കോഴിക്കോട് കെ.എസ്.ആര്.ടി.സി ടെര്‍മിനൽ: 95 ശതമാനം തൂണുകളും ബലപ്പെടുത്തണമെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: കോഴിക്കോട് കെ.എസ്.ആര്.ടി.സി ടെര്‍മിനലിലെ 95 ശതമാനം തൂണുകളും ബലപ്പെടുത്തണമെന്ന് മദ്രാസ് ഐ.ഐ.ടിയുടെ റിപ്പോർട്ട്. കഴിഞ്ഞദിവസം ഗതാഗതമന്ത്രി ആൻറണി രാജുവിനാണ് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചത്. 80 ശതമാനം…
തിരുവനന്തപുരം: കോഴിക്കോട് കെ.എസ്.ആര്.ടി.സി ടെര്‍മിനലിലെ 95 ശതമാനം തൂണുകളും ബലപ്പെടുത്തണമെന്ന് മദ്രാസ് ഐ.ഐ.ടിയുടെ റിപ്പോർട്ട്. കഴിഞ്ഞദിവസം ഗതാഗതമന്ത്രി ആൻറണി രാജുവിനാണ് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചത്. 80 ശതമാനം ബീമുകളും 20 ശതമാനം സ്ലാബുകളും ശക്തിപ്പെടുത്തണം. തൂണുകളിലെ വിള്ളലുകൾ അടച്ചാണ് ബലപ്പെടുത്തേണ്ടത്. 15 മാസമെടുത്താണ് ഐ.ഐ.ടി പഠനം പൂര്‍ത്തിയാക്കിയത്. നവീകരണ ജോലികൾക്ക് 30 കോടി രൂപ ചെലവാകുമെന്നാണ് വിലയിരുത്തൽ. 2015ല്‍ 75 കോടി രൂപ ചെലവിലാണ് ടെര്‍മിനൽ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഐ.ഐ.ടി സ്ട്രക്ചറല്‍ വിഭാഗമാണ് പഠനം നടത്തിയത്. സർക്കാർ തലത്തിൽ വിലയിരുത്തിയ ശേഷം തുടർനടപടിയുണ്ടാകും.
കെട്ടിട സമുച്ചയത്തിന്റെ രൂപകല്പനയില് തന്നെ അപാകതയുണ്ടെന്നും സ്ട്രക്ചറല്‍ ഡിസൈന്‍ ഉള്‍പ്പെടെ മാറ്റിയിട്ടുണ്ടെന്നും വിജിലന്‍സ് നേരേത്ത കണ്ടെത്തിയിരുന്നു. 2007 ലാണ് കെട്ടിടം പണിയാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. 19.73 കോടി രൂപ എസ്റ്റിമേറ്റിൽ തുടങ്ങി 54 കോടിയിൽ എത്തുകയും പിന്നീട് 74.79 കോടിയിൽ പൂർത്തിയാക്കുകയുമാണ് ചെയ്തത്. ഏതാണ്ട് പൂർത്തിയാക്കിയ തുകയുടെ പകുതിയോളം വേണം ഇനി ബലപ്പെടുത്താൻ.