മതവിദ്വേഷ പ്രസംഗം: പി.സി.ജോർജിന്റെ ജാമ്യം റദ്ദാക്കി
തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പൂഞ്ഞാർ മുൻ എംഎൽഎ പി.സി.ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് (രണ്ട്)…
തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പൂഞ്ഞാർ മുൻ എംഎൽഎ പി.സി.ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് (രണ്ട്) വിധി പറഞ്ഞത്. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
പി.സി.ജോർജ് വിദ്വേഷ പ്രസംഗം നടത്തിയതിന്റെ തെളിവായി പൊലീസ് സമർപ്പിച്ച സിഡി കോടതി നേരത്തെ പരിശോധിച്ചിരുന്നു. പി.സി.ജോർജ് എറണാകുളം വെണ്ണല ക്ഷേത്രത്തിൽ നടത്തിയ പ്രസംഗമാണ് സിഡിയിൽ ഉണ്ടായിരുന്നത്. ഭരണഘടന അനുവദിച്ചിട്ടുള്ള സ്വാതന്ത്ര്യം ഉപയോഗിച്ചാണ് പ്രസംഗിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതെന്നും മത വിദ്വേഷ പ്രസംഗം നടത്തിയിട്ടില്ലെന്നും പി.സി.ജോർജിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. സാമൂഹിക പ്രതിബദ്ധതയുള്ള വ്യക്തി എന്ന നിലയിലാണ് പ്രസംഗം നടത്തിയത്. അതിനെ മതവിദ്വേഷ പ്രസംഗമായി കണക്കാക്കാൻ കഴിയില്ല. പി.സി.ജോർജിന്റെ ജാമ്യം റദ്ദാക്കാനുള്ള അപേക്ഷ നൽകിയതിനുശേഷമാണ് പാലാരിവട്ടത്തെ പ്രസംഗത്തിന്റെ പേരിൽ പൊലീസ് മറ്റൊരു എഫ്ഐആർ റജിസ്റ്റർ ചെയ്തത്. പൊലീസ് സമ്മർദത്തിലാകുന്നതിന്റെ പേരിലാണ് ഈ നടപടികളെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ, പി.സി.ജോർജ് മത വിദ്വേഷ പ്രസംഗം നടത്തിയെന്നും ജാമ്യ വ്യവസ്ഥകൾ ലംഘിച്ചെന്നും പ്രോസിക്യൂഷൻ വാദിച്ചു.
ഈ മാസം ഒന്നാം തീയതിയാണ് പി.സി.ജോർജിനു കോടതി ജാമ്യം അനുവദിച്ചത്. പൊലീസ് ദുർബലമായ റിപ്പോര്‍ട്ട് സമർപിച്ചതിനെ തുടർന്നാണ് ജാമ്യം അനുവദിക്കുന്നതെന്നു ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (പന്ത്രണ്ട്) ജഡ്ജി ആശ കോശിയുടെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു പി.സി.ജോർജിന്റെ വിവാദ പരാമർശം.