കാലിക്കറ്റ് സർവ്വകലാശാല ബി സോൺ കലോത്സവത്തിനിടെ പോലീസുകാരെ മർദ്ദിച്ചു; എസ്എഫ്‌ഐ നേതാവുൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

കോഴിക്കോട്: കലോത്സവത്തിനിടെ പോലീസുകാരെ മർദ്ദിച്ച കേസിൽ എസ്എഫ്‌ഐ നേതാവ് ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. ഒളവണ്ണ സ്വദേശിയും എസ്എഫ്‌ഐ കോഴിക്കോട് സൗത്ത് ഏരിയാ സെക്രട്ടറിയുമായ പി. സ്വരാഗ്…

By :  Editor
Update: 2023-06-17 05:56 GMT

കോഴിക്കോട്: കലോത്സവത്തിനിടെ പോലീസുകാരെ മർദ്ദിച്ച കേസിൽ എസ്എഫ്‌ഐ നേതാവ് ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. ഒളവണ്ണ സ്വദേശിയും എസ്എഫ്‌ഐ കോഴിക്കോട് സൗത്ത് ഏരിയാ സെക്രട്ടറിയുമായ പി. സ്വരാഗ് (21), കൊടിനാട്ടുമുക്ക് ആശാരിക്കണ്ടി വീട്ടിൽ ഹ്രിതുൽ (19) എന്നിവരാണ് അറസ്റ്റിലായത്. കാലിക്കറ്റ് സർവ്വകലശാല ബി സോൺ കലോത്സവത്തിനിടെ ആയിരുന്നു ഇവർ പോലീസുകാരെ മർദ്ദിച്ചത്.

കോഴിക്കോട് ഗവ. ആർട്‌സ് ആന്റ് സയൻസ് കോളേജിൽ ആയിരുന്നു ബി സോൺ കലോത്സവം നടന്നത്. കലോത്സവത്തിന്റെ വളന്റിയർമാരായിരുന്നു ഇരുവരും. കലോത്സവത്തിന് സുരക്ഷയൊരുക്കാൻ എത്തിയ പന്നിയങ്കര എസ്‌ഐ കിരൺ, നല്ലളം എസ്‌ഐ റിഷാദ് അലി എന്നിവർക്കാണ് മർദ്ദനം ഏറ്റത്. കലോത്സവത്തിനിടെ സ്വരാഗും ഹ്രിതുലും ചേർന്ന് രണ്ട് വിദ്യാർത്ഥികളെ മർദ്ദിക്കുന്നത് കണ്ട് തടയാൻ എത്തിയതായിരുന്നു കിരൺ. ഇതിൽ അരിശംപൂണ്ട പ്രതികൾ കിരണിനെയും മർദ്ദിക്കുകയായിരുന്നു. ഇത് തടയാൻ എത്തിയതായിരുന്നു റിഷാദ് അലി.

സംഭവത്തിൽ കണ്ടാൽ അറിയാവുന്ന 30 ഓളം പേർക്കെതിരെ പന്നിയങ്കര പോലീസ് കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് എസ്എഫ്‌ഐ നേതാവ് ഉൾപ്പെടെ രണ്ട് പേരെ അറസ്റ്റ് ചെയ്തത്. അതേസമയം സംഭവത്തിൽ കേസ് എടുത്തിട്ടും, പ്രതികളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടും പോലീസ് അറസ്റ്റുൾപ്പെടെയുള്ള നടപടികളിലേക്ക് കടന്നിരുന്നില്ല. ഇത് സേനയിൽ തന്നെ വലിയ അതൃപ്തിയ്ക്ക് കാരണം ആയിരുന്നു.

Tags:    

Similar News