അരുംകൊലക്കുശേഷം കാല്‍ നൂറ്റാണ്ടിലധികം ഒളിവില്‍ താമസിച്ച അച്ചാമ്മയുടെ അറസ്റ്റില്‍ അമ്പരന്നു നാട്ടുകാര്‍

പോത്താനിക്കാട്: അരുംകൊലക്കുശേഷം കാല്‍ നൂറ്റാണ്ടിലധികം ഒളിവില്‍ താമസിച്ച അച്ചാമ്മ(51)യുടെ അറസ്റ്റില്‍ അമ്പരന്നു നാട്ടുകാര്‍. അയല്‍വാസികള്‍ക്കും നാട്ടുകാര്‍ക്കും സുപരിചിതയായിരുന്ന ഇവര്‍ നാട്ടിലെ സൗമ്യ സാന്നിധ്യമായിരുന്നു. മാവേലിക്കരയില്‍ വീട്ടമ്മയായ കുഴിപ്പറമ്പില്‍…

By :  Editor
Update: 2023-06-27 00:20 GMT

പോത്താനിക്കാട്: അരുംകൊലക്കുശേഷം കാല്‍ നൂറ്റാണ്ടിലധികം ഒളിവില്‍ താമസിച്ച അച്ചാമ്മ(51)യുടെ അറസ്റ്റില്‍ അമ്പരന്നു നാട്ടുകാര്‍. അയല്‍വാസികള്‍ക്കും നാട്ടുകാര്‍ക്കും സുപരിചിതയായിരുന്ന ഇവര്‍ നാട്ടിലെ സൗമ്യ സാന്നിധ്യമായിരുന്നു.

മാവേലിക്കരയില്‍ വീട്ടമ്മയായ കുഴിപ്പറമ്പില്‍ മറിയാമ്മയെ കൊലപ്പെടുത്തി സ്വര്‍ണം കവര്‍ന്ന കേസില്‍ ശിക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്ന് 27 വര്‍ഷം ഒളിവില്‍ കഴിഞ്ഞ അച്ചാമ്മ (റെജി-51) എന്ന മിനി രാജു കഴിഞ്ഞ ദിവസമാണ് പോലീസ് പിടിയിലായത്. പല്ലാരിമംഗലം പഞ്ചായത്തിലെ അടിവാട് പ്രദേശത്തായിരുന്നു നാളുകളായി ഇവര്‍ താമസിച്ച് വന്നിരുന്നത്.

കഠിനാധ്വാനിയായിരുന്ന മിനി എല്ലാവരോടും സൗമ്യമായി ഇടപെട്ടിരുന്നുവെന്ന് അയല്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. അടിവാട് ടൗണിലെ വിവിധ സ്ഥാപനങ്ങളില്‍ ജീവനക്കാരിയായും വീടുകളില്‍ ജോലി ചെയ്തും ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്ന അച്ചാമ്മക്ക് ക്രൂരത നിറഞ്ഞ ഇന്നലകളാണ് ഉണ്ടായിരുന്നതെന്ന അറിവ് നാട്ടുകാരില്‍ അമര്‍ഷമായി മാറി.

Full View

മാസച്ചിട്ടികളും ഓണ ഫണ്ടും നടത്തിയിരുന്ന ഇവരുടെ പണ ഇടപാടുകളെല്ലാം കൃത്യമായിരുന്നു. ഇതോടെ നാട്ടുകാരുടെ വിശ്വസം ആര്‍ജിക്കാന്‍ കഴിഞ്ഞു. ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളില്‍ എത്തുന്ന ഉപഭോക്താക്കളോടും നല്ല രീതിയിലാണു പെരുമാറിയിരുന്നത്.

