'തീര്‍ഥാടകരെ പിടിച്ചുതള്ളാന്‍ ആരാണ് ഇയാള്‍ക്ക് അധികാരം നല്‍കിയത്'; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ മകരവിളക്ക് ദിവസം തീര്‍ഥാടകരെ ദേവസ്വം ഗാര്‍ഡ് ബലംപ്രയോഗിച്ച് തള്ളിമാറ്റിയ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ടെന്നും തീര്‍ഥാടകരെ ഇത്തരത്തില്‍ തള്ളിനീക്കിയത്…

By :  Editor
Update: 2023-01-16 06:06 GMT

കൊച്ചി: ശബരിമലയില്‍ മകരവിളക്ക് ദിവസം തീര്‍ഥാടകരെ ദേവസ്വം ഗാര്‍ഡ് ബലംപ്രയോഗിച്ച് തള്ളിമാറ്റിയ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ടെന്നും തീര്‍ഥാടകരെ ഇത്തരത്തില്‍ തള്ളിനീക്കിയത് നീതീകരിക്കാനാകാത്തതാണെന്നും ദേവസ്വം ബെഞ്ച് ചൂണ്ടിക്കാട്ടി. തീര്‍ഥാടകരെ പിടിച്ചുതള്ളാന്‍ ആരാണ് ഇയാള്‍ക്ക് അധികാരം നല്‍കിയതെന്നും ഹൈക്കോടതി ചോദിച്ചു.

മകരവിളക്ക് ദിവസം ദീപാരാധനയ്ക്ക് ശേഷം ശ്രീകോവിലിന് മുന്നില്‍ തൊഴാനെത്തിയ തീര്‍ഥാടകരെയാണ് ദേവസ്വം ഗാര്‍ഡ് വളരെ മോശമായ രീതിയില്‍ തള്ളിനീക്കിയത്. ദര്‍ശനം പോലും അനുവദിക്കാത്ത തരത്തില്‍ കായികമായി ഇയാള്‍ ഭക്തരെ തള്ളിനീക്കുന്ന ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. ഇതോടെ സമൂഹ്യമാധ്യമങ്ങളില്‍ ഇയാള്‍ക്കെതിരേ അതിരൂക്ഷ വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് ദേവസ്വം ബെഞ്ച് സ്വമേധയാ കേസ് പരിഗണനയ്ക്ക് എടുത്തത്.

ഒരു ദേവസ്വം ഗാര്‍ഡിന് എങ്ങനെ ഭക്തരുടെ ശരീരത്തില്‍ തൊടാന്‍ കഴിയുമെന്നും കേസ് പരിഗണിക്കുന്നതിനിടെ കോടതി ചോദിച്ചു. സംഭവത്തില്‍ നേരത്തെ ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറോടും പോലീസിനോടും കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു. ശബരിമലയില്‍ എല്ലാവര്‍ക്കും സുഖമമായ ദര്‍ശനം ഉറപ്പാക്കണമെന്നും ശ്രീകോവിലന് മുന്നില്‍ ആരേയും തള്ളിനീക്കരുതെന്നും കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള കര്‍ശന നിര്‍ദേശവും കോടതി നല്‍കിയിരുന്നു. അതിനാല്‍ പോലീസ് അടക്കം ശ്രീകോവിലിന് മുന്നില്‍ ഇത്തവണ ഇടപെടലുകള്‍ നടത്തിയിരുന്നില്ല. അതിനിടയിലാണ് ദേവസ്വം ഗാര്‍ഡിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു പ്രവൃത്തിയുണ്ടായത്.
Tags:    

Similar News