ജോലിയില്ലാതെ യുവാക്കൾ വലയുമ്പോൾ ഇടതു യുവജന നേതാവും യുവജന കമ്മിഷന്‍ അധ്യക്ഷയുമായ ചിന്ത ജെറോമിന് വേതനം ഇരട്ടിയാക്കി പിണറായി സർക്കാർ ; സാമൂഹ്യമാധ്യമങ്ങളിൽ വിമര്‍ശനം
തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷയുടെ ശമ്പളം 50,000 രൂപയില്‍നിന്ന് ഒരുലക്ഷമാക്കി ഉയര്‍ത്തി. ചിന്താ ജെറോമാണ് യുവജന കമ്മിഷന്‍ അധ്യക്ഷ. ഉയര്‍ത്തിയ ശമ്പളനിരക്ക് കണക്കാക്കി മുന്‍കാലത്തുള്ള കുടിശ്ശിക…
തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷയുടെ ശമ്പളം 50,000 രൂപയില്‍നിന്ന് ഒരുലക്ഷമാക്കി ഉയര്‍ത്തി. ചിന്താ ജെറോമാണ് യുവജന കമ്മിഷന്‍ അധ്യക്ഷ. ഉയര്‍ത്തിയ ശമ്പളനിരക്ക് കണക്കാക്കി മുന്‍കാലത്തുള്ള കുടിശ്ശിക നല്‍കണമെന്ന ആവശ്യം ആദ്യം ധനവകുപ്പ് അംഗീകരിച്ചില്ലെങ്കിലും പിന്നീട് വഴങ്ങിയെന്നു റിപ്പോർട്ടുകൾ. മന്ത്രി മുഹമ്മദ് റിയാസിന്റെ ഇടപെടലിനെ തുടർന്നാണ് ചിന്തയുടെ ശമ്പളം കൂട്ടിയതെന്നാണ് റിപ്പോർട്ട്.തീരുമാനം പുറത്തറിഞ്ഞതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ട്രോളുകളും വിമർശനങ്ങളും നിറയുകയാണ്.
എന്നാൽ ആരോപണത്തിന് പിന്നാലെ ചിന്ത അത് നിഷേധിച്ച് രംഗത്ത് വരികയും ചെയ്‌തു. ശമ്പളമില്ലാതെയാണ് ആദ്യ ഘട്ടങ്ങളിൽ പ്രവർത്തിച്ചത്. തെളിവുകളില്ലാത്ത വാർത്തകളാണ് വരുന്നത് മുഴുവൻ. ശമ്പളകുടിശ്ശിക ലഭിക്കാത്തതിൽ മുൻ അധ്യക്ഷൻ ആർവി രാജേഷ് കേസുമായി മുന്നോട്ട് പോവുകയായിരുന്നു. അതിൽ വന്ന വിധിയിലാണ് തന്നിലേക്കുള്ള ആരോപണങ്ങളും പൊട്ടിപ്പുറപ്പെട്ടതെന്ന് ചിന്ത മറുപടി നൽകി.
ഇതിന് പിന്നാലെ ചിന്തയുടെ പ്രസ്‌താവന തള്ളിക്കൊണ്ട് മുൻ യുവജന കമ്മീഷൻ അധ്യക്ഷനായ ആർവി രാജേഷ് രംഗത്ത് വന്നിരിക്കുകയാണ്. യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന് ശബള കുടിശ്ശിക തുക അനുവദിച്ചത് തന്റെ അപേക്ഷയിൽ അല്ലെന്ന് ആര്‍വി രാജേഷ് പ്രതികരിച്ചു. ചിന്തയ്ക്ക് ശമ്പളം സർക്കാർ നിശ്ചയിച്ചതിന് പിന്നാലെയാണ് താൻ സർക്കാരിന് അപേക്ഷ നൽകിയതെന്നും രാജേഷ് ചൂണ്ടിക്കാട്ടി.
2016 ഒക്‌ടോബറിൽ ചുമതല ഏറ്റെടുത്ത ചിന്ത ജെറോം ശമ്പള വർധനവ് ആവശ്യപ്പെട്ട് നേരത്തെ രണ്ട് തവണ ധനവകുപ്പിനെ സമീപിച്ചെങ്കിലും അംഗീകാരം നൽകിയിരുന്നില്ല. എന്നാൽ ഇത് സംബന്ധിച്ച് ഉത്തരവ് കഴിഞ്ഞ മാസം പുറപ്പെടുവിച്ച് ധനവകുപ്പ് ചിന്തയുടെ ആവശ്യത്തിന് വഴങ്ങുകയായിരുന്നു. 2016 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് അവരുടെ ശമ്പള വർധനവ് നടപ്പാവുന്നതെന്ന വാർത്തകൾ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള എതിർപ്പുകളാണ് വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഉയർന്നുവരുന്നത്.
