റബർ കര്‍ഷകര്‍ക്ക് ആശ്വാസമായി റബർ പാൽ വിലയിൽ വൻകുതിപ്പ്
കോട്ടയം: റബർ കര്‍ഷകര്‍ക്ക് ആശ്വാസമായി ലാറ്റക്സ് (റബർ പാൽ) വിലയിൽ വൻകുതിപ്പ്. ശനിയാഴ്ച കിലോക്ക് 175 രൂപക്കുവരെ കച്ചവടം നടന്നതായി വ്യാപാരികൾ പറയുന്നു. വെള്ളിയാഴ്ച 172 രൂപയായിരുന്നു…
കോട്ടയം: റബർ കര്‍ഷകര്‍ക്ക് ആശ്വാസമായി ലാറ്റക്സ് (റബർ പാൽ) വിലയിൽ വൻകുതിപ്പ്. ശനിയാഴ്ച കിലോക്ക് 175 രൂപക്കുവരെ കച്ചവടം നടന്നതായി വ്യാപാരികൾ പറയുന്നു. വെള്ളിയാഴ്ച 172 രൂപയായിരുന്നു ഒരു കിലോ ലാറ്റക്സിന്റെ വിപണി വില. കർഷകർക്ക് 165 രൂപ വരെ ലഭിച്ചു. ലഭ്യത കുറഞ്ഞതും കയറ്റുമതി ആവശ്യം ഉയർന്നതുമാണ് വില ഉയരാന്‍ കാരണം. ഒട്ടുപാൽ വിലയിലും വർധനവുണ്ട്. ശനിയാഴ്ച കിലോക്ക് 81 വരെയായി ഉയർന്നു.
മാര്‍ച്ച് ആദ്യവാരം മുതല്‍ ലാറ്റക്സിന്റെ വില നേരിയ തോതില്‍ ഉയര്‍ന്നു വരികയായിരുന്നു. 115-120 രൂപയായിരുന്നു മാര്‍ച്ച് ആദ്യവാരം. പിന്നീട് ദിവസവും വില ഉയര്‍ന്നു. ഏപ്രില്‍ 27 വരെ ഉയര്‍ന്നുനിന്ന വില പിന്നീട് കുറഞ്ഞു. 150-152 നിലയിൽനിന്ന് വില കഴിഞ്ഞ 20നുശേഷം വീണ്ടും ഉയർന്നു. രണ്ടാഴ്ച കൂടി വില വര്‍ധനയുണ്ടാകുമെന്നാണ് വിപണി നൽകുന്ന സൂചന.
മഴ കനക്കാത്തതിനാൽ തോട്ടങ്ങളിൽ ടാപ്പിങ് നടക്കുന്നുണ്ടെങ്കിലും മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ പാൽ ഉൽപാദനത്തിൽ കുറവുണ്ടായി. നേരത്തേ സ്റ്റോക്ക് ചെയ്തിരുന്ന ലാറ്റക്സ് കഴിഞ്ഞമാസങ്ങളിലായി വലിയതോതിൽ വ്യാപാരികളും കർഷകരും വിറ്റഴിച്ചിരുന്നു. ഇതും ലാറ്റക്സ് ക്ഷാമത്തിന് കാരണമായി.
കോവിഡ് കാലത്ത് സർജിക്കൽ ഗ്ലൗസിന് ആവശ്യമേറിയതോടെ ലാറ്റക്സ് വില ഉയർന്നിരുന്നു. 2021 മേയിൽ 188 രൂപ വരെ ലഭിച്ചു. അഞ്ചുവർഷത്തിനിടയിലെ ഏറ്റവും വലിയ വർധനയായിരുന്നു. പിന്നീട് കുറഞ്ഞു. ലാറ്റക്സ് വില ഉയർന്നതോടെ കർഷകരിൽ പലരും ഷീറ്റ് ഉൽപാദനത്തിൽനിന്ന് മാറി പാൽ നേരിട്ട് നൽകാനും ആരംഭിച്ചിട്ടുണ്ട്. റബർ ഷീറ്റ് ഉണ്ടാക്കുന്നതിന് അധ്വാനം ഏറെയായതിനാൽ കർഷകർക്കും ലാറ്റക്സ് നൽകാനാണ് താൽപര്യം. അടുത്തിടെ ഷീറ്റ് വില കൂടിയതോടെ പലരും ഷീറ്റ് ഉൽപാദനത്തിലേക്ക് മടങ്ങിയിരുന്നു. ഇത്തരക്കാർ വീണ്ടും ലാറ്റക്സ് സംഭരണത്തിന് തുടക്കമിട്ടുണ്ടെന്ന് കർഷകനായ എബി ഐപ്പ് പറഞ്ഞു.
അതേസമയം ലാറ്റക്സ് വില വര്‍ധനക്ക് ആനുപാതികമായി ഷീറ്റ് വില വർധിച്ചിട്ടില്ല. ശനിയാഴ്ച ആര്.എസ്.എസ് നാലിന് 149 രൂപയും അഞ്ചിന് 146 രൂപയുമായിരുന്നു വ്യാപാരവില. എന്നാൽ, ലാറ്റ്കസ് വില വർധന താൽക്കാലികമാണെന്നും ഷീറ്റ് ഉൽപാദനത്തിൽനിന്ന് കർഷകർ പിൻമാറരുതെന്നുമാണ് റബർബോർഡ് പറയുന്നത്.