ഒഡീഷ തീവണ്ടി ദുരന്തം; ചോദ്യം ചെയ്യലിന് പിന്നാലെ സിഗ്നൽ എൻജിനീയർ ഒളിവിൽ പോയി; വീട് സീൽ ചെയ്ത് സിബിഐ; അമീർ ഖാനായി തിരച്ചിൽ ഊർജ്ജിതം
ഭുവനേശ്വർ: ഒഡീഷയിലുണ്ടായ തീവണ്ടി ദുരന്തവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തതിന് പിന്നാലെ റെയിൽവേ ഉദ്യോഗസ്ഥൻ ഒളിവിൽ പോയി. സോറോ സെക്ഷൻ സിഗ്നൽ ജൂനിയർ എൻജിനീയർ ജെ.ഇ അമീർ ഖാനെയാണ്…
ഭുവനേശ്വർ: ഒഡീഷയിലുണ്ടായ തീവണ്ടി ദുരന്തവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തതിന് പിന്നാലെ റെയിൽവേ ഉദ്യോഗസ്ഥൻ ഒളിവിൽ പോയി. സോറോ സെക്ഷൻ സിഗ്നൽ ജൂനിയർ എൻജിനീയർ ജെ.ഇ അമീർ ഖാനെയാണ് കാണാതെയായത്. ഇതിന് പിന്നാലെ പോലീസ് എത്തി ഇയാൾ താമസിച്ചിരുന്ന വാടക വീട് സീൽ ചെയ്തു.
ഇന്റർലോക്കിംഗ് ഉണ്ടായ പിഴയാണ് രാജ്യത്തെ ഞെട്ടിച്ച വൻ ദുരന്തത്തിന് കാരണമായത് എന്നാണ് കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ ലഭിക്കുന്നതിനായി കഴിഞ്ഞ ദിവസം അമീർ ഖാനെ സോറോയിലെ അന്നപൂർണ റൈസ് മില്ലിന് സമീപത്തെ വാടക വീട്ടിൽ എത്തി സിബിഐ ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷം ഇന്നലെയും ചോദ്യം ചെയ്യാനായി സിബിഐ സംഘം ഇയാളുടെ വീട്ടിൽ എത്തിയിരുന്നു. എന്നാൽ വീട് പൂട്ടിയ നിലയിൽ ആയിരുന്നു. ഫോണിൽ ഇയാളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതോടെ ഒളിവിൽ പോയതായി സ്ഥിരീകരിക്കുകയായിരുന്നു.
സീൽ ചെയ്ത വീടിന് ചുറ്റും കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. അമീർ ഖാന്റെ ഫോൺ ഉൾപ്പെടെ കേന്ദ്രീകരിച്ച് ഊർജ്ജിത അന്വഷണമാണ് നടത്തുന്നത്. അമീർ ഖാനെ കാണാനില്ലെന്ന് കാട്ടി വീട്ടുകാരും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.അതേസമയം അപകടം ഉണ്ടായ ബഹനഗ സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററെയും വീട്ടിലെത്തിയും സിബിഐ സംഘം ചോദ്യം ചെയ്തു.