താൻ ഉറങ്ങിയില്ല" കെഎസ്ആര്‍ടിസി ബസ് പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകടകാരണമെന്ന് ടൂറിസ്റ്റ് ബസ് ഡ്രൈവര്‍; ജോമോനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കും

പാലക്കാട്: താന്‍ ഉറങ്ങിപ്പോയിട്ടില്ലെന്നും, മുന്നില്‍പ്പോയ കെഎസ്ആര്‍ടിസി ബസ് പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകടത്തിന് കാരണമെന്നും വടക്കഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ ജോമോന്‍. ഇടിച്ചപ്പോള്‍ പെട്ടെന്ന് ബസിന്റെ നിയന്ത്രണം…

By :  Editor
Update: 2022-10-06 21:37 GMT

പാലക്കാട്: താന്‍ ഉറങ്ങിപ്പോയിട്ടില്ലെന്നും, മുന്നില്‍പ്പോയ കെഎസ്ആര്‍ടിസി ബസ് പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകടത്തിന് കാരണമെന്നും വടക്കഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ ജോമോന്‍. ഇടിച്ചപ്പോള്‍ പെട്ടെന്ന് ബസിന്റെ നിയന്ത്രണം നഷ്ടമായെന്നും ജോമോന്‍ പൊലീസിനോട് പറഞ്ഞു. ജോമോനെ ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും.

അറസ്റ്റിലായ ഡ്രൈവര്‍ ജോമോനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കും. നിലവില്‍ ജോമോനെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ ബസുടമ അരുണ്‍, മാനേജര്‍ ജെസ്വിന്‍ എന്നിവരെയും ജോമോനൊപ്പം വടക്കഞ്ചേരി പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്.

അപകടസമയം ജില്ലാ പൊലീസ് മേധാവിയോട് ഉള്‍പ്പെടെ കള്ളം പറഞ്ഞ് ജോമോന്‍ കടന്നു കളഞ്ഞതിനെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. അപകടം ഉണ്ടായ സാഹചര്യം, ഇയാള്‍ മദ്യപിച്ചായിരുന്നോ വാഹനം ഓടിച്ചത് തുടങ്ങിയ കാര്യങ്ങളെല്ലാം അന്വേഷിക്കും. ബസിന്റെ ഫിറ്റ്‌നസ് റദാക്കുന്നതും, ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതും ഉള്‍പ്പെടെയുള്ള നടപടികള്‍ മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിക്കും.

ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ പിഴവ് തന്നെയാണ് അപകടകാരണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഒരു കാറിനെ ഇടത് വശത്തുകൂടി ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചുവെന്നും ടൂറിസ്റ്റ് ബസ് അമിത വേഗത്തിലായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

Tags:    

Similar News