ഡല്‍ഹി സര്‍ക്കാരിന്റെ മദ്യനയം: 35 ഇടങ്ങളില്‍ ഇ.ഡി റെയ്ഡ്
ന്യുഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിന്റെ മദ്യനയത്തിലെ അഴിമതി ആരോപണ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) റെയ്ഡ്. പഞ്ചാബ്, ഹൈദരാബാദ്, ഡല്‍ഹി എന്നിവിടങ്ങളിലെ 35 കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്. മദ്യ…
ന്യുഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിന്റെ മദ്യനയത്തിലെ അഴിമതി ആരോപണ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) റെയ്ഡ്. പഞ്ചാബ്, ഹൈദരാബാദ്, ഡല്‍ഹി എന്നിവിടങ്ങളിലെ 35 കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്.
മദ്യ കമ്പനികളും വിതരണക്കാരും വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലാണ് പരിശോധന. ഇടപാടിനു പിന്നിലെ കള്ളപ്പണ ഇടപാടാണ് ഇ.ഡി പരിശോധിക്കുന്നത്. ഇന്നു പുലര്‍ച്ചെയാണ് പരിശോധന ആരംഭിച്ചത്.
അതേസമയം, പരിശോധനയ്‌ക്കെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രംഗത്തെത്തി. 'വൃത്തികെട്ടി രാഷ്ട്രീയമാണിതെന്ന്' കെജ്‌രിവാള്‍ പ്രതികരിച്ചു. കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ 500 ലേറെ റെയ്ഡുകള്‍ നടത്തി. 300ലേറെ സിബിഐ/ഇ.ഡി ഉദ്യോഗസ്ഥരാണ് ഇതിനു പിന്നില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നത്. മനീഷ് സിസോദിയയ്‌ക്കെതിരെ തെളിവ് കണ്ടെത്താനാണ് ശ്രമം. എന്നാല്‍ ഇതുവരെ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. കാരണം, അനധികൃതമായി ഒന്നും ചെയ്തിട്ടില്ല. വൃത്തികെട്ട രാഷ്ട്രീയത്തിന്റെ പേരില്‍ നിരവധി ഉദ്യോഗ്‌സഥരുടെ വിലപ്പെട്ട സമയമാണ് പാഴാക്കുന്നത്. ഈ രാജ്യം എങ്ങനെ രക്ഷപ്പെടുമെന്നും കെജ്‌രിവാള്‍ ചോദിക്കുന്നു.
മദ്യനയവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐയ്ക്കാണെങ്കിലും ഇടപാടിനു പിന്നിലെ കള്ളപ്പണ ഇടപാടിനെ കുറിച്ചാണ് ഇ.ഡിയുടെ അന്വേഷണം. ഡല്‍ഹിയിലെ എഎപി സര്‍ക്കാരിനെ പൂട്ടാനുള്ള ആയുധമായി ബി.ജെ.പി ഇതിനെ ഉപയോഗിക്കുന്നുവെന്നാണ് ആരോപണം. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പ്രതി ചേര്‍ത്താണ് സിബിഐ അന്വേഷണം. മദ്യ രാജാവ് സമീര്‍ മഹേന്ദ്രുവിനെയും എഎപി കമ്മ്യുണിക്കേഷന്‍ മേധാവി വിജയ് നായരെയും സിബിഐ ഇതിനകം അറസ്റ്റു ചെയ്തു.