മാസങ്ങളായുള്ള വാഹനം കത്തിക്കൽ പരമ്പരയുടെ ചുരുളഴിഞ്ഞു: ഒടുവിൽ പ്രതി പിടിയിൽ
Adoor : മാസങ്ങളായി അടൂർ നഗരത്തെ ഭീതിയിലാഴ്ത്തുംവിധം വാഹനം കത്തിക്കൽ പരമ്പര നടത്തുകയും, പൊലീസിനെ വട്ടം ചുറ്റിക്കുകയും ചെയ്ത പ്രതി പൊലീസ് പിടിയിലായി. അടൂർ, അമ്മകണ്ടകര സ്വദേശി…
Adoor : മാസങ്ങളായി അടൂർ നഗരത്തെ ഭീതിയിലാഴ്ത്തുംവിധം വാഹനം കത്തിക്കൽ പരമ്പര നടത്തുകയും, പൊലീസിനെ വട്ടം ചുറ്റിക്കുകയും ചെയ്ത പ്രതി പൊലീസ് പിടിയിലായി. അടൂർ, അമ്മകണ്ടകര സ്വദേശി കലാഭവനിൽ, ശ്രീജിത്തി(25)നെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടു ദിവസം മുമ്പ് പുലർച്ച ചേന്നംപള്ളി ജങ്ഷനിൽ നിർത്തിയിട്ടിരുന്ന ടിപ്പറിന് തീ പിടിച്ചത് വഴിയാത്രക്കാരന്റെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഫയർഫോഴ്സിൽ അറിയിച്ചതാണ് രക്ഷയായത്.
എങ്കിലും ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ബുധനാഴ്ച വെളുപ്പിന് അതേസ്ഥലത്ത്, അപകടത്തിൽപ്പെട്ട് കിടന്ന ഓട്ടോറിക്ഷയും കത്തി നശിച്ചിരുന്നു.
തുടർച്ചയായ തീപിടിത്ത സംഭവങ്ങളിൽ സംശയം തോന്നിയ പൊലീസ് സ്ഥലത്തെ ആരാധനാലയങ്ങളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. പ്രതികൾ എന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങൾ മുൻ കുറ്റവാളികളുടെതുമായി താരതമ്യം ചെയ്ത് പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. മറ്റ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ സംഭവത്തിന് മുമ്പും, ശേഷവും പ്രതികൾ വാഹനം ഉപയോഗിച്ചതായി കാണപ്പെടാത്തതിനാൽ നാട്ടുകാരൻ തന്നെയാകാം പ്രതിയെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിച്ചേർന്നു.
പിന്നീട് നടത്തിയ അന്വേഷണത്തിൽ കൂടുതൽ വ്യക്തമായ സൂചന ലഭിക്കുകയും പ്രതിയിലേക്ക് എത്തുകയുമാണ് ഉണ്ടായത്. ശ്രീജിത്തിനെ ഇയാൾ ജോലി ചെയ്തിരുന്ന സ്ഥലത്തെത്തി സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്ന് നടത്തിയ ചോദ്യം ചെയ്യലിൽ നഗരത്തെ നടുക്കിയ കത്തിക്കൽ പരമ്പരയുടെ ചുരുളഴിഞ്ഞു. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന ബന്ധു രഘുനാഥൻ നായരെ ചോദ്യം ചെയ്തതിൽ ഇയാൾക്കും കൃത്യത്തിൽ പങ്ക് ഉണ്ടെന്ന് കണ്ടെത്തി.
മാസങ്ങൾക്ക് മുമ്പ് അടൂർ പൊലീസ് സ്റ്റേഷന് സമീപമുള്ള റവന്യൂ ടവറിന്റെ മുൻവശത്തെ പഴയ ടൗൺ ഹാളിന്റെ സമീപം കിടന്ന കാർ കത്തിനശിച്ചിരുന്നു. ഇതാണ് കത്തിക്കൽ പരമ്പരയുടെ തുടക്കം. തുടർന്ന് ഇതേ സ്ഥലത്ത് കിടന്ന ആംബുലൻസ്, ടിപ്പർ എന്നിവ കത്തിനശിച്ചു. തുടർന്ന് പൊലീസ് ഇടപെട്ട് സ്ഥലത്ത് സി.സി.ടി.വി, ഫ്ലഡ് ലൈറ്റ് സ്ഥാപിക്കുകയും, രാത്രികാല പട്രോളിങ് ശക്തമാക്കുകയും ചെയ്തു. കുറച്ചുനാൾ മുമ്പ് സെൻറ് മേരീസ് സ്കൂളിന് രണ്ടുവട്ടം
തീയിട്ട സംഭവത്തിലും പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ദിവസങ്ങൾ മുമ്പ് ചേന്നം പള്ളിയിൽ തന്നെ ഒരു ഹിറ്റാച്ചി കത്തിയെങ്കിലും സ്വാഭാവികമായി സംഭവിച്ചതാകാം എന്ന് കരുതി ഉടമസ്ഥൻ പൊലീസിനെ അറിയിച്ചിരുന്നില്ല. ചോദ്യം ചെയ്യലിൽ പ്രതി പത്തോളം കുറ്റകൃത്യങ്ങൾ നടത്തിയതായി സമ്മതിച്ചിട്ടുണ്ട്.
അടൂർ ഡിവൈ.എസ്.പി ആർ. ബിനുവിന്റെ നിർദേശപ്രകാരം അടൂർ ഇൻസ്പെക്ടർ പ്രജീഷ് ടി.ഡിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ വിപിൻ കുമാർ, ധന്യ. കെ.എസ്, സുദർശന. എസ്, സിവിൽ പൊലീസ് ഓഫിസർമാരായ സൂരജ്.ആർ.കുറുപ്, അനുരാഗ് മുരളീധരൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.