താനൂർ ബോട്ടപകടം,”സ്പോൺസർ ചെയ്ത കൂട്ടക്കൊല “; ടൂറിസം വകുപ്പും മന്ത്രിയും ഉത്തരവാദികളെന്ന് കെ സുധാകരൻ

താനൂർ ബോട്ടപകടത്തിൽ ടൂറിസം വകുപ്പിനെയും മന്ത്രിയേയും പഴിചാരി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.താനൂരിലെ ബോട്ടപകടം സർക്കാർ സ്പോൺസർ ചെയ്ത കൂട്ടക്കൊലയാണെന്ന് കെ സുധാകരൻ പറഞ്ഞു. അപകടത്തിന്റെ ഉത്തരവാദി…

By :  Editor
Update: 2023-05-07 23:24 GMT
താനൂർ ബോട്ടപകടത്തിൽ ടൂറിസം വകുപ്പിനെയും മന്ത്രിയേയും പഴിചാരി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.താനൂരിലെ ബോട്ടപകടം സർക്കാർ സ്പോൺസർ ചെയ്ത കൂട്ടക്കൊലയാണെന്ന് കെ സുധാകരൻ പറഞ്ഞു. അപകടത്തിന്റെ ഉത്തരവാദി ടൂറിസം വകുപ്പും മന്ത്രി പിഎ മുഹമ്മദ് റിയാസുമാണന്നായിരുന്നു ആരോപണം.
വകുപ്പുകളുടെ ഗുരുതര അശ്രദ്ധയും അലംഭാവവുമാണ് അപകടത്തിലേക്ക് നയിച്ചത്. ഇക്കാര്യത്തിൽ നിഷ്‌പക്ഷ അന്വേഷണവും ശക്തമായ നടപടിയും സ്വീകരിക്കണം. മരിച്ചവരുടെ ബന്ധുക്കൾക്കും പരിക്കേറ്റവർക്കും ഉടൻ നഷ്ടപരിഹാരം നൽകണമെന്നും സുധാകരൻ പ്രസ്താവനയിൽ പറഞ്ഞു.

കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവന;

താനൂരിൽ നിന്നുള്ള ബോട്ടപകടത്തിന്റെ വാർത്ത കേട്ടപ്പോൾ ഹൃദയം നുറുങ്ങി പോകുന്ന വേദനയാണ് തോന്നിയത്. പിഞ്ചുകുഞ്ഞുങ്ങൾ അടക്കം 22 ജീവനുകളാണ് നഷ്ടപ്പെട്ടത്. നമ്മെ വിട്ടുപിരിഞ്ഞവർക്ക് ആദരാഞ്ജലികൾ. അവരുടെ ഉറ്റവർക്കും ഉടയവർക്കും ഈ വിയോഗങ്ങൾ താങ്ങാനുള്ള മനക്കരുത്ത് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

യാദൃശ്ചികമായി സംഭവിച്ച അപകടം എന്ന നിലയിൽ അല്ല താനൂർ സംഭവത്തെ കാണേണ്ടത്. ബന്ധപ്പെട്ട വകുപ്പുകളുടെ ഗുരുതരമായ അശ്രദ്ധയും അലംഭാവവും ഈ ദാരുണ സംഭവത്തിലേക്ക് വഴി തെളിച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളം ബീച്ചുകളിൽ സാഹസികമായ ബോട്ട് യാത്രകൾ നടക്കുന്നുണ്ട്. യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഭരണകൂട ഒത്താശയോടു കൂടി ഇത്തരം വിനോദങ്ങൾ നടത്തപ്പെടുന്നത്. അത്തരത്തിൽ അനധികൃതമായി നടത്തിയ ഒരു ബോട്ട് സർവീസ് ആണ് ഇന്നലെ ദുരന്തത്തിൽ കലാശിച്ചത്.

ഇതിനെ വെറും ബോട്ട് അപകടം എന്ന് കരുതി തള്ളിക്കളയാൻ ആവില്ല . ഭരണകൂടം “സ്പോൺസർ ചെയ്ത കൂട്ടക്കൊല ” യ്ക്ക് തുല്യമാണ് ഇന്നലെ നടന്ന ബോട്ടപകടത്തിലെ ദാരുണ മരണങ്ങൾ. ടൂറിസം വകുപ്പും ടൂറിസം മന്ത്രിയും ആണ് ഇതിന്റെ പ്രധാന ഉത്തരവാദികൾ . എന്തു മാനദണ്ഡപ്രകാരമാണ് ഫിറ്റ്നസ് ഇല്ലാത്ത ഇത്തരം ബോട്ടുകൾ ജനങ്ങളുടെ ജീവൻ പന്താടിക്കൊണ്ട് യാത്രകൾ നടത്തുന്നതെന്ന് ടൂറിസം വകുപ്പ് വ്യക്തമാക്കണം.

രാഷ്ട്രീയ ധാർമികത എന്നത് സിപിഎമ്മിന്റെ ഏഴയലത്ത് കൂടി പോയിട്ടില്ലാത്തതുകൊണ്ട് ഈ ദുരന്തത്തിൽ ടൂറിസം മന്ത്രിയുടെ രാജി ഒന്നും പൊതുസമൂഹം പ്രതീക്ഷിക്കുന്നില്ല. പക്ഷേ സർക്കാർ സംവിധാനങ്ങളുടെ കെടുകാര്യസ്ഥത 22 ജീവനുകൾ എടുത്ത കാര്യം പ്രബുദ്ധ കേരളം കണ്ണു തുറന്നു കാണണം. താനൂർ ബോട്ട് അപകടത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്താനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഗുരുതരമായ വീഴ്ചകളിൽ ശക്തമായ നടപടികൾ എടുക്കുവാനും സർക്കാർ തയ്യാറാകണം. മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും ബന്ധുക്കൾക്ക് ഉചിതമായ നഷ്ടപരിഹാരം എത്രയും പെട്ടെന്ന് തന്നെ സർക്കാർ നൽകണം.

Tags:    

Similar News