കരുവന്നൂർ ബാങ്ക് തട്ടിപ്പ്: ഫിലോമിന മരിച്ചതിൽ ബാങ്കിനെ ന്യായീകരിച്ച് മന്ത്രി ആർ. ബിന്ദു
തൃശൂർ: കരുവന്നൂര്‍ സഹകരണ ബാങ്കിലെ കോടിക്കണക്കിന് രൂപയുടെ നിക്ഷേപ തട്ടിപ്പിന്റെ 'ഇര'യായ ഫിലോമിന ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ ബാങ്കിനെ ന്യായീകരിച്ച് മന്ത്രി ആർ. ബിന്ദു. ഫിലോമിനയുടെ മൃതദേഹം…
തൃശൂർ: കരുവന്നൂര്‍ സഹകരണ ബാങ്കിലെ കോടിക്കണക്കിന് രൂപയുടെ നിക്ഷേപ തട്ടിപ്പിന്റെ 'ഇര'യായ ഫിലോമിന ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ ബാങ്കിനെ ന്യായീകരിച്ച് മന്ത്രി ആർ. ബിന്ദു. ഫിലോമിനയുടെ മൃതദേഹം ബാങ്കിന് മുന്നിലെത്തിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തിയെന്നാണ് മന്ത്രിയുടെ പ്രതികരണം. മരിച്ച ഫിലോമിനയുടെയും ഭര്‍ത്താവ് ദേവസിയുടെയും കുടുംബത്തിന് അടുത്ത കാലത്ത് ആവശ്യത്തിന് പണം നല്‍കിയെന്നും മന്ത്രി ആർ. ബിന്ദു വ്യക്തമാക്കി.
തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു ഫിലോമിനയുടെ ചികിത്സ. ആധുനിക സംവിധാനങ്ങളെല്ലാം ഇന്ന് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ലഭ്യമാണ്. മരണം ദാരുണമാണ്. അതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ശരിയല്ല. ബാങ്ക് ക്രമക്കേട് വിഷയത്തില്‍ നേരത്തെ ഇടപെട്ടിട്ടുണ്ടെന്നും നിക്ഷേപത്തെ സംരക്ഷിക്കാന്‍ കേരള ബാങ്കുമായി സഹകരിച്ച് പദ്ധതി തയാറാക്കുമെന്നും മന്ത്രി ആർ. ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇന്നലെ, ഫിലോമിനയുടെ മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിന് ശേഷം ആംബുലന്‍സില്‍ ബാങ്കിന് മുന്നിലെത്തിച്ച് ഭര്‍ത്താവ് ദേവസിയും മകന് ഡിനോയും മറ്റ് കുടുംബാംഗങ്ങളും പ്രതിഷേധിച്ചിരുന്നു. കൂടാതെ, ഫിലോമിനയുടെ മരണ വിവരമറിഞ്ഞ് കോണ്‍ഗ്രസും ബി.ജെ.പിയും ബാങ്കിനു മുന്നില്‍ സമരം ആരംഭിക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു.
പ്രതിഷേധക്കാരെ മാറ്റാന്‍ പൊലീസുകാര്‍ ശ്രമിച്ചെങ്കിലും സമരം തുടർന്നു. ഇരിങ്ങാലക്കുട ആര്.ഡി.ഒ സംഭവസ്ഥലത്തെത്തി പ്രതിഷേധക്കാരുമായും ബന്ധുക്കളുമായി ചര്‍ച്ച നടത്തി. മരണാനന്തര ചടങ്ങുകൾക്ക് പണം അനുവദിക്കാതെ സമരത്തില്‍നിന്ന് പിന്മാറില്ലെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു. ഇക്കാര്യം ബാങ്ക് അധികൃതരുമായി ചര്‍ച്ച നടത്തി ധാരണയിലെത്താമെന്ന് അറിയിച്ചതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്.