`ആരെങ്കിലും അടുത്തു വന്നാൽ ഞാൻ വീടിനു തീയിടും`; എട്ടാം ക്ലാസുകാരന്റെ ഭീഷണിയിൽ ഞെട്ടി പോലീസ്; കുട്ടി അക്രമാസക്തനാകാൻ കാരണം ഓൺലൈൻ ഗെയിം
തൃശൂർ: ഫോണിൽ നിന്നും അമ്മ ഗെയിം ഡിലീറ്റ് ചെയ്തതോടെ അക്രമാസക്തനായി എട്ടാം ക്ലാസ്സുകാരൻ. വീടിനു തീയിടുമെന്ന ഭീഷണിയുടെ തീപ്പെട്ടി തിരയുന്ന കുട്ടിയെ കണ്ടപ്പോൾ പോലീസ് പോലും ഞെട്ടി.…
തൃശൂർ: ഫോണിൽ നിന്നും അമ്മ ഗെയിം ഡിലീറ്റ് ചെയ്തതോടെ അക്രമാസക്തനായി എട്ടാം ക്ലാസ്സുകാരൻ. വീടിനു തീയിടുമെന്ന ഭീഷണിയുടെ തീപ്പെട്ടി തിരയുന്ന കുട്ടിയെ കണ്ടപ്പോൾ പോലീസ് പോലും ഞെട്ടി. ‘ആരെങ്കിലും അടുത്തു വന്നാൽ ഞാൻ വീടിനു തീയിടും..’ എന്ന് പറഞ്ഞുകൊണ്ടേയിരുന്നു കുട്ടിയുടെ പ്രകടനം. വീട്ടുസാധനങ്ങൾ വാരിവലിച്ചിട്ടു മണ്ണെണ്ണയൊഴിച്ച ശേഷം തീപ്പെട്ടി തിരഞ്ഞു നടന്നു കൊണ്ട് എട്ടാം ക്ലാസുകാരൻ അക്ഷരാർത്ഥത്തിൽ എല്ലാവരെയും ഞെട്ടിച്ച് കളഞ്ഞു. ഓൺലൈൻ ഗെയിമായ ‘ഫ്രീഫയർ’ മൊബൈൽ ഫോണിൽ നിന്ന് അമ്മ ഡിലീറ്റ് ചെയ്തതിന്റെ ദേഷ്യത്തിലായിരുന്നു കുട്ടിയുടെ പരാക്രമം.
വടക്കാഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസമാണു സംഭവം. പരിഭ്രാന്തി സൃഷ്ടിച്ച സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ: വിദേശത്തു ജോലി ചെയ്യുന്ന അച്ഛൻ പഠനാവശ്യത്തിനും മറ്റുമായി വാങ്ങി നൽകിയ മൊബൈൽ ഫോണിൽ മകൻ ഫ്രീഫയർ അടക്കമുള്ള ഓൺലൈൻ ഗെയിമുകൾ ഡൗൺലോഡ് ചെയ്തു കളിക്കുന്നതു പതിവാക്കി. മുറിയടച്ചിട്ടു മുഴുവൻ സമയവും ഗെയിം കളിക്കുന്ന രീതിയിലേക്കു മാറിയതോടെ കുട്ടി പഠനത്തിലും പിന്നാക്കമായി.
ഇതോടെ വീട്ടുകാർ ഇടപെട്ടു കൗൺസലിങ്ങിനു വിധേയനാക്കി. എന്നാൽ, ഏറെനാൾ കഴിയും മുൻപേ കുട്ടി വീണ്ടും ഗെയിമിങ്ങിലേക്കു തിരിഞ്ഞു. ഊണും ഉറക്കവുമില്ലാതെ ഗെയിമിങ് തുടർന്നതോടെ വീട്ടുകാർ ഫോൺ വാങ്ങി ഗെയിം ഡിലീറ്റ് ചെയ്തു. കോപാകുലനായ കുട്ടി അടുക്കളയിൽ നിന്നു മണ്ണെണ്ണയെടുത്തു വീടിനകത്തു മുഴുവൻ ഒഴിച്ച ശേഷം കത്തിക്കാനൊരുങ്ങി. അമ്മ വിവരമറിയിച്ചതനുസരിച്ചു വടക്കാഞ്ചേരി സ്റ്റേഷനിലെ സീനിയർ സിപിഒ കെ.എസ്. സജിത്ത്മോൻ, ഹോം ഗാർഡ് കെ. സന്തോഷ് എന്നിവർ സ്ഥലത്തെത്തി. ഇതോടെ കുട്ടി ശുചിമുറിയിൽ കയറി കതക് അടച്ചു. കുട്ടിയോടു ദീർഘനേരം സംസാരിച്ച പൊലീസ് സംഘം, ‘ഗെയിം റിക്കവർ ചെയ്തു നൽകാം’ എന്നു വാഗ്ദാനം ചെയ്തതിനു ശേഷമാണു കുട്ടി പുറത്തിറങ്ങാൻ തയാറായത്. കുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു കൗൺസലിങ്ങിനു വിധേയനാക്കി. കുട്ടി സ്വാഭാവിക നിലയിലേക്കു മടങ്ങിയെത്തി.