പ്രമുഖ സംവിധായകൻ ജോയ് മാത്യു, യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ എന്നിവർ ഫേസ്ബുക്കിലൂടെ നടപടിയെ വിമർശിച്ചു. ‘‘ഗ്രേസ് മാർക്കിന് വേണ്ടിയും ഗ്രേഡുകൾക്ക് വേണ്ടിയും ധന-സമയ-ഊർജങ്ങൾ നഷ്‌ടപ്പെടുത്തുന്ന കുട്ടികൾ യുവജന കമ്മിഷൻ പദവി ലക്ഷ്യം വയ്ക്കൂ’’എന്നാണ് ജോയ് മാത്യു ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത്. പ്രാണരക്ഷാർഥം വിദേശത്തേക്ക് മണ്ടുന്ന കുട്ടികളും ഇത് ഓർമയിൽ വയ്ക്കുന്നത് നല്ലതാണെന്നും കുറിപ്പിൽ പറയുന്നു.
"യുവജന കമ്മീഷൻ കൊണ്ട് യുവജനങ്ങൾക്കാർക്കും ക്ഷേമം ഉണ്ടായില്ല എന്ന ആക്ഷേപത്തിന് അറുതിയായി. ഈ ക്ഷാമ കാലത്തും കമ്മീഷൻ ചെയർ പേഴ്‌സൺ ചിന്തയുടെ ശമ്പളം ഇരട്ടിയാക്കിയിരിക്കുന്നു, അതും മുൻകാല പ്രാബല്യത്തോടെ. അതായത് നിയമിച്ച നാൾ മുതലുള്ളത്. ജനിച്ചനാൾ മുതലുള്ളത് കൂട്ടാത്തത് യുവജന വഞ്ചനയാണ്. ചിന്തിക്കുന്നവർക്ക് ദൃഷ്‌ടാന്തമുണ്ട്, ചിന്തയ്ക്ക് ഇരട്ടി ശമ്പളമുണ്ട്" രാഹുൽ മാങ്കൂട്ടത്തിൽ തന്റെ ഫേസ്ബുക്ക് പോസ്‌റ്റിൽ കുറിച്ചു.
2017 ജൂൺ മുതൽ ശമ്പളം ഒരുലക്ഷം രൂപയാക്കാനും ബാക്കി നൽകാനുള്ള തുക അനുവദിക്കാനുമാണ് ധനവകുപ്പിന്റെ ഇപ്പോഴത്തെ തീരുമാനമെന്നാണ് അറിയാൻ കഴിയുന്നത്. ഇത് പ്രകാരം ആറ് ലക്ഷത്തോളം രൂപയാണ് ചിന്ത ജെറോമിന് അധികമായി ലഭിക്കുക. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടുഴലുന്ന സർക്കാരിന് തീരുമാനം അധികബാധ്യത ആവുമെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.
മറ്റ് ചിലരാവട്ടെ സമൂഹ മാധ്യമങ്ങളിൽ യുവജന ക്ഷേമ കമ്മീഷന്റെ തന്നെ ആവശ്യകതയെയും ചോദ്യം ചെയ്യുന്നുണ്ട്. ട്രോളന്മാരും രംഗത്തിറങ്ങിയിട്ടുണ്ട്. കഴിഞ്ഞ ആറ് വർഷത്തിനിടെ കമ്മീഷൻ യുവജനങ്ങൾക്ക് വേണ്ടി ചെയ്‌ത കാര്യങ്ങൾ എന്തൊക്കെയെന്ന് എണ്ണിപ്പറയാൻ അധ്യക്ഷയായ ചിന്ത ജെറോമിന് കഴിയുമോയെന്ന പ്രസക്തമായ ചോദ്യവും ചിലർ ഉന്നയിക്കുന്നു.
അതേസമയം, കേരള സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷയ്ക്ക് ശമ്പള ഇനത്തിൽ ലക്ഷങ്ങൾ നൽകാൻ ഉത്തരവായപ്പോൾ അധികം അകലെയല്ലാത്ത തൃശ്ശൂരിൽ ഇന്ന് മുതൽ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ പണിമുടക്ക് ആരംഭിക്കുകയാണ്. നിലനിൽപ്പിന് വേണ്ടി ശമ്പള വർധനവ് ആവശ്യപ്പെട്ടാണ് അവർ സമരത്തിറങ്ങുന്നത്.
ഒരു ഭാഗത്ത് സർക്കാർ ഖജനാവിൽ നിന്ന് അപ്രധാന തസ്‌തികയിൽ ഇരിക്കുന്ന യുവജന നേതാവിന് വേണ്ടി ലക്ഷങ്ങൾ അനുവദിക്കുമ്പോൾ, മറുഭാഗത്ത് യുവജനങ്ങൾ വേതനം ആവശ്യപ്പെട്ട് സമരത്തിലാണെന്ന കാര്യം മറക്കരുതെന്ന് സമൂഹ മാധ്യമങ്ങളിൽ ചിലർ ചൂണ്ടിക്കാണിക്കുന്നു.