കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗബാധ ഏഴ് വയസുകാരന്
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. ഏഴ് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മായനാടാണ് സംഭവം. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ…
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. ഏഴ് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മായനാടാണ് സംഭവം. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.
ഏറ്റവും ഒടുവിലായി കാസർകോടായിരുന്നു ഷിഗെല്ല സ്ഥിരീകരിച്ചത്. ചെറുവത്തൂരിൽ ഷവർമ്മ കഴിച്ച് ഭക്ഷ്യവിഷബാധയുണ്ടാവുകയും പിന്നീട് മരണത്തിന് കീഴടങ്ങുകയും ചെയ്ത പെൺകുട്ടിയുടെ ശരീരത്തിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഭക്ഷ്യവിഷബാധയ്‌ക്ക് കാരണമായത് ഷിഗെല്ലായാണെന്നായിരുന്നു കണ്ടെത്തൽ.
ഷിഗെല്ല ബാക്ടീരിയകൾ മനുഷ്യശരീരത്തിലെ കുടലുകളെയാണ് ബാധിക്കുന്നത്. തുടർന്നുണ്ടാകുന്ന അണുബാധയാണ് ഷിഗെല്ലോസിസ്. വയറിളക്കമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് വളരെ പെട്ടെന്ന് രോഗം ബാധിച്ചേക്കാം. കൃത്യമായ സമയത്ത് ചികിത്സ ലഭിച്ചാൽ രോഗത്തെ പ്രതിരോധിക്കാവുന്നതാണ്