ഷവര്‍മ കഴിച്ച് വിദ്യാര്‍ഥിനി മരിച്ച സംഭവം: രണ്ടുപേര്‍ അറസ്റ്റില്‍; കൂൾബാറിന്റെ വാൻ കത്തിയ നിലയിൽ
കാസര്‍കോട്: ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ചെറുവത്തൂര്‍ ഐഡിയല്‍ ഫുഡ്‌പോയിന്റ് മാനേജിങ് പാട്ണർ മംഗളൂരു സ്വദേശി അനക്‌സ്, ഷവര്‍മയുണ്ടാക്കിയ നേപ്പാള്‍ സ്വദേശി…
കാസര്‍കോട്: ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ചെറുവത്തൂര്‍ ഐഡിയല്‍ ഫുഡ്‌പോയിന്റ് മാനേജിങ് പാട്ണർ മംഗളൂരു സ്വദേശി അനക്‌സ്, ഷവര്‍മയുണ്ടാക്കിയ നേപ്പാള്‍ സ്വദേശി സന്ദേശ് റായ് എന്നിവരെയാണ് ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്. മനഃപൂര്‍വമല്ലാത്ത നരഹത്യ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. ഇതിനു പുറമെ വിദേശത്തുള്ള കടയുടമ മുഹമ്മദിനെ വിളിച്ചു വരുത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
വിദ്യാർഥിനി മരിച്ചതിനെ തുടർന്ന് ബസ് സ്റ്റാൻഡ് പരിസരത്തെ ഐഡിയല്‍ ഫുഡ്‌പോയിന്റ് എന്ന സ്ഥാപനം ജില്ലാ ഭരണകൂടം ഇടപെട്ട് അടപ്പിച്ചിരുന്നു. ഐഡിയല്‍ ഫുഡ്‌പോയിന്റെ വടക്കു ഭാഗത്ത് റോഡിനോട് ചേർന്ന് നിർത്തിയിട്ടിരുന്ന വാഹനം തീവച്ച് നശിപ്പിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലും അന്വേഷണം പുരോഗമിക്കുകയാണ്. ആരാണ് വാന്‍ കത്തിച്ചത് എന്ന് സൂചനയില്ല.
കഴിഞ്ഞദിവസമാണ് ചെറുവത്തൂരിലെ ഐഡിയല്‍ ഫുഡ്‌പോയിന്റില്‍നിന്ന് ഷവര്‍മ കഴിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥിനി ദേവനന്ദ(16) ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്. ഷവര്‍മ കഴിച്ച മറ്റു 17 വിദ്യാര്‍ഥികളെ ശാരീരികാസ്വാസ്ഥ്യങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.