'എന്‍റെ ഭാര്യയെ തിരിച്ച് തരാനാകുമോ' -നെഞ്ച് തകർന്ന്, പൊട്ടിത്തെറിച്ച് ദേവസി

തൃശൂർ: 'ഇവർക്ക് മനഃസാക്ഷിയുണ്ടോ? എന്‍റെ ഭാര്യയെ അവർക്ക് തിരിച്ചുതരാൻ പറ്റുമോ'?- കൈയിൽ പണമുണ്ടായിട്ടും ഭാര്യ ഈ നിലയിൽ മരിച്ചത് സഹിക്കാനാവുന്നില്ല. ആവശ്യത്തിന് ഉപകരിക്കുന്നില്ലെങ്കിൽ എന്തിനാണ് പണം?പൊട്ടിത്തെറിച്ചും വിതുമ്പിയും…

;

Update: 2022-07-27 23:03 GMT

തൃശൂർ: 'ഇവർക്ക് മനഃസാക്ഷിയുണ്ടോ? എന്‍റെ ഭാര്യയെ അവർക്ക് തിരിച്ചുതരാൻ പറ്റുമോ'?- കൈയിൽ പണമുണ്ടായിട്ടും ഭാര്യ ഈ നിലയിൽ മരിച്ചത് സഹിക്കാനാവുന്നില്ല. ആവശ്യത്തിന് ഉപകരിക്കുന്നില്ലെങ്കിൽ എന്തിനാണ് പണം?പൊട്ടിത്തെറിച്ചും വിതുമ്പിയും ദേവസി ചോദിച്ചു. 'നിക്ഷേപിച്ച പണം തിരിച്ച് കിട്ടാൻ എത്ര തവണ ഞാൻ കയറിയിറങ്ങി, പണം ചോദിക്കുമ്പോൾ പട്ടിയോടെന്ന പോലെയാണ് പെരുമാറുന്നത്, കുറേ നടന്നു, ഭാര്യ മരിച്ചുവെന്ന് ഞാൻ ബസിൽ വെച്ചാണ് അറിയുന്നത്' -തട്ടിപ്പിന്‍റെ പര്യായമായ കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച പണം തിരിച്ചുകിട്ടാത്ത പലരിൽ ഒരാളായി, ചികിത്സക്കിടെ മരിച്ച ഫിലോമിനയുടെ ഭർത്താവ് 80കാരൻ ദേവസി വറ്റാത്ത കണ്ണീരുമായി നെഞ്ച് തുളക്കുന്ന ചോദ്യങ്ങൾ ഉയർത്തി.

ബാങ്കിൽ തന്‍റെയും ഭാര്യയുടെയും പേരിൽ 30 ലക്ഷത്തിന്‍റെ നിക്ഷേപമുണ്ടായിട്ടും ചികിത്സക്ക് വേണ്ട പണം കിട്ടിയില്ല. തൃശൂർ മെഡിക്കൽ കോളജിൽ ഫിലോമിന മരിച്ചുവെന്ന വിവരം ദേവസി അറിഞ്ഞത് ആശുപത്രിയിലേക്ക് ബസിൽ വരുമ്പോഴാണ്.

വിരമിച്ചപ്പോൾ ഫിലോമിനക്ക് കിട്ടിയതും കേരളത്തിന്‌ പുറത്ത് ഡ്രൈവിങ് തൊഴിൽ ചെയ്ത് ദേവസി സമ്പാദിച്ചതുമായ തുകയാണ് കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ചത്.

പണം ചോദിക്കുമ്പോൾ 'ഇവിടെ പണമില്ല, ഉണ്ടാകുമ്പോൾ തരും' എന്ന് പറഞ്ഞ് മർക്കടമുഷ്ടിയോടെ ജീവനക്കാർ മടക്കുമത്രെ. മകന്‍റെ കാലിന് ശസ്ത്രക്രിയ നടത്താനായി ഒരുപാട് തവണ ശ്രമിച്ച ശേഷമാണ് ഒന്നര ലക്ഷം രൂപ മൂന്ന് തവണയായി കിട്ടിയത്. അതിൽനിന്നുള്ള ബാക്കി പണം കൊണ്ടാണ് ഫിലോമിനയുടെ ചികിത്സ നടത്തിയത്.

80 കഴിഞ്ഞിട്ടും മാപ്രാണത്ത് പെട്ടി ഓട്ടോ ഓടിച്ചാണ് ദേവസി കുടുംബം പോറ്റുന്നത്. അനാരോഗ്യം മൂലം ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ്. സമ്പാദ്യം തിരിച്ചു കിട്ടാൻ പല ഓഫിസുകളിലും കയറിയിറങ്ങി. 'ആരോടാണ് പറയേണ്ടത്? എല്ലാവരും കൈമലർത്തുന്നു.

Tags:    

Similar News