വീട്ടിലെ പൂജാമുറിയിൽ അഞ്ചുവർഷമായി തുറക്കാതിരുന്ന പെട്ടി തുറന്നപ്പോൾ കണ്ടത് രണ്ട് പടുകൂറ്റൻ മൂർഖൻ പാമ്പുകളെ !
ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പുകളെ വീടിന്റെ പരിസരത്ത് കണ്ടാൽ തന്നെ ഭയന്നു പോകുന്നവരാണ് ഭൂരിഭാഗവും. അപ്പോൾ കാലങ്ങളായി മൂർഖൻ പാമ്പുകൾ വീട്ടുകാർ അറിയാതെ വീടിനുള്ളിൽ തന്നെ സ്ഥിരതാമസം…
ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പുകളെ വീടിന്റെ പരിസരത്ത് കണ്ടാൽ തന്നെ ഭയന്നു പോകുന്നവരാണ് ഭൂരിഭാഗവും. അപ്പോൾ കാലങ്ങളായി മൂർഖൻ പാമ്പുകൾ വീട്ടുകാർ അറിയാതെ വീടിനുള്ളിൽ തന്നെ സ്ഥിരതാമസം ആക്കുകയാണെങ്കിലോ? അത്തരമൊരു സംഭവമാണ് ഒഡീഷയിൽ നിന്നും പുറത്തുവരുന്നത്. പൂജാമുറിയിൽ വച്ചിരുന്ന പെട്ടിക്കുള്ളിൽ നിന്നും രണ്ട് മൂർഖൻ പാമ്പുകളെയാണ് പിടികൂടിയത്. അഞ്ചുവർഷമായി അടച്ചു സൂക്ഷിച്ചിരുന്ന പെട്ടിയിലായിരുന്നു വിഷപ്പാമ്പുകളെ കിട്ടിയത് .
ഭദ്രാക് ജില്ലയിലാണ് സംഭവം. ചോള പാടങ്ങൾക്ക് സമീപത്തായി സ്ഥിതിചെയ്യുന്ന ഓലമേഞ്ഞ വീടിനുള്ളിൽ നിന്നുമാണ് പാമ്പുകളെ കണ്ടെത്തിയത്. രത്നഗർ ജനാ എന്ന വ്യക്തിയാണ് വീട്ടുടമസ്ഥൻ. വീടിനുള്ളിൽ പൂജാമുറി ഉണ്ടെങ്കിലും കാലങ്ങളായി ഇത് അടഞ്ഞു കിടക്കുകയായിരുന്നു. കഴിഞ്ഞദിവസം വീടിന്റെ പിൻഭാഗത്തേക്ക് ഇറങ്ങിയ രത്നാഗറിന്റെ മകനാണ് ശുചിമുറിക്കു സമീപത്തായി ഒരു വലിയ മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. പാമ്പിനെ കണ്ടു ഭയന്നുപോയ മകൻ ഉച്ചത്തിൽ നിലവിളിച്ചതോടെ സമീപവാസികളും ഓടിക്കൂടി.
ഈ പ്രദേശത്ത് കുറച്ചുകാലങ്ങളായി പാമ്പിനെ കാണാറുണ്ടായിരുന്നു എന്ന് സ്ഥലവാസികൾ പറയുന്നു. ഇത്രയധികം വലുപ്പമുള്ള പാമ്പാണ് ഇവിടെ ഉണ്ടായിരുന്നതെന്ന് നാട്ടുകാർ തിരിച്ചറിഞ്ഞിരുന്നില്ല. മൂർഖൻ പാമ്പിന്റെ യഥാർത്ഥ വലുപ്പം കണ്ടതോടെ അതിനെ പിടികൂടിയില്ലെങ്കിൽ അപകടമാണെന്ന് മനസ്സിലാക്കിയ പ്രദേശവാസികൾ പാമ്പുപിടുത്ത വിദഗ്ധനായ ഷെയ്ക്ക് മിർസ എന്ന വ്യക്തിയെ വിളിച്ചു വരുത്തി. എന്നാൽ ഷെയ്ഖ് എത്തി പരിസരമാകെ പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല.
ഇതിനിടെയാണ് പാമ്പിന്റെ മാളം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. പുറത്തുനിന്നും ആരംഭിക്കുന്ന മാളം വീടിനുള്ളിലെ പൂജാമുറിക്കുള്ളിലാണ് അവസാനിക്കുന്നതെന്നും കണ്ടെത്തി. പൂജാമുറിയുടെ മുക്കും മൂലയും പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനായിരുന്നില്ല. ഇതിനിടയിലാണ് തകരം കൊണ്ട് നിർമ്മിച്ച ഒരു പെട്ടി പൂജാമുറിയിലിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. അഞ്ചു വർഷമായി പൂട്ടിയിട്ടിരിക്കുന്ന പെട്ടിയാണെന്ന് അറിഞ്ഞതോടെ അത് തുറക്കാൻ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. പെട്ടി തുറന്നപ്പോഴാണ് അതിൽ സൂക്ഷിച്ചിരുന്ന പഴയ തുണികൾക്കിടയിൽ ചുറ്റിപ്പിണഞ്ഞ നിലയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തിയത്.
കൈയിൽ കരുതിയിരുന്ന കൊളുത്ത് ഉപയോഗിച്ച് പാമ്പിനെ പിടിക്കാൻ ശ്രമിച്ചപ്പോൾ ഉള്ളിൽ മറ്റൊന്നുകൂടി ഉണ്ടെന്ന് കണ്ടെത്തി. രണ്ടു പാമ്പുകളെയും പുറത്തെടുത്തപ്പോഴാണ് അവ ഇണ ചേരുകയായിരുന്നു എന്ന് തിരിച്ചറിഞ്ഞത്. പത്സ്പരം വിട്ടുമാറാൻ തയ്യാറാകാതിരുന്ന പാമ്പുകളെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഷെയ്ക്ക് പിടികൂടിയത്. പാമ്പുകളെ പിടികൂടുന്നതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പരുക്കുകളേൽക്കാതെ പിടികൂടിയ പാമ്പുകളെ പിന്നീട് വനമേഖലയിലേക്ക് തുറന്നു വിടുകയും ചെയ്തു.