കോഴികളെ പേടിപ്പിച്ചു കൊല്ലാൻ ശ്രമം, ചത്തത് 1100 കോഴികൾ; പ്രതിക്ക് 6 മാസം തടവ്
അയൽക്കാരന്റെ കോഴികളെ പേടിപ്പിച്ചു കൊല്ലാൻ ശ്രമിച്ച കുറ്റത്തിന് തടവുശിക്ഷ. ചൊവ്വാഴ്ച ചൈനയിലെ ഹുനാൻ പ്രവിശ്യയിലാണ് സംഭവം. അയല്‍ക്കാരനോടുള്ള പകയാണ് സംഭവത്തിന് പിന്നിലെന്ന് പ്രതിയായ ഗു പറഞ്ഞു. കോഴികളെ…
;അയൽക്കാരന്റെ കോഴികളെ പേടിപ്പിച്ചു കൊല്ലാൻ ശ്രമിച്ച കുറ്റത്തിന് തടവുശിക്ഷ. ചൊവ്വാഴ്ച ചൈനയിലെ ഹുനാൻ പ്രവിശ്യയിലാണ് സംഭവം. അയല്‍ക്കാരനോടുള്ള പകയാണ് സംഭവത്തിന് പിന്നിലെന്ന് പ്രതിയായ ഗു പറഞ്ഞു. കോഴികളെ പേടിപ്പിക്കാനായി ഗു ഫ്ലാഷ്‌ലൈറ്റുമായി ആയിരക്കണക്കിന് കോഴികളുള്ള കൂടിനടുത്തെത്തി. ഇതുവഴി കോഴികൾ പരസ്പരം കൊത്തിച്ചാവും എന്നാണ് താന്‍ വിചാരിച്ചിരുന്നതെന്നും പ്രതി പൊലിസിന് മൊഴി നല്‍കി.
എന്നാല്‍ വെളിച്ചം കണ്ടതോടെ കോഴികളെല്ലാം കൂടിന്റെ ഒരു ഭാഗത്തേക്ക് മാറിപ്പോവുകയും അവിടെ വച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിൽ അവ പരസ്പരം ചവിട്ടി അക്രമിക്കുകയും ചെയ്യുകയായിരുന്നു. ഇതിന് മുന്‍പും പ്രതി അയൽക്കാരന്റെ കോഴികളെ പാർപ്പിച്ചിരിക്കുന്ന സ്ഥലത്തേക്ക് അതിക്രമിച്ച് കയറിയിട്ടുണ്ട്.
അന്ന് ഏകദേശം 500 കോഴികളാണ് ചത്തത്. പിന്നാലെ, ഇയാൾ അറസ്റ്റിലാവുകയും ശിക്ഷയോടൊപ്പം കോഴികളുടെ ഉടമയ്‍ക്ക് ഏകദേശം 35000 രൂപ യുവാൻ അല്ലെങ്കിൽ 436 ഡോളർ നൽകാൻ പൊലീസ് ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിന്‍റെ ദേഷ്യത്തില്‍ വീണ്ടും കോഴികളെ ഉപദ്രവിക്കാന്‍ പ്രതി ലക്ഷ്യമിടുകയായിരുന്നു.
രണ്ട് തവണയായി നടത്തിയ ശ്രമത്തിൽ ആകെ 1100 കോഴികൾ ചത്തതായി അധികൃതർ പറയുന്നു. 2022 മുതലാണ് ഗുവും അയൽക്കാരൻ സോംഗും തമ്മിലുള്ള വഴക്ക് ആരംഭിച്ചത്. സോംഗിന്റെ അതിർത്തിയിൽ നിൽക്കുന്ന മരം ഗു മുന്നറിയിപ്പില്ലാതെ വെട്ടിമാറ്റിയതോടെയാണ് ഇരുവരും തമ്മിലുള്ള തർക്കം ആരംഭിച്ചത്. തുടര്‍ച്ചയായി സോംഗിനെ ബുദ്ധിമുട്ടിച്ചതിന് ഇപ്പോൾ വീണ്ടും ഗു ശിക്ഷിക്കപ്പെട്ടിരിക്കുകയാണ്. 13,840 യുവാൻ അഥവാ 2,015 ഡോളറിന്റെ സാമ്പത്തിക നഷ്ടമാണ് ഉടമസ്ഥന് സംഭവിച്ചിരിക്കുന്നത്. സോംഗിന് മനപ്പൂർവ്വം സ്വത്ത് നഷ്‌ടമുണ്ടാക്കി എന്ന കുറ്റം ചുമത്തിയാണ് ഗു വിന് കോടതി ശിക്ഷ നടപ്പാക്കിയത്.ആറ് മാസം തടവാണ് കോടതി വിധിച്ചത്.