മലപ്പുറത്തെ ബസ്സപകടം ; വിജിയെ മരണം കവർന്നെടുത്തത് ജന്മദിനത്തിൽ; നഴ്സായ യുവതിയുടെ അകാലവിയോ​ഗത്തിൽ നടുങ്ങി നാട്

മലപ്പുറം: കഴിഞ്ഞ ദിവസം കൊണ്ടോട്ടിയിൽ വാഹനാപകടത്തിൽ മരിച്ച നഴ്സിന്റെ അപ്രതീക്ഷിത വിയോ​ഗത്തിൽ നടുങ്ങി നാട്ടുകാരും ബന്ധുക്കളും സഹപ്രവർത്തകരും. മൊറയൂർ ഒഴുകൂർ നെരവത്ത് ചൂലൻവീട്ടിൽ സുജീഷിന്റെ ഭാര്യ വിജി(26)…

By :  Editor
Update: 2022-03-23 23:37 GMT

മലപ്പുറം: കഴിഞ്ഞ ദിവസം കൊണ്ടോട്ടിയിൽ വാഹനാപകടത്തിൽ മരിച്ച നഴ്സിന്റെ അപ്രതീക്ഷിത വിയോ​ഗത്തിൽ നടുങ്ങി നാട്ടുകാരും ബന്ധുക്കളും സഹപ്രവർത്തകരും. മൊറയൂർ ഒഴുകൂർ നെരവത്ത് ചൂലൻവീട്ടിൽ സുജീഷിന്റെ ഭാര്യ വിജി(26) വാഹനാപകടത്തിൽ മരിച്ചത് തന്റെ ജന്മദിനത്തിലാണ് എന്നത് ദുഖത്തിന്റെ ആഴം കൂട്ടുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നഴ്സിങ് ഓഫിസറായ വിജി ആശുപത്രിയിലേക്ക് പോകുംവഴിയാണ് അപകടത്തിൽപെടുന്നത്.

ഇന്നലെ രാവിലെ ആറോടെയാണ് കൊണ്ടോട്ടി ടൗണിനു സമീപം അപകടമുണ്ടായത്. മലപ്പുറം ഭാഗത്തേക്കു പോകുകയായിരുന്ന ലോറി ബൈപാസിലെ ഡിവൈഡർ മറികടന്നെത്തിയാണ് ബസിൽ ഇടിച്ചത്. ഭർത്താവ് മൊറയൂരിൽനിന്നു ബസ് കയറ്റിവിട്ട് 10 മിനിറ്റിനുള്ളിലായിരുന്നു അപകടം. ബൈപ്പാസ് റോഡിൽ പെടോൾപ്പമ്പിന് സമീപം ബുധനാഴ്ച രാവിലെ ആറുമണിയോടെയാണ് അപകടം. മഞ്ചേരിയിൽനിന്ന് കോഴിക്കോട്ടേക്ക് പോയ ബസിൽ മലപ്പുറം ഭാഗത്തേക്കുവന്ന ലോറി ഇടിക്കുകയായിരുന്നു.

മറിഞ്ഞ ബസിനുള്ളിൽനിന്നു യാത്രക്കാരെ രക്ഷപ്പെടുത്തി സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഉള്ളിൽ കുടുങ്ങിയ വിജിയെ ബസ് ഉയർത്തിയ ശേഷമാണു പുറത്തെടുക്കാനായത്.

ഗുരുതര പരുക്കുകളോടെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അഞ്ചു മാസം മുൻപായിരുന്നു വിജിയും പോസ്റ്റ് ഓഫിസ് ജീവനക്കാരനായ സുജീഷും തമ്മിലുള്ള വിവാഹം. വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കുനിയിലിന്റെ മകളാണു വിജി. അമ്മ: ദേവകി. സഹോദരങ്ങൾ: ഷിജിറിയ, ലിജി.

Tags:    

Similar News