പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ കെട്ടിയിട്ട് 57 പവന്‍ സ്വര്‍ണാഭരണവും ഒന്നര ലക്ഷം രൂപയും കവര്‍ന്ന കേസിൽ നാലുപേര്‍ അറസ്റ്റില്‍
പാലക്കാട്: പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ കേസില്‍ നാലുപേര്‍ അറസ്റ്റില്‍. പാലക്കാട് വടവന്നൂര്‍ കൂത്തന്‍പാക്കം വീട്ടില്‍ സുരേഷ് (34), വടവന്നൂര്‍ കൂത്തന്‍പാക്കം…
;പാലക്കാട്: പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ കേസില്‍ നാലുപേര്‍ അറസ്റ്റില്‍. പാലക്കാട് വടവന്നൂര്‍ കൂത്തന്‍പാക്കം വീട്ടില്‍ സുരേഷ് (34), വടവന്നൂര്‍ കൂത്തന്‍പാക്കം വീട്ടില്‍ വിജയകുമാര്‍ (42), നന്ദിയോട് അയ്യപ്പന്‍ചള്ള വീട്ടില്‍ റോബിന്‍ (31), വണ്ടിത്താവളം പരുത്തിക്കാട്ട് മട പ്രദീപ് (38) എന്നിവരെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്.
പിടിയിലായവര്‍ വീട്ടില്‍ കയറി കവര്‍ച്ച നടത്തിയവരല്ല. മോഷണമുതല്‍ വാങ്ങി വില്‍പ്പന നടത്തിയവരാണ് നിലവില്‍ അറസ്റ്റിലായിരിക്കുന്നത്. വീട്ടില്‍ കയറിയ കവര്‍ച്ചാ സംഘത്തെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നു പോലീസ് അറിയിച്ചു. ഇവര്‍ ഒളിവിലാണ്. കവര്‍ച്ചചെയ്ത സ്വര്‍ണം 18,55,000 രൂപയ്ക്ക് കോയമ്പത്തൂരിലുള്ള സേട്ടുവിനു വിറ്റതായി പിടിയിലായവര്‍ പോലീസിനോടു പറഞ്ഞു.
കത്തികാട്ടി ഭീഷണിപ്പെടുത്തിയശേഷം വീട്ടമ്മയെ കെട്ടിയിട്ട് അലമാര കുത്തിത്തുറന്ന് 57 പവന്‍ സ്വര്‍ണാഭരണവും ഒന്നര ലക്ഷം രൂപയും കവര്‍ന്ന കേസിലാണ് അറസ്റ്റ്. കഴിഞ്ഞ 13നു രാവിലെ 10.45നും 11.45നും ഇടയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം.
കല്‍മണ്ഡപം പ്രതിഭാനഗറില്‍ അന്‍സാരിയുടെ ഭാര്യ ഷെഫീനയാണ് ആക്രമണത്തിനിരയായത്. ഷെഫീന വീട്ടില്‍ തനിച്ചായിരിക്കെ, മുന്‍വാതില്‍ തുറന്ന് അകത്തുകയറിയ സംഘം കത്തികാട്ടി ഭീഷണിപ്പെടുത്തുകയും വായില്‍ തുണിതിരുകി സെല്ലോടേപ്പ് ഉപയോഗിച്ച് ബന്ധിക്കുകയും ചെയ്തു. തുടര്‍ന്നു മുറിക്കുള്ളില്‍ കയറി അലമാര തകര്‍ത്ത് ആഭരണങ്ങളും പണവും കവര്‍ന്ന സംഘം വീട്ടിലെ ബൈക്കുമായാണു പുറത്തിറങ്ങിയത്. പിന്നീട് നൂറു മീറ്റര്‍ അകലെ ബൈക്ക് ഉപേക്ഷിച്ച് ഓട്ടോറിക്ഷയില്‍ രക്ഷപ്പെടുകയായിരുന്നു.
പ്രാരംഭഘട്ടത്തില്‍ തെളിവില്ലാതിരുന്ന കേസിനു സി.സി.ടിവി. കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് തുമ്പുണ്ടാക്കിയത്. ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ്, പാലക്കാട് എ.എസ്.പി. എ. ഷാഹുല്‍ ഹമീദ് എന്നിവരുടെ മേല്‍നോട്ടത്തില്‍ കസബ പോലീസ് ഇന്‍സ്‌പെക്ടര്‍ എന്‍.എസ്. രാജീവിന്റെ നിര്‍ദേശാനുസരണം സബ് ഇന്‍സ്‌പെക്ടര്‍മാരായ സി.കെ. രാജേഷ്, എ. രംഗനാഥന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശിവാനന്ദന്‍, നിഷാദ്, ആര്‍. രാജീദ്, മാര്‍ട്ടിന്‍, സിവില്‍ പോലീസ് ഓഫീസര്‍ ജയപ്രകാശ്, ഡാന്‍സാഫിലെ സബ് ഇന്‍സ്‌പെക്ടര്‍ എസ്. ജലീലിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ്, നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ രതീഷ്, രഘു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ കണ്ടത്തിയത്.