ബോർഡർ-ഗവാസ്കർ ട്രോഫി മൂന്നാം മത്സരത്തിൽ ആസ്ട്രേലിയ മികച്ച നിലയിൽ

Update: 2024-12-15 05:43 GMT

ബോർഡർ-ഗവാസ്കർ ട്രോഫി മൂന്നാം മത്സരത്തിൽ ആസ്ട്രേലിയ മികച്ച നിലയിൽ. രണ്ടാം ദിനം ചായക്ക് പിരിയുമ്പോൾ 234ന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ് ആസ്ട്രേലിയ. 103 റൺസുമായി ട്രാവിസ് ഹെഡും 65 റൺസുമായി സ്റ്റീവ് സ്മിത്തുമാണ് ക്രീസിലുള്ളത്. ഇന്ത്യക്കായി ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റ് നേടിയപ്പോൾ നിതീഷ് കുമാർ റെഡ്ഡി ഒരെണ്ണം സ്വന്തമാക്കി.


മഴ കളിച്ച ആദ്യ ദിനം നേടിയ 28 റൺസുമായി ക്രീസിലെത്തിയ ആസ്ട്രേലിയൻ ഓപ്പണർമാരെ 10 റൺസ് ചേർക്കുന്നതിനിടെ ബുംറ മടക്കി. ഖവാജ 21 റൺസും നഥാൻ മക്സ്വീനി ഒമ്പത് റൺസും നേടി. പിന്നീട് ക്രീസിലെത്തിയ മാർനസ് ലബുഷെയ്നും സ്റ്റീവ് സ്മിത്തും പ്രതിരോധം തീർത്ത് മുന്നേറുകയായിരുന്നു. മൂന്നാം വിക്കറ്റിൽ 37 റൺസിന്‍റെ കൂട്ടുക്കെട്ട് ഇരുവരും ചേർന്ന് സൃഷ്ടിച്ചു. 12 റൺസ് നേടിയ ലബുഷെയ്നെ വിരാട് കോഹ്ലിയുടെ കയ്യിലെത്തിച്ച് നിതീഷ് ഇന്ത്യക്ക് ബ്രേക്ക്ത്രൂ നൽകി. എന്നാൽ പിന്നാലെയെത്തിയ ട്രാവിസ് ഹെഡ് ഇന്ത്യക്ക് വീണ്ടും തലവേദനയാകുകയായിരുന്നു. അഡ്ലെയ്ഡിൽ ടെസ്റ്റ് സെഞ്ച്വറി നേടിയ ഹെഡ് മൂന്നാം മത്സരത്തിലും സെഞ്ച്വറി തികച്ചു. നിലവിൽ 105 റൺസുമായി ക്രീസിൽ പുറത്താകാതെ നിൽക്കുകയാണ് ഹെഡ്.

മോശം ബൗളുകളെ തിരഞ്ഞുപിടിച്ച് ആക്രമിച്ച ഹെഡ് മികച്ച സ്ട്രൈക്ക് റൊട്ടേഷനും നടത്തി. 13 ഫോറാണ് അദ്ദേഹത്തിനെ ഇന്നിങ്സിലുണ്ടായിരുന്നത്. ഫോമില്ലായ് മൂലം വലിഞ്ഞ സ്മിത്ത് ഫോമിലേക്ക് തിരിച്ചെത്തിയതും ആസ്ട്രേലിയക്ക് കരുത്തായി. ആറ് ഫോറുകളടങ്ങിയതാണ് സ്മിത്തിന്‍റെ 65 റൺസ്.

Tags:    

Similar News