കൊച്ചി വിമാനത്താവള റൺവേ തുറന്നു; നിർത്തിവെച്ച സർവീസുകൾ പുനരാരംഭിച്ചു
നെടുമ്പാശേരി: കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ തകർന്നു വീണതിന് പിന്നാലെ താൽകാലികമായി നിർത്തിവെച്ച കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ സർവീസ് പുനരാരംഭിച്ചു. റൺവേ തുറന്നതിന് പിന്നാലെ വിസ്താര എയർലൈനിന്‍റെ വിമാനമാണ്…
നെടുമ്പാശേരി: കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ തകർന്നു വീണതിന് പിന്നാലെ താൽകാലികമായി നിർത്തിവെച്ച കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ സർവീസ് പുനരാരംഭിച്ചു. റൺവേ തുറന്നതിന് പിന്നാലെ വിസ്താര എയർലൈനിന്‍റെ വിമാനമാണ് ആദ്യമായി പറന്നുയർന്നത്. തുടർന്ന് റൺവേ പൂർണ പ്രവർത്തന സജ്ജമായി.
അതേസമയം, കോപ്റ്റർ അപകടത്തിന് പിന്നാലെ കൊച്ചിയിൽ ഇറങ്ങേണ്ട രണ്ട് വിമാനങ്ങൾ തിരുവനന്തപുരത്തേക്ക് വഴിതിരിച്ചുവിട്ടിരുന്നു. ഇതിൽ ഒമാൻ എയർ മാത്രമാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കിയത്. ഈ വിമാനം കൊച്ചി വിമാനത്താവളത്തിൽ തിരിച്ചിറക്കുമെന്നും റിപ്പോർട്ടുണ്ട്.
അപകടത്തെ തുടർന്ന് രണ്ട് മണിക്കൂർ നേരത്തേക്കാണ് വിമന സർവീസ് താൽകാലികമായി നിർത്തിവെച്ചത്. തുടർന്ന് അപകടത്തിൽപ്പെട്ട എ.എൽ.എച്ച് ധ്രുവ് മാർക് 3 ഹെലികോപ്റ്റർ യാർഡിലേക്ക് മാറ്റുകയും സുരക്ഷാ പരിശോധന പൂർത്തിയാക്കുകയും ചെയ്ത ശേഷമാണ് റൺവേ തുറന്നത്.
ഉച്ചക്ക് 12 മണിയോടെയാണ് പരിശീലന പറക്കലിനിടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ കൊച്ചി വിമാനത്താവളത്തിലെ റൺവേക്ക് സമീപം തകർന്നു വീണത്. അപകടസമയത്ത് മൂന്നു പേർ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. ഇതിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.