ഇറാനിയൻ ഫുട്‌ബോൾ താരത്തിന് വധശിക്ഷ; ഞെട്ടിച്ച വാര്‍ത്തയെന്ന് ഫിഫ്പ്രോ
ഇറാനില്‍ കഴിഞ്ഞ നാല് മാസമായി ശക്തമായി തുടരുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ലോകകപ്പ് വേദിയിലും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിനാല്‍ ഇറാനിയന്‍ ഫുട്ബോള്‍ താരം അമീര്‍ നസ്‍ര്‍ അസാദാനി വധശിക്ഷയെ…
;ഇറാനില്‍ കഴിഞ്ഞ നാല് മാസമായി ശക്തമായി തുടരുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ലോകകപ്പ് വേദിയിലും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിനാല്‍ ഇറാനിയന്‍ ഫുട്ബോള്‍ താരം അമീര്‍ നസ്‍ര്‍ അസാദാനി വധശിക്ഷയെ നേരിടുന്ന എന്ന വാര്‍ത്ത ഞെട്ടിക്കുന്നതും വേദനിപ്പിക്കുകയും ചെയ്യുന്ന വാര്‍ത്തയെന്ന് ഫുട്ബോള്‍ കളിക്കാരുടെ യൂണിയനായ ഫിഫ്പ്രോ ട്വീറ്റ് ചെയ്തു.
ഞങ്ങള്‍ അമീറിനോട് ഐക്യദാര്‍ഢ്യപ്പെടുകയും അദ്ദേഹത്തിന്‍റെ ശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നതായി ട്വീറ്റില്‍ പറയുന്നു. ഹിജാബ് വിരുദ്ധ പ്രതിഷേധത്തില്‍ പങ്കെടുത്തതിന്‍റെ പേരില്‍ രണ്ട് പേരെ തൂക്കിലേറ്റിയതിന് പിന്നാലെയാണ് ഈ ട്വീറ്റ്.
ഇതോടെ ലോകത്താകമാനമുള്ള ഫുട്ബോള്‍ ആരാധകര്‍ കമന്‍റുകളുമായെത്തി രംഗത്തെത്തി. കഴിഞ്ഞ സെപ്തംബര്‍ 16 നാണ് കുര്‍ദിഷ് വനിതയായ 22 കാരി മഹ്സ അമിനിയെ ശരിയായി ഹജാബ് ധരിച്ചില്ലെന്നാരോപിച്ച് ഇറാനിലെ മത പൊലീസ് ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കിയത്.
ഇതിന് പിന്നാലെ മഹ്സ മരിച്ചു. തുടര്‍ന്ന് ഇറാനിലെമ്പാടും സര്‍ക്കാറിന്‍റെ ഹിജാബ് നിയമത്തിനെതിരെ അതിശക്തമായ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. ഏതാണ്ട് 500 മുകളില്‍ ആളുകള്‍ കലാപത്തില്‍ കൊല്ലപ്പെട്ടു. ഇതില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടും.
പൊലീസ് പ്രതിഷേധത്തെ കായികമായി തന്നെ നേരിട്ടു. കഴിഞ്ഞ ആഴ്ചയാണ് ആദ്യമായി പ്രതിഷേധത്തില്‍ പങ്കെടുത്ത ഒരാളെ തൂക്കി കൊന്നത്. കഴിഞ്ഞ ദിവസം രണ്ടാമത്തെയാളെയും ഇറാന്‍ തൂക്കിലേറ്റി. ഇതിന് പിന്നാലെയാണ് ഫുട്‌ബോൾ താരം അമീർ നസ്ർ-അസാദാനി വധശിക്ഷ നേരിടുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നത്.
എന്നാല്‍ ഈ വാര്‍ത്തയ്ക്ക് ഇതുവരെ ഔദ്ധ്യോഗികമായ സ്ഥിരീകരണമില്ല. ‘ദൈവത്തിനെതിരെ യുദ്ധം ചെയ്യുക’ എന്ന കുറ്റം ചുമത്തിയാണ് 26 കാരനായ ഇറാനിയൻ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനായ അമീർ നസ്ർ-അസാദാനിയെ ഇറാന്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. അമീർ നസ്ർ-അസാദാനി ഇറാന് വേണ്ടി ലോകകപ്പ് കളിച്ച ടീമില്‍ അംഗമല്ലെങ്കിലും ഇറാനിലെ വിവിധ പ്രഫഷണല്‍ ടീമുകള്‍ക്ക് വേണ്ടി ബൂട്ട് കെട്ടിയിട്ടുണ്ട്.