കൈകാലുകൾ കെട്ടി, വായിൽ തുണി തിരുകി; മലപ്പുറത്ത് ഭർത്താവിനൊപ്പം കിടന്ന യുവതി കൊല്ലപ്പെട്ട നിലയിൽ
പെരിന്തൽമണ്ണ (മലപ്പുറം) ∙ ഏലംകുളത്ത് വീട്ടിൽ ഭർത്താവിനൊപ്പം ഉറങ്ങാൻ കിടന്ന യുവതിയെ കഴുത്തിൽ തുണി മുറുക്കി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. സംഭവ സ്ഥലത്തു നിന്ന് കാണാതായ ഭർത്താവിനെ…
;ഏലംകുളം വായനശാലയ്‌ക്ക് സമീപം പൂത്രൊടി കുഞ്ഞലവിയുടെ മകൾ ഫാത്തിമ ഫഹ്‌ന (30) ആണ് കൊല്ലപ്പെട്ടത്. വീട്ടിൽ നിന്നു പുലർച്ചെ കാണാതായ ഇവരുടെ ഭർത്താവ് മണ്ണാർക്കാട് പള്ളിക്കുന്ന് ആവണക്കുന്ന് പാറപ്പുറവൻ മുഹമ്മദ് റഫീഖിനെ (35) മണ്ണാർക്കാടുള്ള സ്വന്തം വീട്ടിൽ നിന്നു പൊലീസ് പിടികൂടി.
പുലര്‍ച്ചെ നാലോടെയാണ് ഫാത്തിമ ഫഹ്‌നയെ വീട്ടിലെ കിടപ്പുമുറിയില്‍ കൈകാലുകള്‍ ജനലിനോടും കട്ടിലിനോടും ബന്ധിച്ചും വായില്‍ തുണി തിരുകിയനിലയിലും കണ്ടെത്തിയത്. വ്രതാനുഷ്‌ഠനത്തിന്റെ ഭാഗമായി പുലര്‍ച്ചെ ഭക്ഷണം തയാറാക്കാന്‍ എഴുന്നേറ്റ യുവതിയുടെ മാതാവ് നബീസ കിടപ്പുമുറിയുടെയും വീടിന്റെയും വാതിലുകള്‍ തുറന്നുകിടക്കുന്നതുകണ്ട് സംശയംതോന്നി നോക്കിയപ്പോഴാണ് ഫഹ്‌ന കട്ടിലിനുസമീപം നിലത്തുകിടക്കുന്നത് കണ്ടത്. തുടര്‍ന്നു കുഞ്ഞലവിയെയും കുറച്ചകലെയുള്ള നബീസയുടെ സഹോദരനെയും വിവരം അറിയിക്കുകയായിരുന്നു. പെരിന്തല്‍മണ്ണ പൊലീസിന്റെ നിര്‍ദേശപ്രകാരം ജില്ലാ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും മരണമടഞ്ഞിരുന്നു. ഏലംകുളം, പെരിന്തല്‍മണ്ണ, കൊപ്പം എന്നിവിടങ്ങളിലെ ബേക്കറികളില്‍ ഷവര്‍മ നിര്‍മാണ ജോലിക്കാരനായ റഫീഖ് ജോലിയില്ലാത്തപ്പോള്‍ ഏലംകുളത്ത് ഭാര്യവീട്ടിലാണ് താമസം.
ഫഹ്‌നയുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായതിനെ തുടര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്നാണു സംശയം. സംഭവശേഷം ഇയാള്‍ ഓട്ടോറിക്ഷയില്‍ ചെറുകരയിലും അവിടെ നിന്ന് പെരിന്തല്‍മണ്ണയിലും തുടര്‍ന്ന് മണ്ണാര്‍ക്കാട്ടെ വീട്ടിലും എത്തുകയായിരുന്നുവെന്നാണ് വിവരം. മണ്ണാര്‍ക്കാട് പോലീസ് രാവിലെ ഒന്‍പതോടെ വട്ടമ്പലത്തെ വീട്ടിലെത്തി റഫീഖിനെ പിടികൂടി. ഇയാള്‍ക്കു ചെറിയ മാനസിക പ്രശ്‌നങ്ങളുള്ളതായി പോലീസും ബന്ധുക്കളും പറയുന്നു. 2017-ലായിരുന്നു വിവാഹം. നാലുവയസുകാരി ഫിദ മകളാണ്.