പിവി അൻവറിനെതിരായ മിച്ചഭൂമി കേസിൽ ഇടപെട്ട് ഹൈക്കോടതി; ഭൂമി തിരിച്ചുപിടിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം; സാവകാശം വേണമെന്ന സർക്കാർ ആവശ്യം തള്ളി | #pvanvar
പി.വി.അന്‍വര്‍ എംഎല്‍എയും കുടുംബവും സ്വന്തമാക്കിയ മിച്ചഭൂമി തിരിച്ചുപിടിക്കാന്‍ സ്വീകരിച്ച നടപടികള്‍ അടുത്ത ചൊവ്വാഴ്ചയ്ക്കകം വിശദമായി സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം. കൂടുതല്‍ സമയം ആവശ്യപ്പെട്ടുള്ള സര്‍ക്കാര്‍ അപേക്ഷ…
പി.വി.അന്‍വര്‍ എംഎല്‍എയും കുടുംബവും സ്വന്തമാക്കിയ മിച്ചഭൂമി തിരിച്ചുപിടിക്കാന്‍ സ്വീകരിച്ച നടപടികള്‍ അടുത്ത ചൊവ്വാഴ്ചയ്ക്കകം വിശദമായി സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം. കൂടുതല്‍ സമയം ആവശ്യപ്പെട്ടുള്ള സര്‍ക്കാര്‍ അപേക്ഷ ഹൈക്കോടതി തള്ളി. വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാനും സർക്കാരിനോട് ജസ്റ്റിസ് എ.രാജാവിജയരാഘവന്‍ ആവശ്യപ്പെട്ടു. അടുത്ത ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും. ഭൂരഹിതനും മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മ കോ-ഓര്‍ഡിനേറ്ററുമായ കെ.വി.ഷാജി സമര്‍പ്പിച്ച കോടതിയലക്ഷ്യഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.
പി.വി. അന്‍വറും കുടുംബവും കൈവശംവയ്ക്കുന്ന പരിധിയില്‍ കവിഞ്ഞ ഭൂമി അഞ്ചുമാസത്തിനകം തിരിച്ചുപിടിക്കണമെന്ന് 2022 ജനുവരിയിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ കോടതി അനുവദിച്ച സമയപരിധി കഴിഞ്ഞ് ഒരു വര്‍ഷത്തിലേറെ ആയിട്ടും നടപടിയൊന്നും സ്വീകരിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഷാജി വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.
പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വച്ചതിനാല്‍ അന്‍വറിനും കുടുംബത്തിനുമെതിരെ കേരള ഭൂപരിഷ്‌ക്കരണ നിയമപ്രകാരം സ്വമേധയാ കേസ് റജിസ്റ്റര്‍ ചെയ്യാന്‍ 2017 ജൂലൈ 19ന് സംസ്ഥാന ലാൻഡ് ബോര്‍ഡ്, താമരശേരി താലൂക്ക് ലാൻഡ് ബോര്‍ഡ് ചെയര്‍മാന് ഉത്തരവു നല്‍കിയിരുന്നു. എന്നാല്‍ ഈ ഉത്തരവ് നടപ്പായില്ല. ഇതോടെ കെ.വി.ഷാജി ഹൈക്കോടതിയെ സമീപിച്ചു. ഈ കേസില്‍ അന്‍വറിന്റെയും കുടുംബത്തിന്റെയും മിച്ചഭൂമി ആറു മാസത്തിനകം തിരിച്ചുപിടിക്കാന്‍ ഹൈക്കോടതി 2020 മാര്‍ച്ച് 20ന് ആദ്യ ഉത്തരവിട്ടു. ഈ ഉത്തരവ് നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് കോടതിയലക്ഷ്യഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഈ രണ്ട് ഉത്തരവും പാലിക്കപ്പെട്ടില്ല.
പി.വി. അന്‍വര്‍ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍നിന്നു മത്സരിച്ചപ്പോള്‍ 226.82 എക്കര്‍ കൈവശം ഉണ്ടെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ മുൻപാകെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് സ്ഥലം രേഖപ്പെടുത്തിയതില്‍ വന്ന പിഴവാണെന്ന് പറഞ്ഞ് രംഗത്തെത്തുകയായിരുന്നു. പരാതിക്കാരനു വേണ്ടി അഭിഭാഷകനായ പിയൂസ് എ.കൊറ്റം ഹാജരായി.