ഇന്ത്യയിൽ സ്ത്രീകള്‍ ലൈംഗിക ചൂഷണം നേരിടുന്നുവെന്ന പരാമര്‍ശത്തില്‍ പറഞ്ഞ ഇരകളുടെ വിവരങ്ങള്‍ വേണം: ഡല്‍ഹി പോലീസ് രാഹുലിന്റെ വസതിയില്‍

ഇന്ത്യയിൽ സ്ത്രീകള്‍ ലൈംഗിക ചൂഷണം നേരിടുന്നുവെന്ന പരാമര്‍ശത്തില്‍ വിശദീകരണം തേടി ഡല്‍ഹി പൊലീസ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വസതിയിൽ. ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പ്രസംഗത്തിൽ…

By :  Editor
Update: 2023-03-19 01:48 GMT

ഇന്ത്യയിൽ സ്ത്രീകള്‍ ലൈംഗിക ചൂഷണം നേരിടുന്നുവെന്ന പരാമര്‍ശത്തില്‍ വിശദീകരണം തേടി ഡല്‍ഹി പൊലീസ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വസതിയിൽ. ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പ്രസംഗത്തിൽ സൂചിപ്പിച്ച ഇരകളുടെ വിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് കമ്മിഷണര്‍ സാഗര്‍ പ്രീത് ഹൂഡയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാഹുലിന്റെ വസതിയിലെത്തിയത്.‘സ്ത്രീകൾ ഇപ്പോഴും ലൈംഗിക ചൂഷണത്തിന് ഇരയാകുന്നു’ എന്നായിരുന്നു ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിൽ പ്രസംഗിക്കവേ ശ്രീനഗറിൽവച്ച് രാഹുൽ പറഞ്ഞത്.

‘രാഹുൽ ഗാന്ധിയോട് സംസാരിക്കാനാണ് ഞങ്ങൾ ഇവിടെ വന്നത്. ഭാരത് ജോഡോ യാത്രയ്ക്കിടെ താൻ നിരവധി സ്ത്രീകളെ കണ്ടെന്നും, അവർ ബലാത്സംഗത്തിന് ഇരകളായെന്ന് വെളിപ്പെടുത്തിയെന്നും ജനുവരി 30ന് ശ്രീനഗറിൽവച്ച് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിൽനിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞ് ഇരകൾക്ക് നീതി ഉറപ്പാക്കാനാണ് ഞങ്ങൾ എത്തിയത്’– സ്പെഷൽ പൊലീസ് കമ്മിഷണർ സാഗർ പ്രീത് ഹൂഡ അറിയിച്ചു.

ലൈംഗിക ചൂഷണത്തിന് ഇരകളായെന്നു പറഞ്ഞ സ്ത്രീകളുടെ വിവരങ്ങൾ ആവശ്യപ്പെട്ട് മാർച്ച് 16ന് ഡൽഹി പൊലീസ് രാഹുൽ ഗാന്ധിക്ക് നോട്ടിസ് അയച്ചിരുന്നു. തുടർന്നാണ് വിവരങ്ങൾ ആവശ്യപ്പെട്ട് പൊലീസ് സംഘം നേരിട്ട് രാഹുലിന്റെ വസതിയിൽ എത്തിയത്.

ഇതിനിടെ രാഹുൽ ഗാന്ധിയുടെ വസതിയിലെത്തിയ കോൺഗ്രസ് വക്താവ് പവൻ ഖേരയെ പൊലീസ് തടഞ്ഞു. കേന്ദ്ര സർക്കാർ‌ ഭയപ്പെടുത്താൻ നോക്കുന്നുവെന്ന് പവൻ ഖേര പ്രതികരിച്ചു. പൊലീസ് അയച്ച നോട്ടിസിന് നിയമസാധുതയില്ലെന്ന് കോൺഗ്രസ് നേരത്തെ പ്രതികരിച്ചിരുന്നു. രാഹുലിനെ ദ്രോഹിക്കാനുള്ള ഡൽഹി പൊലീസിന്റെ മറ്റൊരു നീക്കമാണ് ഇതെന്നാണ് കോൺഗ്രസ് നിലപാട്.

Tags:    

Similar News