സംസ്ഥാനത്ത് പേവിഷബാധ വ്യാപനം കൂടുന്നു, 520 സാംപിളിൽ 221 പോസിറ്റീവ്
കോട്ടയം: സംസ്ഥാനത്ത് ജനുവരിമുതൽ സെപ്റ്റംബർവരെ പരിശോധിച്ച 42 ശതമാനം സാംപിളുകളിൽ പേവിഷബാധ സ്ഥിരീകരിച്ചു. മനുഷ്യരെ ആക്രമിച്ച തെരുവുനായകളുടെയും കടിയേറ്റ വളർത്തുനായ്‌ക്കളുടെയും വളർത്തുമൃഗങ്ങളുടെയും മനുഷ്യരുടെയും സാംപിളുകൾ പരിശോധിച്ചതിൽപ്പെടുന്നു. മൊത്തം…
കോട്ടയം: സംസ്ഥാനത്ത് ജനുവരിമുതൽ സെപ്റ്റംബർവരെ പരിശോധിച്ച 42 ശതമാനം സാംപിളുകളിൽ പേവിഷബാധ സ്ഥിരീകരിച്ചു. മനുഷ്യരെ ആക്രമിച്ച തെരുവുനായകളുടെയും കടിയേറ്റ വളർത്തുനായ്‌ക്കളുടെയും വളർത്തുമൃഗങ്ങളുടെയും മനുഷ്യരുടെയും സാംപിളുകൾ പരിശോധിച്ചതിൽപ്പെടുന്നു.
മൊത്തം 520 സാംപിളുകൾ നോക്കിയതിൽ 221 എണ്ണം പോസിറ്റീവായിരുന്നു. മൃഗസംരക്ഷണവകുപ്പിന്റെ കീഴിലുള്ള ആന്റി റാബീസ് റീജണൽലാബുകളിൽനിന്നുള്ള കണക്കുകൾ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസാണ് ക്രോഡീകരിച്ചത്. പാലോട്, കൊല്ലം, തിരുവല്ല, പാലക്കാട്, കണ്ണൂർ എന്നിവിടങ്ങളിലാണ് ലാബുകൾ. പേവിഷബാധ കൂടുന്ന സാഹചര്യത്തിൽ നായകളുടെ വാക്സിനേഷൻ ശക്തമാക്കാനാണ് മൃഗസംരക്ഷണവകുപ്പിന്റെ തീരുമാനം. രണ്ടുലക്ഷം ഡോസ് വാക്സിൻകൂടി കഴിഞ്ഞദിവസമെത്തി. ഓർഡർചെയ്ത രണ്ടുലക്ഷം ഡോസുകൂടി ഉടനെത്തും. നേരത്തേ കൈവശമുണ്ടായിരുന്ന ആറുലക്ഷം ഡോസ് ജില്ലകളിലേക്ക് കൈമാറിയിരുന്നു. കരാറടിസ്ഥാനത്തിൽ നിയമിക്കുന്ന വെറ്ററിനറി ഡോക്ടർമാരുടെകൂടി സഹായത്തോടെ തദ്ദേശവകുപ്പാണ് വാക്സിനേഷൻ സംഘടിപ്പിക്കുന്നത്.