'മോദിയെ കൊല്ലാന്‍ തയാറാവൂ'; കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍; പ്രസംഗം അപലപനീയമെന്ന് പാര്‍ട്ടി
ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊല്ലണമെന്ന് ആഹ്വാനം ചെയ്ത് വിവാദ പ്രസംഗം നടത്തിയ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. മധ്യപ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ രാജാ…
ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊല്ലണമെന്ന് ആഹ്വാനം ചെയ്ത് വിവാദ പ്രസംഗം നടത്തിയ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. മധ്യപ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ രാജാ പട്ടേരിയയാണ് അറസ്റ്റിലായത്. വിവാദ പ്രസംഗം വലിയ ചര്‍ച്ചയായതോടെ പട്ടേരിയക്കെതിരെ കേസെടുക്കാന്‍ നേരത്തെ മധ്യപ്രദേശ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു.
നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്ത പാര്‍ട്ടി ചടങ്ങിലായിരുന്നു പ്രധാനമന്ത്രിയെ കൊല്ലാന്‍ തയ്യാറാകണമെന്ന് പട്ടേരിയ ആഹ്വാനം ചെയ്തത്. 'മോദി തിരഞ്ഞെടുപ്പുകള്‍ അവസാനിപ്പിക്കും. ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും അടിസ്ഥാനത്തില്‍ മോദി ജനങ്ങളെ ഭിന്നിപ്പിക്കും. ദളിത് വിഭാഗക്കാരുടെയും ഗോത്രവര്‍ഗ വിഭാഗക്കാരുടെയും ന്യൂനപക്ഷങ്ങളുടെയും ജീവിതം അപകടത്തിലാക്കും. ഭരണഘടനയെ സംരക്ഷിക്കണമെങ്കില്‍ മോദിയെ കൊല്ലാന്‍ തയ്യാറായിക്കോളൂ', എന്നായിരുന്നു പട്ടേരിയയുടെ വിവാദ പ്രസംഗം.
ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ പട്ടേരിയയ്‌ക്കെതിരേ വലിയ രോഷമുയര്‍ന്നു. കൊല്ലുക എന്നുവച്ചാല്‍ തോല്‍പ്പിക്കുക എന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് അദ്ദേഹം പിന്നീട് വിശദീകരിച്ചുവെങ്കിലും വിവാദം കെട്ടടങ്ങിയിരുന്നില്ല. സംഭവത്തില്‍ കഴിഞ്ഞ ദിവസം കേസെടുത്തതിന് പിന്നാലെ ദാമോ ജില്ലയിലെ ഹാത പട്ടണത്തിലുള്ള പട്ടേരിയയുടെ വീട്ടിലെത്തിയാണ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നതിനിടെ മധ്യപ്രദേശിലെ മുന്‍ മന്ത്രികൂടിയായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നടത്തിയ വിവാദപരാമര്‍ശം കോണ്‍ഗ്രസിന് വലിയ തലവേദനയാവുകയും ചെയ്തു. ഭാരത് ജോഡോ യാത്ര നടത്തുന്നവരുടെ യഥാര്‍ഥ മുഖം ഇതിലൂടെ വെളിപ്പെട്ടുവെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്‍ പറഞ്ഞു. മോദിയെ നേരിടാനുള്ള കരുത്ത് കോണ്‍ഗ്രസുകാര്‍ക്കില്ല. അദ്ദേഹത്തെ കൊലപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് നേതാവിന് പറയേണ്ടിവന്നത് അസൂയകൊണ്ടാണ്. വെറുപ്പാണ് പരാമര്‍ശത്തിന് പിന്നിലെന്നും ശിവ് രാജ് സിങ് ചൗഹാന്‍ പറഞ്ഞു.
അതേസമയം, പട്ടേരിയയുടെ പ്രസംഗം തീര്‍ത്തും അപലപനീയമാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഇത്തരം വാക്കുകള്‍ ആര്‍ക്കെതിരേയും, പ്രത്യേകിച്ച് പ്രധാനമന്ത്രിക്കെതിരേ ഉപയോഗിക്കുന്നതില്‍ ന്യായീകരണമില്ല. അത്തരം പ്രസ്താവനകളെ പാര്‍ട്ടി അപലപിക്കുന്നതായും കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പറഞ്ഞു.