അടിവാട് കവലയ്ക്ക് സമീപമുള്ള ലൈന്‍ കെട്ടിടത്തില്‍ 24 വര്‍ഷം മുമ്പാണ് തമിഴ്‌നാട് സ്വദേശിക്കൊപ്പം താമസം ആരംഭിക്കുന്നത്. തമിഴ് യുവാവുമായുള്ള പ്രണയബന്ധത്തെയും വിവാഹത്തെയും വീട്ടുകാര്‍ എതിര്‍ത്തതു മൂലം കോട്ടയത്തെ സാമ്പത്തിക ഭദ്രതയുള്ള വീട്ടില്‍ നിന്ന് ഇറങ്ങി പോരേണ്ടി വന്നതെന്നാണ് അടുപ്പക്കാരോട് പറഞ്ഞിരുന്നത്.

പതിമൂന്ന് വര്‍ഷം മുമ്പ് പല്ലാരിമംഗലം പഞ്ചായത്ത് 12-ാം വാര്‍ഡില്‍ ചെമ്പഴ പള്ളിക്ക് സമീപം സ്ഥിരതാമസമാക്കിയ ശേഷം ലൈഫ് പദ്ധതിയില്‍ നിന്ന് വീട് സ്വന്തമാക്കി. ഇതിനായി മിനി രാജു എന്ന പേരില്‍ രേഖകളും ഉണ്ടാക്കിയിരുന്നു. കെട്ടിട നിര്‍മ്മാണത്തൊഴിലാളിയായിരുന്ന ഭര്‍ത്താവ് രാജു വിദേശത്തും കുറച്ച് നാള്‍ ജോലി ചെയ്തിരുന്നു. രണ്ട് ആണ്‍മക്കളേയും പഠിപ്പിച്ച് നല്ല നിലയില്‍ എത്തിച്ചു.

ഭര്‍ത്താവിനോ മക്കള്‍ക്കോ മിനിയുടെ മുന്‍ ചരിത്രങ്ങള്‍ അറിയില്ലായിരുന്നു എന്ന് പറയപ്പെടുന്നു. അഞ്ചു വര്‍ഷമായി അടിവാട് ടൗണിലെ തുണിക്കടയില്‍ സെയില്‍സ് ഗേളായി ജോലി ചെയ്ത് വരികയായിരുന്നു. 27 വര്‍ഷം മുമ്പ് കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയാണ് മിനിയെന്ന് നാട്ടുകാര്‍ക്ക് വിശ്വസിക്കാനാകുന്നില്ല.

1990 ഫെബ്രുവരി 21ന് വെെകുന്നേരമാണ് മറിയാമ്മ കൊല്ലപ്പെടുന്നത്. വീടിനുള്ളിലാണ് മറിയാമ്മയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി കൊണ്ട് മറിയാമ്മയുടെ കഴുത്തില്‍ ആഴത്തിലേറ്റ മുറിവാണ് മരണ കാരണമായതെന്നാണ് റിപ്പോർട്ടുകൾ. കൈകളിലും പുറത്തുമായി 9 കുത്തുകളേറ്റിരുന്നു. മൂന്നര പവൻ്റെ താലിമാലയും രണ്ടു ഗ്രാമിന്റെ കമ്മലും നഷ്ടമായി. മറിയാമ്മയുടെ മൂന്നര പവന്റെ താലിമാല അപഹരിച്ച പ്രതി ചെവി അറുത്തു മാറ്റിയാണ് ഒരു കാതില്‍ നിന്നും കമ്മല്‍ ഊരി എടുത്തത്. മറിയാമ്മയുടെ കൈകളിലും, പുറത്തുമായി ഒന്‍പതോളം കുത്തുകളേറ്റിരുന്നു എന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടുവേലയ്ക്ക് നിന്നിരുന്ന റെജിയാണ് കൊല നടത്തിയതെന്ന് വ്യക്തമാകുന്നത്. അതേസമയം 1993ല്‍ സംശയത്തിൻ്റെ ആനുകൂല്യം നല്‍കി മാവേലിക്കര കോടതി റെജിയെ കേസില്‍ വെറുതെ വിടുകയായിരുന്നു. എന്നാൽ പ്രോസിക്യൂഷന്‍ നല്‍കിയ അപ്പീലില്‍ 1996 സെപ്തംബര്‍ 11ന് ഹൈക്കോടതി റെജിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.

Tags:    

Similar News