യു.പി; 17 ജില്ലകളില്‍ അക്രമസംഭവങ്ങള്‍ക്ക് സാധ്യതയെന്ന് ഐബി റിപ്പോര്‍ട്ട്
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ അക്രമസംഭവങ്ങള്‍ക്ക് സാധ്യതയുള്ള ജില്ലകളെ സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്റലിജന്‍സ് ബ്യൂറോ യുപി ആഭ്യന്തര വകുപ്പിന് സമര്‍പ്പിച്ചു. യു.പിയിലെ 17…
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ അക്രമസംഭവങ്ങള്‍ക്ക് സാധ്യതയുള്ള ജില്ലകളെ സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്റലിജന്‍സ് ബ്യൂറോ യുപി ആഭ്യന്തര വകുപ്പിന് സമര്‍പ്പിച്ചു. യു.പിയിലെ 17 ജില്ലകളിലും അക്രമസംഭവങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. സഹാറന്‍പൂര്‍, സംഭാല്‍, മീററ്റ്, ബിജ്നോര്‍, ജൗന്‍പൂര്‍, അസംഗഢ്, കാന്‍പൂര്‍, മൊറാദാബാദ് എന്നിവയാണ് വലിയ തോതില്‍ അക്രമത്തിനും കലാപങ്ങള്‍ക്കും സാധ്യതയുള്ള പ്രധാന ജില്ലകള്‍. ഐബി റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
പരാജയപ്പെടുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് പാര്‍ട്ടിപ്രവര്‍ത്തകരെ വലിയ രീതിയില്‍ അക്രമത്തിന് പ്രേരിപ്പിക്കാന്‍ കഴിയുമെന്ന് ഐബി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് യുപി ആഭ്യന്തര വകുപ്പും യുപി പൊലീസും കനത്ത ജാഗ്രതയിലാണ്. ഈ മേഖലകളില്‍ പൊലീസ് സേനയെയും വിന്യസിച്ചിട്ടുണ്ട്.
വോട്ടെണ്ണലില്‍ പിന്നാക്കം നില്‍ക്കുന്ന സ്ഥാനാര്‍ത്ഥികള്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ കുപ്രചാരണങ്ങള്‍ നടത്തി അവരെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തിന്റെ അന്തരീക്ഷം ഒരു സാഹചര്യത്തിലും മോശമാകരുതെന്നും അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും എല്ലാ ജില്ലകളിലെയും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് നിര്‍ദേശം നല്‍കി.