പുതുവര്‍ഷാഘോഷങ്ങള്‍ 12മണിയോടെ അവസാനിപ്പിക്കണം; ആഘോഷം തുടര്‍ന്നാല്‍ നിയമ നടപടി; ഡിജെ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കും
തിരുവനന്തപുരം: പുതുവര്‍ഷാഘോഷങ്ങള്‍ അതിരുവിട്ടാല്‍ കര്‍ശനനടപടി സ്വീകരിക്കുമെന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍. ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നിരീക്ഷണവും സുരക്ഷയും കര്‍ശനമാക്കി. സാമൂഹ്യവിരുദ്ധരുടെയും ലഹരിക്കൈമാറ്റക്കാരുടെയും പട്ടിക തയ്യാറാക്കിയതായും ഇവര്‍…
തിരുവനന്തപുരം: പുതുവര്‍ഷാഘോഷങ്ങള്‍ അതിരുവിട്ടാല്‍ കര്‍ശനനടപടി സ്വീകരിക്കുമെന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍. ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നിരീക്ഷണവും സുരക്ഷയും കര്‍ശനമാക്കി.
സാമൂഹ്യവിരുദ്ധരുടെയും ലഹരിക്കൈമാറ്റക്കാരുടെയും പട്ടിക തയ്യാറാക്കിയതായും ഇവര്‍ ആഘോഷകേന്ദ്രങ്ങളിലെത്തിയാല്‍ കരുതല്‍ തടങ്കിലിലാക്കുമെന്നും എഡിജപി പറഞ്ഞു. ഡിജെ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നവരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിക്കും. നിയമലംഘനമുണ്ടായാല്‍ ഹോട്ടല്‍ ഉടമയ്‌ക്കെതിരെയും കേസ് എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതുവര്‍ഷാഘോഷങ്ങള്‍ പന്ത്രണ്ട് മണിയോടെ അവസാനിപ്പിക്കണം. പൊതു ഇടങ്ങളില്‍ ആഘോഷം തുടര്‍ന്നാല്‍ പൊലീസ് ഇടപെടും. ആഘോഷം പൊതുഇടങ്ങളിലേക്ക് വ്യാപിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
പൊതുസ്ഥലങ്ങളില്‍ നടക്കുന്ന ആഘോഷങ്ങളില്‍ കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ ഹോട്ടലുകളിലും ഹോം സ്‌റ്റേകളിലും നിയമപരമായ നോട്ടീസ് നല്‍കിയിട്ടുമുണ്ട്. ആഘോഷത്തിന്റെ ഭാഗമായി അനാവശ്യമായ ഏതെങ്കിലും വസ്തുക്കള്‍ ഉപയോഗിച്ചാല്‍ ഉപയോഗിക്കുന്ന ആള്‍ക്കും ഹോട്ടല്‍ ഉടമയ്ക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് രേഖാമൂലം അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായി ഡിജെ പാര്‍ട്ടി നടത്തുന്ന എല്ലാ സ്ഥലങ്ങളും പൊലീസ് ഐഡന്റിഫൈ ചെയ്തിട്ടുണ്ട്. ആ സ്ഥലങ്ങളില്‍ പൊലീസിന്റെ സാന്നിധ്യം ഉണ്ടാകും. മഫ്തിയിലും യൂണിഫോമിലും പൊലീസ് ഉണ്ടാകും. ഡിജെ പാര്‍ട്ടിയില്‍ എത്തുന്നവരുടെ വിവരങ്ങള്‍ നല്‍കാന്‍ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആഘോഷങ്ങള്‍ അതിരുവിടാനും നിയമലംഘനം നടത്താനും പാടില്ലെന്ന് ക്രമസമാധാനത്തിന്റെ ചുമതലയുള്ള എഡിജിപി പറഞ്ഞു.