ഭീതി പരത്തി ബത്തേരി നഗരത്തില്‍ കാട്ടാന, നാട്ടുകാരനെ തുമ്പിക്കൈ വീശി അടിച്ച് നിലത്തിട്ടു; കെഎസ്ആര്‍ടിസി ബസിന് പിന്നാലെയും പാഞ്ഞടുത്തു- വീഡിയോ
ബത്തേരി: വയനാട് ബത്തേരി നഗരമധ്യത്തില്‍ ഇറങ്ങിയ കാട്ടാന ഭീതി പരത്തി. കാട്ടാന ആക്രമണത്തില്‍ നിന്നു വഴിയാത്രക്കാരന്‍ തലനാരിഴയ്ക്കു രക്ഷപെട്ടു. ബത്തേരി നഗരത്തോടു ചേര്‍ന്ന കൃഷിയിടങ്ങളില്‍ തമ്പടിച്ചിരുന്ന കാട്ടാന ഇന്നു പുലര്‍ച്ചെ…
ബത്തേരി: വയനാട് ബത്തേരി നഗരമധ്യത്തില്‍ ഇറങ്ങിയ കാട്ടാന ഭീതി പരത്തി. കാട്ടാന ആക്രമണത്തില്‍ നിന്നു വഴിയാത്രക്കാരന്‍ തലനാരിഴയ്ക്കു രക്ഷപെട്ടു. ബത്തേരി നഗരത്തോടു ചേര്‍ന്ന കൃഷിയിടങ്ങളില്‍ തമ്പടിച്ചിരുന്ന കാട്ടാന ഇന്നു പുലര്‍ച്ചെ 2.30 ഓടെയാണു നഗരത്തിലെത്തിയത്. മെയിന്റോഡിലൂടെ ഓടിനടന്ന കാട്ടാന നടപ്പാതയില്‍ നിന്ന ബത്തേരി സ്വദേശി തമ്പിക്കെതിരെ പാഞ്ഞടുത്തു.
തമ്പിയെ കാട്ടാന തുമ്പിക്കൈ വീശി അടിച്ച് നിലത്തിട്ടു. വീണുപോയ തമ്പിയെ കാട്ടാന ചവിട്ടാന്‍ ഒരുങ്ങിയെങ്കിലും നടപ്പാതയിലെ കൈവരി രക്ഷയായി. കൈവരി തടസ്സമായി നിന്നത് കൊണ്ട് കാട്ടാനയുടെ തുടര്‍ന്നുള്ള ആക്രമണത്തില്‍ നിന്ന് തമ്പി രക്ഷപ്പെട്ടു. നിസാര പരിക്കേറ്റ തമ്പിയെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കെഎസ്ആര്‍ടിസി ബസിനു പിന്നാലെയും കാട്ടാന ഓടി. ഒരുമണിക്കൂറോളം കടകള്‍ക്കും ഹോട്ടലുകള്‍ക്കുമിടയിലൂടെ ഓടിനടന്ന കാട്ടാന നഗരത്തെ അക്ഷരാര്‍ഥത്തില്‍ ഭീതിയിലാഴ്ത്തി. നഗരസഭാ ഓഫിസിനു മുന്നിലും കാട്ടാന ഓടിനടന്നു. കാട്ടാന ഇപ്പോള്‍ വനത്തോടു ചേര്‍ന്നു മുള്ളന്‍കുന്ന് ഭാഗത്തുണ്ടെന്നും ആളുകള്‍ ജാഗ്രത പുലര്‍ത്തണമെന്നും വനംവകുപ്പ് അറിയിച്ചു.
തമിഴ്‌നാട്ടില്‍നിന്നു വനംവകുപ്പ് പിടികൂടി കാട്ടില്‍ വിട്ട കൊലയാളി ആനയാണിതെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്നലെ ഉച്ച മുതല്‍ കാട്ടാന കൃഷിയിടങ്ങളില്‍ ഉണ്ടായിരുന്നു. വൈകീട്ട് കാട്ടിലേക്കു പോയിക്കാണുമെന്ന നിഗമനത്തിലായിരുന്നു വനപാലകര്‍.