ഇന്ന് മുതൽ മരുന്നുകൾക്ക് വില കൂടും, പാരസെറ്റമോളിന് 1.01 രൂപ
തിരുവനന്തപുരം: സാമൂഹികവും സാമ്പത്തികവും പൊതുജനാരോഗ്യവും ഉൾപ്പെടെ മേഖലകളിൽ നിത്യജീവിതത്തെ ബാധിക്കുന്ന അനേകം മാറ്റങ്ങളുമായി പുതിയ സാമ്പത്തികവർഷത്തിന് ഇന്നു തുടക്കം. ഇതിന്റെ ഭാഗമായി ജീവൻരക്ഷയ്ക്കുള്ളത് ഉൾപ്പെടെ മരുന്നുകൾക്ക് ഇന്നു…
തിരുവനന്തപുരം: സാമൂഹികവും സാമ്പത്തികവും പൊതുജനാരോഗ്യവും ഉൾപ്പെടെ മേഖലകളിൽ നിത്യജീവിതത്തെ ബാധിക്കുന്ന അനേകം മാറ്റങ്ങളുമായി പുതിയ സാമ്പത്തികവർഷത്തിന് ഇന്നു തുടക്കം. ഇതിന്റെ ഭാഗമായി ജീവൻരക്ഷയ്ക്കുള്ളത് ഉൾപ്പെടെ മരുന്നുകൾക്ക് ഇന്നു മുതൽ വില കൂടും.
വില നിയന്ത്രണമുള്ള മരുന്നുകൾക്ക് 10.76% വരെയുള്ള റെക്കോർഡ് വിലവർധനയാണ് ഇന്നു നിലവിൽ വരുന്നത്. പാരസെറ്റമോളിന് ഗുളിക ഒന്നിന് (500 മില്ലിഗ്രാം) 0.91 രൂപയെന്നത് 1.01 രൂപ വരെയാകാം. 871 രാസഘടകങ്ങളുടെ വില കൂടിയതോടെയാണ് അവ ചേർത്ത് നിർമിക്കുന്ന മരുന്നുകളുടെ വില വർധിച്ചത്. ഇതോടെ 30000 മുതൽ 40000വരെ മരുന്നുകളുടെ വിലയാണ് കൂടുന്നത്. അവശ്യമരുന്നുകളുടെ പട്ടികയിലുള്ള ആന്റിബയോട്ടിക്കുകൾ, വൈറ്റമിൻ - മിനറൽ ഗുളികകൾ, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള മരുന്നുകളുടെ വിലയും ഉയർന്നു
വിപണി വിലയുടെ അടിസ്ഥാനത്തിലുള്ള വില നിശ്ചയിക്കൽ അനുസരിച്ചാണ് മരുന്ന് നിർമാണത്തിനുള്ള പാരസെറ്റമോൾ അടക്കം 871 രാസഘടകങ്ങൾക്ക് വില കൂട്ടിയത്. ഉല്‍പാദന ചെലവിന് ആനുപാതികമായി മരുന്ന് വില നിശ്ചയിക്കണമെന്ന ആവശ്യം വർഷങ്ങൾ ആയി ഉണ്ട് . അങ്ങനെ വന്നാല്‍ മരുന്ന് വില കുറയും.5000 കോടി യിലേറെ മരുന്ന് ഉപഭോഗം ആണ് ഒരു വർഷം രാജ്യത്ത് നടക്കുന്നത് , രാജ്യത്തെ മരുന്ന് വിപണിയുടെ 17ശതമാനവും കേരളത്തിലായതിനാല്‍ പുതിയ നടപടി ഏറ്റവും ദോഷകരമായി ബാധിക്കുക കേരളത്തെ തന്നെയാണ്
പനി, അലർജി, ഹൃദ്രോഗം, ത്വക് രോഗം, വിളർച്ച എന്നിവയ്ക്ക് നൽകി വരുന്ന അസിത്രോമൈസിൻ, സിപ്രോഫ്ലോക്സാസിൻ ഹൈഡ്രോക്ലോറൈഡ്, മെട്രോനിഡാസോൾ തുടങ്ങി മരുന്നുകളുടെ വിലയും കൂടി. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവിന്റെ ഓഫീസ് നൽകിയ ഡബ്ല്യുപിഐ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് പുതിയ മാറ്റം.പുതിയ റേറ്റ് രേഖപ്പെടുത്തിയ മരുന്ന് വിപണിയിലെത്തുവരെ ചില മരുന്നുകൾക്കെങ്കിലും ക്ഷാമം നേരിടാനുള്ള സാധ്യതയും ഉണ്ട്.
2013ലെ ഡ്രഗ്‌സ് (വില നിയന്ത്രണ) ഉത്തരവിലെ വ്യവസ്ഥകൾ പ്രകാരമുള്ള തുടർനടപടികൾക്കായി ഇത് ബന്ധപ്പെട്ട എല്ലാവരുടെയും ശ്രദ്ധയിൽപ്പെടുത്തുകയാണെന്ന് നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ്ങ്‌അതോറിറ്റി നോട്ടീസിൽ പറയുന്നു. മരുന്ന് വില പുതുക്കുന്നതോടെ പനി, അണുബാധ, ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, ത്വക്ക് രോഗങ്ങള്‍, വിളര്‍ച്ച തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ വില കൂടും. കോവിഡ് ചികിത്സയ്ക്കുപയോഗിക്കുന്ന മരുന്നുകള്‍ക്കും വില കൂടും.