മലപ്പുറത്ത് ഭർത്താവിനൊപ്പം കിടന്ന യുവതി കൊല്ലപ്പെട്ട സംഭവം; ലൈംഗികാവശ്യം നിഷേധിച്ചതിലുള്ള വിരോധം; ഭർത്താവ് അറസ്റ്റിൽ

പെരിന്തൽമണ്ണ: ഏലംകുളത്ത് തനിക്കൊപ്പം ഉറങ്ങാൻ കിടന്ന യുവതിയെ ഭർത്താവ് കൊന്നത് ലൈംഗികാവശ്യം നിരാകരിച്ചതിലുള്ള വിരോധവും ഭാര്യയെക്കുറിച്ചുള്ള സംശയവും മൂലമാണെന്ന് പൊലീസ്. സംഭവത്തിൽ ഭർത്താവ് മണ്ണാർക്കാട് പള്ളിക്കുന്ന് ആവണക്കുന്ന്…

By :  Editor
Update: 2023-04-09 23:42 GMT

പെരിന്തൽമണ്ണ: ഏലംകുളത്ത് തനിക്കൊപ്പം ഉറങ്ങാൻ കിടന്ന യുവതിയെ ഭർത്താവ് കൊന്നത് ലൈംഗികാവശ്യം നിരാകരിച്ചതിലുള്ള വിരോധവും ഭാര്യയെക്കുറിച്ചുള്ള സംശയവും മൂലമാണെന്ന് പൊലീസ്. സംഭവത്തിൽ ഭർത്താവ് മണ്ണാർക്കാട് പള്ളിക്കുന്ന് ആവണക്കുന്ന് സ്വദേശി മുഹമ്മദ് റഫീഖിനെ (35) അറസ്‌റ്റു ചെയ്തു. ഏലംകുളം വായനശാലയ്‌ക്ക് സമീപം താമസിക്കുന്ന പൂത്രൊടി കുഞ്ഞലവിയുടെ മകൾ ഫാത്തിമ ഫഹ്‌ന (30) ആണ് കൊല്ലപ്പെട്ടത്. വെള്ളി അർധരാത്രിക്കു ശേഷമാണ് കേസിനാസ്‌പദമായ സംഭവം. പ്രതിയുടെ ലൈംഗികാവശ്യം നിരാകരിച്ചതിലുള്ള വിരോധവും ഭാര്യയെക്കുറിച്ചുള്ള സംശയവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

അർധരാത്രി കഴിഞ്ഞ് ഫഹ്‌നയും ഭർത്താവും ഉറങ്ങാൻ കിടന്ന മുറിയിൽ നിന്ന് ഒച്ചയും ബഹളവും കേട്ട് അടുത്ത മുറിയിൽ കിടന്നുറങ്ങുകയായിരുന്ന ഫഹ്‌നയുടെ മാതാവ് നഫീസ എഴുന്നേറ്റപ്പോൾ കിടപ്പുമുറിയുടെയും വീടിന്റെയും വാതിലുകൾ തുറന്നു കിടക്കുന്നതായി കണ്ടു. റഫീഖ് വീട്ടിൽ നിന്ന് ഓടിപ്പോകുന്നത് കണ്ട‌തായും പൊലീസ് പറഞ്ഞു. സംശയം തോന്നി മുറിയിലെത്തി നോക്കിയപ്പോഴാണ് ഹഫ്‌നയെ കൈകാലുകൾ ജനലിനോടും കട്ടിലിനോടും ബന്ധിച്ചും കഴുത്തിൽ തുണി കുരുക്കിയ നിലയിലും കണ്ടെത്തിയത്. തുടർന്ന് നഫീസ ബന്ധുക്കളെ അറിയിച്ചു. ബന്ധുക്കൾ ഉടൻതന്നെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.ഫഹ്നയുടെ ദേഹത്തു നിന്ന് കാണാതായ ആഭരണങ്ങൾ പൊലീസ് പ്രതിയുടെ മണ്ണാർക്കാട്ടെ വീട്ടിൽ നിന്ന് കണ്ടെടുത്തു. പ്രതിയെ പെരിന്തൽമണ്ണ കോടതിയുടെ ചുമതലയുള്ള തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

മുഹമ്മദ് റഫീഖ് മറ്റു ചില കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് റെയിൽവേ പൊലീസിൽ കളവു കേസിലും കല്ലടിക്കോട് പൊലീസ് സ്‌റ്റേഷൻ പരിധിയിൽ 2021 ൽ എടിഎമ്മിന് തീയിട്ട് നശിപ്പിക്കാൻ ശ്രമിച്ച കേസിലും ഇയാൾ പ്രതിയാണെന്ന് സിഐ സി.അലവി പറഞ്ഞു.ഏഴിന് രാത്രി ഫഹ്‌നയും റഫീഖും ഇവരുടെ നാലര വയസ്സുള്ള മകളുംകൂടി രാത്രി ഭക്ഷണ ശേഷം ഉറങ്ങാൻ കിടന്നതായിരുന്നു. അതിനു ശേഷമാണ് ഇരുവരും തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിനു ശേഷം ഏലംകുളത്തെ വീട്ടിൽ നിന്ന് ഓട്ടോറിക്ഷയിലാണ് പ്രതി ചെറുകരയിലെത്തിയത്. അവിടെ നിന്ന് ബസിൽ പെരിന്തൽമണ്ണയിലും പിന്നീട് മറ്റൊരു ബസിൽ മണ്ണാർക്കാട്ടും എത്തി.

കൃത്യം നടന്ന് മണിക്കൂറുകൾക്ക് ശേഷം പൊലീസ് അന്വേഷിച്ച് എത്തുമ്പോൾ പ്രതി പള്ളിക്കുന്ന് ആവണക്കുന്നുള്ള വീട്ടിലുണ്ടായിരുന്നു. ഇവിടെ നിന്നാണ് കസ്‌റ്റഡിയിലെടുത്തത്. കിടപ്പു മുറിയിൽ നിന്ന് ഹഫ്നയുടെ കാണാതായ സ്വർണാഭരണങ്ങളും പ്രതി സംഭവ സമയത്ത് ധരിച്ചിരുന്ന വസ്‌ത്രങ്ങളും ബാഗിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തി. ഫഹ്‌നയും റഫീഖും തമ്മിൽ ഉറങ്ങാൻ കിടക്കുന്നതു വരെ പ്രശ്‌നങ്ങളില്ലായിരുന്നുവെന്നാണ് വീട്ടിലുണ്ടായിരുന്ന മാതാപിതാക്കൾ പൊലീസിന് മൊഴി നൽകിയിട്ടുള്ളത്. കൊലപാതകം നടന്ന വീട്ടിലെ മുറി പൊലീസ് സീൽ ചെയ്‌തിരിക്കുകയാണ്. നിലവിൽ കൊലപാതകത്തിനുള്ള വകുപ്പ് ഉൾപ്പെടുത്തിയാണ് കേസെടുത്തിട്ടുള്ളത്.എസ്ഐ അലി, എഎസ്‌ഐ വിശ്വംഭരൻ, എഎസ്‌ഐ അനിത, എസ്‌സിപിഒമാരായ സിന്ധു, രേഖാമോൾ, ജയേഷ്, ഉല്ലാസ്, സിപിഒ പ്രവീൺ, ഷജീർ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Tags:    

Similar News