കൊച്ചിയിലെ മോദിയുടെ റോഡ് ഷോ: കൂടുതല്‍ ആളുകളെത്തുന്നതില്‍ പോലീസിന് ആശങ്ക; ഉന്നതതല യോഗത്തില്‍ ഭിന്നത

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ നടത്തുന്ന റോഡ് ഷോയിൽ ആളെ പങ്കെടുപ്പിക്കുന്നതിനെ സംബന്ധിച്ച് ചീഫ് സെക്രട്ടറി അവലോകനയോഗം വിളിച്ചു. റോഡ് ഷോയിൽ ആളെ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച് യോഗത്തിൽ…

;

By :  Editor
Update: 2023-04-22 07:15 GMT

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ നടത്തുന്ന റോഡ് ഷോയിൽ ആളെ പങ്കെടുപ്പിക്കുന്നതിനെ സംബന്ധിച്ച് ചീഫ് സെക്രട്ടറി അവലോകനയോഗം വിളിച്ചു. റോഡ് ഷോയിൽ ആളെ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച് യോഗത്തിൽ വ്യത്യസ്ത അഭിപ്രായം ഉയർന്നു. റോഡ് ഷോയിൽ കൂടുതൽ ആളുകള്‍ പങ്കെടുക്കുന്നതിലുള്ള ആശങ്ക പൊലീസ് ഉദ്യോഗസ്ഥർ പങ്കുവച്ചു. പൊലീസ് പറയുന്നത്ര ആളുകൾ റോഡ് ഷോയിൽ ഉണ്ടാകില്ലെന്ന് ബിജെപി നേതൃത്വം അറിയിച്ചു.

സതേൺ നേവൽ കമാൻഡിന്റെ നേവൽ എയർ സ്റ്റേഷനായ ഐഎൻഎസ് ഗരുഡയിൽനിന്ന് സേക്രട്ട് ഹാർട്ട് കോളജ് വരെയാണ് റോഡ് ഷോയ്ക്ക് തീരുമാനിച്ചിരിക്കുന്നത്. അതിനുശേഷം കോളജ് ഗ്രൗണ്ടിൽ ‘യുവം’ പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. പ്രധാനമന്ത്രിയുടെ പരിപാടികളുടെ നടത്തിപ്പ് വിലയിരുത്താനായാണ് ഓൺലൈനായി യോഗം ചേർന്നത്. ഡിജിപി, ക്രമസമാധാന ചുമതലയുള്ള എഡിജിപി, തിരുവനന്തപുരം കൊച്ചി സിറ്റി പൊലീസ് കമ്മിഷണർമാർ, സോൺ ഐജിമാർ, സുരക്ഷാ ചുമതലയുള്ള മുതിർന്ന ഉദ്യോഗസ്ഥർ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

റോഡ് ഷോയിൽ ആള്‍ കൂടുന്നതിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപി ആശങ്ക പ്രകടിപ്പിച്ചു. ഒന്നര കിലോമീറ്റർ ദൂരത്തിൽ മാത്രമേ പ്രവർത്തകർ ഉണ്ടാകൂ എന്ന് ബിജെപി പ്രസിഡന്റ് വ്യക്തമാക്കി. എന്നാൽ, പ്രതീക്ഷിക്കുന്നതിലും കൂടുതൽ ആളുകൾ വരാൻ സാധ്യതയുണ്ടെന്നും നിയന്ത്രണം ഏർപ്പെടുത്തണമെന്നും എഡിജിപി വ്യക്തമാക്കി. വാഹനങ്ങളിൽ ആളുകളെ കൊണ്ടുവരുന്നില്ലെന്നും പ്രധാനമന്ത്രിയെ കാണാൻ ജനങ്ങൾ റോഡരികിൽ തടിച്ചു കൂടിയാൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നും ബിജെപി പ്രസിഡന്റ് വ്യക്തമാക്കി.

പ്രധാനമന്ത്രി പങ്കെടുക്കുന്ന യുവം പരിപാടിയിൽ റജിസ്റ്റർ ചെയ്ത ആളുകളാണ് പങ്കെടുക്കുന്നത്. പ്രധാനമന്ത്രി ചടങ്ങിൽ പങ്കെടുത്ത് പോയശേഷം നിശ്ചിത സമയം കഴിഞ്ഞു മാത്രമേ ഗ്രൗണ്ടിലെ ആളുകളെ പുറത്തേക്ക് വിടാവൂ എന്ന അഭിപ്രായം പൊലീസ് പങ്കുവച്ചു. ചൂട് കൂടിയ കാലാവസ്ഥയിൽ ജനങ്ങളെ പിടിച്ചിരുത്താനാകുമോ എന്ന ആശങ്ക ബിജെപി നേതൃത്വം ഉന്നയിച്ചു. പ്രധാനമന്ത്രിയുടെ സഞ്ചാരപാതയല്ലാത്ത മറ്റു റോഡുകളിൽ കൂടി ആളുകളെ വിടാനാകുമോയെന്നത് കണക്കിലെടുക്കണമെന്നും ബിജെപി നേതൃത്വം അഭ്യർഥിച്ചു.

ഇതേക്കുറിച്ച് അന്തിമ തീരുമാനമെടുക്കാൻ ബിജെപി നേതൃത്വം കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുമായി ചർച്ച നടത്തും. പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഊമക്കത്ത് ലഭിച്ചതോടെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഈ മാസം 18നാണ് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസിൽ കത്ത് ലഭിച്ചത്. ഓഫിസ് സെക്രട്ടറി ബിജെപി നേതൃത്വത്തിന്റെ നിർദേശം അനുസരിച്ച് കത്ത് ഡിജിപിക്ക് കൈമാറുകയായിരുന്നു.

Tags:    

Similar News