മകളോട് മോശമായി പെരുമാറിയ മദ്യപസംഘത്തെ ചോദ്യം ചെയ്തതിന് ക്രൂരമർദനം; പിതാവ് തൂങ്ങിമരിച്ച നിലയില്‍
കൊല്ലം: കൊല്ലം ആയൂരിൽ മദ്യപസംഘം ആക്രമിച്ചയാൾ തൂങ്ങിമരിച്ചനിലയില്‍. കൊല്ലം സ്വദേശി അജയകുമാറാണ് ആത്മഹത്യ ചെയ്തത്. മകളോട് മോശമായി സംസാരിച്ചതിനെ ചോദ്യം ചെയ്തതിന് ഇയാളെ മദ്യപസംഘം ആക്രമിച്ചിരുന്നു. തൊട്ടുപിന്നാലെ…
കൊല്ലം: കൊല്ലം ആയൂരിൽ മദ്യപസംഘം ആക്രമിച്ചയാൾ തൂങ്ങിമരിച്ചനിലയില്‍. കൊല്ലം സ്വദേശി അജയകുമാറാണ് ആത്മഹത്യ ചെയ്തത്. മകളോട് മോശമായി സംസാരിച്ചതിനെ ചോദ്യം ചെയ്തതിന് ഇയാളെ മദ്യപസംഘം ആക്രമിച്ചിരുന്നു. തൊട്ടുപിന്നാലെ അജയകുമാർ ആത്മഹത്യ ചെയ്യുകയായിരുന്നു. മദ്യപരുടെ ആക്രമണത്തിൽ മനംനൊന്താണ് ആത്മഹത്യ എന്നാണ് പരാതി.
ബുധനാഴ്ചയായിരുന്നു സംഭവം. ട്യൂഷൻ കഴിഞ്ഞ് പ്ലസ് വൺ വിദ്യാർഥിനിയായ മകളേയും കൂട്ടി ബൈക്കിൽ വരികയായിരുന്നു അജയകുമാർ. ഈ സമയത്ത് നാലുപേർ ചേർന്ന് മദ്യപിക്കുകയായിരുന്നു. വഴിയിൽ വെച്ച് വിദ്യാർഥിനിയായ മകളോട് ഇവർ മോശമായി സംസാരിച്ചു. തുടർന്ന് മകളെ വീട്ടിലിറക്കിയ ശേഷം തിരികെ പോയി ചോദിക്കുകയായിരുന്നു. ഇതിന്റെ പേരിൽ അജയകുമാറിന് ക്രൂരമർദനമാണ് നേരിടേണ്ടി വന്നത്. ശരീരത്തിലാകമാനം മർദിക്കുകയും ഉടുതുണിയുരിയുകയും ചെയ്തുവെന്നാണ് വിവരം.
സംഭവത്തിന് ശേഷം അജയകുമാർ വീട്ടിൽ എത്തി മുറിയിൽ കിടക്കുകയായിരുന്നു. ഭക്ഷണംകഴിക്കാൻപോലും പുറത്തു വന്നില്ലെന്ന് ഭാര്യ ദീപ്തി പറയുന്നു. വ്യാഴാഴ്ച വൈകിട്ട് ആറരയോടുകൂടി ഇയാൾ പുറത്തേക്ക് പോയി. പിന്നീട് കാണുന്നത് സമീപത്തെ പറമ്പിലെ മരത്തിൽ തൂങ്ങിയ നിലയിലാണ്. തുടർന്ന് ഇന്ന് കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.