വീടിന്റെ ഉമ്മറത്ത് കടുവ; മുന്നില്‍ചെന്നുപെട്ട് വീട്ടുടമ, ഭയന്നുവിറച്ച് നാട്ടുകാര്‍

സീതത്തോട്: ചിറ്റാര്‍-കാരികയത്ത് ജനവാസകേന്ദ്രത്തില്‍ കടുവയെ കണ്ടെത്തിയത് മേഖലയിലെ ജനങ്ങളെയാകെ ഭയാശങ്കയിലാക്കി. വീടിന്റെ ഉമ്മറത്ത് തിണ്ണയില്‍ കിടക്കുകയായിരുന്ന കടുവയുടെ മുമ്പില്‍ ചെന്നുപെട്ട കാരികയം പതാലില്‍ സോമരാജന് തിങ്കളാഴ്ച നേരം…

By :  Editor
Update: 2023-03-20 22:33 GMT

സീതത്തോട്: ചിറ്റാര്‍-കാരികയത്ത് ജനവാസകേന്ദ്രത്തില്‍ കടുവയെ കണ്ടെത്തിയത് മേഖലയിലെ ജനങ്ങളെയാകെ ഭയാശങ്കയിലാക്കി. വീടിന്റെ ഉമ്മറത്ത് തിണ്ണയില്‍ കിടക്കുകയായിരുന്ന കടുവയുടെ മുമ്പില്‍ ചെന്നുപെട്ട കാരികയം പതാലില്‍ സോമരാജന് തിങ്കളാഴ്ച നേരം പുലര്‍ന്ന് മണിക്കൂറുകള്‍ പിന്നിട്ടിട്ടും നടുക്കം വിട്ടുമാറിയില്ല. ഇതൊരു രണ്ടാംജന്മമെന്നാണ് അയല്‍വാസികളും സുഹൃത്തുക്കളുമുള്‍പ്പെടെയുള്ളവര്‍ പറയുന്നത്. പുലര്‍ച്ചെ വീടിന് പുറത്തുള്ള ശുചിമുറിയില്‍ പോയി മടങ്ങി വീട്ടിലേക്ക് വരുമ്പോഴാണ് വീടിന്റെ തിണ്ണയില്‍ കിടന്ന കടുവയുടെ മുമ്പില്‍ ഇദ്ദേഹം ചെന്നുപെടുന്നത്. ഭയന്നുവിറച്ച് ഇയാള്‍ ഒച്ചവെച്ചതോടെ കടുവ ഓടിപ്പോയതിനാല്‍ ജീവന്‍ തിരിച്ചുകിട്ടി.

കാരികയം, മുതലവാരം, പടയനിപ്പാറ മേഖലകളെല്ലാം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളാണ്. കര്‍ഷകരും, സാധാരണ ജനങ്ങളുമാണധികവും. പ്രദേശത്ത് ഇതാദ്യമായാണ് കടുവയുടെ സാന്നിധ്യം കണ്ടെത്തിയത്. സംഭവ സ്ഥലത്ത് എത്തിയ വനപാലകരും വന്നത് കടുവയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കടുവയുടെ കാല്‍പ്പാടുകളും അവര്‍ കണ്ടെത്തി. മണിയാര്‍ പോലീസ് ക്യാമ്പിന് സമീപത്ത് രണ്ട് മാസം മുമ്പ് രണ്ട് തവണ കടുവയെ കണ്ടിരുന്നു. പോലീസ് ക്യാമ്പിലുള്‍പ്പെടെ പ്രദേശത്ത് പോലീസ് അതീവ ജാഗ്രത പുലര്‍ത്തിയിരുന്നു. പിന്നീട് സ്ഥിതിഗതികള്‍ ശാന്തമായി വരുന്നതിനിടെയാണ് ഇപ്പോള്‍ കാരികയത്ത് കടുവയെ കണ്ടെത്തിയത്. ഇതോടെ ഈ മേഖലയില്‍ കടുവയുടെ സ്ഥിര സാന്നിധ്യമുണ്ടെന്ന നിലപാടിലാണ് നാട്ടുകാര്‍. കൊടുമുടി വനമേഖലയിലും കടുവയെ മുമ്പ് കണ്ടിട്ടുണ്ട്.

കടുവയെ കണ്ടെത്തിയതിനാല്‍ പ്രദേശത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ വനപാലകര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരാഴ്ച ടാപ്പിങ് ജോലികള്‍ നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മലയോര മേഖലയിലെ പല സ്ഥലങ്ങളിലും കടുവയുടെയും, പുലിയുടെയും സാന്നിധ്യം ഇപ്പോള്‍ ശക്തമാണ്. മുമ്പ് കാട്ടുപന്നികളാണ് ഭീഷണി ഉയര്‍ത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ കടുവയും കാട്ടുപോത്തുമെല്ലാമാണ് കൃഷിയിടങ്ങള്‍ കൈയടക്കിയിരിക്കുന്നത്. പുലര്‍ച്ചെയുള്ള റബ്ബര്‍ ടാപ്പിങ് കര്‍ഷകര്‍ നിര്‍ത്തിവെച്ചിട്ടുണ്ട് വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളിലെ കൃഷിയിടങ്ങളില്‍ പകല്‍ സമയങ്ങളില്‍പോലും കടന്നുചെല്ലാന്‍ കര്‍ഷകര്‍ ഭയപ്പെടുകയാണ്.

Tags:    

Similar News