ബാർ അസോസിയേഷൻ നടത്തിയ ഇഫ്താർ സംഗമത്തിൽ ഭക്ഷ്യവിഷബാധ: വയനാട്ടിലെ ഹോട്ടലുകളിൽ പരിശോധന

മാനന്തവാടി: വിനോദ സഞ്ചാരികൾക്ക് ഭക്ഷ്യവിഷബാധയുണ്ടായ സംഭവത്തിന് പിന്നാലെ വയനാട്ടിൽ മറ്റിടങ്ങളിലും ഭക്ഷ്യവിഷബാധയുണ്ടായെന്ന വിവരങ്ങൾ പുറത്തു വരികയാണ്. മാനന്തവാടിയിൽ ബാർ അസോസിയേഷൻ നടത്തിയ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തവർക്ക് ദേഹാസ്വാസ്ഥ്യം…

By :  Editor
Update: 2022-05-05 01:29 GMT

മാനന്തവാടി: വിനോദ സഞ്ചാരികൾക്ക് ഭക്ഷ്യവിഷബാധയുണ്ടായ സംഭവത്തിന് പിന്നാലെ വയനാട്ടിൽ മറ്റിടങ്ങളിലും ഭക്ഷ്യവിഷബാധയുണ്ടായെന്ന വിവരങ്ങൾ പുറത്തു വരികയാണ്. മാനന്തവാടിയിൽ ബാർ അസോസിയേഷൻ നടത്തിയ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. സംഭവത്തിൽ അഭിഭാഷകർ ഉൾപ്പെടെയുള്ളവർ ചികിത്സ തേടി.

ഏപ്രിൽ 30ന് മാനന്തവാടി ബാർ അസോസിയേഷൻ നടത്തിയ സംഗമത്തിൽ മജിസ്ട്രേറ്റുമാർ ഉൾപ്പെടെ അൻപതോളം പേരാണ് പങ്കെടുത്തത്. ഇതിൽ കുട്ടികൾ ഉൾപ്പെടെയുള്ള ഇരുപതിലധികം പേരാണ് മാനന്തവാടിയിലെ വിവിധ ആശുപത്രികളിൽ വിവിധ ദിവസങ്ങളായി ചികിത്സ തേടിയത്. പരിശോധനയിലാണ് ഭക്ഷ്യവിഷബാധയെന്ന് സ്ഥിരീകരിച്ചത്. മാനന്തവാടിയിലെ ഒരു ഹോട്ടലിലാണ് സംഘാടകർ ഭക്ഷണം ഏർപ്പാടാക്കിയിരുന്നത്. അതേസമയം, സംഭവം മൂടിവെക്കാൻ ശ്രമിച്ച അസോസിയേഷൻ ഭാരവാഹികളുടെ നിലപാടിൽ അഭിഭാഷകർക്കിടയിൽ തന്നെ ഭിന്നത ഉടലെടുത്തതായി സൂചനയുണ്ട്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്ന് വയനാട്ടിലെത്തിയ വിനോദ സഞ്ചാരികൾക്ക് ഭക്ഷ്യ വിഷബാധയേറ്റിരുന്നു. ഈ സംഭവത്തിൽ കമ്പളക്കാട്ടെ ഹോട്ടൽ ആരോഗ്യ വകുപ്പ് അധികൃതർ അടപ്പിച്ചു. ഇവിടെ നിന്ന് പഴകിയ ഭക്ഷണപദാർഥങ്ങളും പിടിച്ചെടുത്തിരുന്നു. ഈ സംഭവത്തിലെ നടപടികൾ തുടരുകയാണ്. ഇതിന്റെ ഭാഗമായി ഇന്ന് മേപ്പാടിയിലെ ഹോട്ടലുകളിൽ അധികൃതരെത്തി പരിശോധന നടത്തി. ശുചിത്വമില്ലായ്മ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരും.

Tags:    

Similar News