബ്ദസന്ദേശം തന്റേതാണെന്ന്…

By :  Editor
Update: 2022-02-09 02:51 GMT

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഇ.ഡിയെ വിരട്ടാന്‍ സ്വപ്‌നയുടെ ശബ്ദസന്ദേശം പ്രചരിപ്പിച്ച സംഭവത്തിൽ പോലീസുദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ഉണ്ടായേക്കും. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ തന്നെ നിര്‍ബന്ധിക്കുന്നുവെന്ന് പറയുന്ന ശബ്ദസന്ദേശം തന്റേതാണെന്ന് സ്വപ്‌ന വെളിപ്പെടുത്തിയതോടെ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച പോലീസുകാര്‍ക്കെതിരെ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണമുണ്ടായേക്കും.

ഇ.ഡിയുടെ കസ്റ്റഡിയിലിരിക്കെയാണു 2020 ഡിസംബറില്‍ സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിക്കോ സര്‍ക്കാരിനോ പങ്കില്ലെന്ന സ്വപ്നയുടെ ശബ്ദസന്ദേശം പുറത്തുവന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ആ ശബ്ദസന്ദേശം താനാണു റെക്കോര്‍ഡ് ചെയ്തു പുറത്തുവിട്ടതെന്നും ശിവശങ്കര്‍ അടക്കമുള്ളവരുടെ നിര്‍ദേശ പ്രകാരമായിരുന്നു അതെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഇതാണ് ഇപ്പോള്‍ അന്വേഷണത്തിന് വഴിവെച്ചത്.ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന സ്വപ്ന സുരേഷിന്റെ ശബ്ദം റിക്കോര്‍ഡ് ചെയ്തു പ്രചരിപ്പിച്ചത് ജയില്‍ ചട്ടത്തിന്റെ ലംഘനമാണെന്നും വേണമെങ്കില്‍ സിബിഐ അന്വേഷണം ഹൈക്കോടതിയില്‍ ആവശ്യപ്പെടാമെന്നും ഇ.ഡിക്ക് മുൻപ് നിയമോപദേശം ലഭിച്ചിരുന്നു. പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ ഇഡി തയ്യാറായേക്കുമെന്നാണ് സൂചന.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

കേരള പൊലീസ് അസോസിയേഷന്റെ എറണാകുളം ജില്ലാ ഭാരവാഹിയായ വനിതാ കോണ്‍സ്റ്റബിളും പാലാരിവട്ടം സ്റ്റേഷനിലെ മറ്റൊരു വനിതാ കോണ്‍സ്റ്റബിളുമായിരുന്നു സ്വപ്നയ്ക്ക് എസ്‌കോര്‍ട്ട് ഡ്യൂട്ടി പോയിരുന്നത്. ഇവരറിയാതെ ഇത്തരമൊരു ശബ്ദരേഖ പുറത്തുവരില്ലെന്നിരിക്കെ ഇവര്‍ക്കെതിരെ പ്രാഥമിക അന്വേഷണം നടന്നേക്കും. കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷന്റെ സംസ്ഥാന ഭാരവാഹിക്കും ഇതില്‍ പങ്കുണ്ടെന്നാണ് വിവരം. സ്വപ്‌നയുടെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ശിവശങ്കറിനെതിരെയും പോലീസുകാര്‍ക്കെതിരെയുമാകും അന്വേഷണം നടക്കുക. സ്വപ്‌നയുടെ ശബ്ദസന്ദേശം പുറത്തുവന്നത് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയായിരിക്കുമെന്ന് സംസ്ഥാന ഇന്റലിജന്‍സ് നേരത്തെ സര്‍ക്കാരിന് വിവരം നല്‍കിയിരുന്നു. അങ്ങനെയെങ്കില്‍ ഇ.ഡിയെ വിരട്ടാന്‍ ചെയ്ത ശ്രമങ്ങള്‍ തിരിഞ്ഞുകൊത്തിയ അവസ്ഥയിലായി മാറും. ഇ.ഡിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മിഷനെ വരെ നിയോഗിച്ചിരുന്നു. അന്വേഷണം നടന്നാല്‍ ആഭ്യന്തര വകുപ്പും സിപിഎമ്മും പ്രതിരോധത്തിലാകും.

Tags:    

Similar News