ബാക്കിയുള്ള മത്സരങ്ങളിൽ കളിക്കാമെന്ന് സഞ്ജു; തീരുമാനമെടുക്കാതെ കേരള ക്രിക്കറ്റ് അസോസിയേഷൻ

Update: 2024-12-27 04:16 GMT

വിജയ് ഹസാരെ ട്രോഫിയിലെ ബാക്കിയുള്ള മത്സരങ്ങളിൽ കളിക്കാമെന്ന് സഞ്ജു സാംസൺ (Sanju Samson) അറിയിച്ചെങ്കിലും കേരള ക്രിക്കറ്റ് അസോസിയേഷൻ തീരുമാനമെടുത്തിട്ടില്ലെന്ന് റിപ്പോർട്ട്. ക്യാമ്പിൽ പങ്കെടുത്തവരെ മാത്രമേ ടീമിൽ പരിഗണിക്കൂ എന്നതാണ് കെസിഎയുടെ നിലപാട് എന്നും ക്യാമ്പിൽ പങ്കെടുത്തില്ലെന്നതിനാൽ സഞ്ജുവിനെ ടീമിൽ പരിഗണിയ്ക്കുന്നതിൽ തീരുമാനമായില്ല എന്നും കെസിഎ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് ആണ് റിപ്പോർട്ട് ചെയ്തത്.

"ബാക്കിയുള്ള മത്സരങ്ങൾ കളിക്കാൻ താൻ തയ്യാറാണെന്ന് കഴിഞ്ഞ രണ്ട് ദിവസത്തിൽ സഞ്ജു അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ ഞങ്ങൾ ഇതുവരെ ഒരു തീരുമാനം എടുത്തിട്ടില്ല. നിലവിൽ മുഴുവൻ ടീമും ഹൈദരാബാദിലുണ്ട്. ആകെ രണ്ട് മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളൂ. സയ്യിദ് മുഷ്താഖ് അലി ട്രോഫിയ്ക്കിടെ പരിക്കേറ്റ സച്ചിൻ ബേബി പൂർണമായും ഫിറ്റായിട്ടില്ലാത്തതിനാൽ സച്ചിൻ ബേബിയെയും വിജയ് ഹസാരെ ടീമിൽ പരിഗണിക്കില്ല."- കെസിഎ സെക്രട്ടറി വിനോദ് എസ് കുമാർ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ടീമിനെ നയിച്ച സഞ്ജു വിജയ് ഹസാരെ ട്രോഫിയ്ക്കുള്ള ടീമിൽ ഉണ്ടായിരുന്നില്ല. ഈ ടൂർണമെൻ്റിൽ തകർപ്പൻ ഫോമിലായിരുന്ന സൽമാൻ നിസാറിനെയാണ് ക്യാപ്റ്റനായി നിയമിച്ചത്. സഞ്ജുവിന് പകരം യുവതാരം ഷോൺ റോജറിനെ ടീമിൽ പരിഗണിച്ചു. എന്തുകൊണ്ട് സഞ്ജു ടീമിലില്ല എന്നതിന് സോഷ്യൽ മീഡിയ കണ്ടെത്തിയത്, താരത്തിന് പരിക്കാണ് എന്നതായിരുന്നു. യുഎഇയിൽ പരിശീലനം നടത്തവെ സഞ്ജുവിൻ്റെ കാലിന് പരിക്ക് പറ്റി എന്നായിരുന്നു കണ്ടെത്തൽ. ഭാര്യ ചാരുലതയുടെ പിറന്നാളിന് സഞ്ജു പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ കാലിലെ കെട്ട് വ്യക്തമായി കാണുകയും ചെയ്യാമായിരുന്നു. സഞ്ജുവിന് നേരിയ പരിക്കേറ്റെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ ടിവി9 മലയാളത്തോട് പ്രതികരിക്കുകയും ചെയ്തു. എന്നാൽ, ഇക്കാര്യമൊന്നും കേരള ക്രിക്കറ്റ് അസോസിയേഷൻ പറഞ്ഞില്ല. ക്യാമ്പിൽ പങ്കെടുത്തില്ലെന്നതിനാൽ സഞ്ജുവിനെ ടീമിൽ പരിഗണിക്കുന്നില്ല എന്നതായിരുന്നു അസോസിയേഷൻ്റെ വിശദീകരണം.

"താൻ ക്യാമ്പിലുണ്ടാവില്ലെന്നറിയിക്കുന്ന ഒരു ഇമെയിൽ സഞ്ജു അയച്ചു. അദ്ദേഹം ഇല്ലാതെയാണ് വയനാട് ടീമിൻ്റെ ക്യാമ്പ് നടന്നത്. സാധാരണയായി ആ ക്യാമ്പിൽ പങ്കെടുക്കുന്നവരെയേ ടീമിൽ പരിഗണിക്കൂ. ഇക്കാര്യത്തിൽ അദ്ദേഹവുമായി മറ്റ് ചർച്ചകൾ നടന്നിട്ടില്ല."- ഈ മാസം 18ന് വിനോദ് എസ് കുമാർ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

താൻ ബാക്കിയുള്ള മത്സരങ്ങളിൽ കളിക്കാനൊരുക്കമാണെന്ന് ഇപ്പോൾ സഞ്ജു അറിയിച്ചിട്ടും കെസിഎ തീരുമാനമെടുത്തിട്ടില്ലെന്ന വാർത്ത ചർച്ചയായിട്ടുണ്ട്. നിലവിൽ, ഏകദിന മത്സരങ്ങളിൽ സഞ്ജു തകർപ്പൻ ഫോമിലാണെങ്കിലും ഈ വിജയ് ഹസാരെ ട്രോഫിയാവും താരത്തിൻ്റെ ചാമ്പ്യൻസ് ട്രോഫി സാധ്യത തീരുമാനിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പര ഫൈനൽ ഇലവനെ തീരുമാനിക്കുന്നതാവുമെങ്കിൽ ആ പരമ്പരയിലേക്കും ചാമ്പ്യൻസ് ട്രോഫി ടീമിലേക്കും ഇടം ലഭിക്കാൻ വിജയ് ഹസാരെയിൽ സഞ്ജു മികച്ച പ്രകടനം നടത്തേണ്ടതുണ്ട്. എന്നാൽ, ക്യാമ്പിൽ പങ്കെടുത്തില്ലെന്ന കാരണം ചൂണ്ടിക്കാട്ടി സഞ്ജുവിനെ ടീമിൽ പരിഗണിക്കാൻ കെസിഎ തയ്യാറാവുന്നില്ലെങ്കിൽ അത് താരത്തിന് തിരിച്ചടിയാവും.

Tags:    

Similar News