10 സെന്റിമീറ്ററിൽ താഴെ വലുപ്പമുള്ള 5,000 കിലോ അയല കടലിലേക്ക് തിരിച്ച് ഒഴുക്കി ഉദ്യോഗസ്ഥർ; മലപ്പുറം താനൂർ സ്വദേശിയുടെ വള്ളം പിടിച്ചെടുത്തു
ചാവക്കാട്; എടക്കഴിയൂർ തീരത്തോട് ചേർന്ന് അനധികൃത മീൻപിടിത്തം നടത്തിയ മത്സ്യബന്ധന വള്ളം ഫിഷറീസ് ഉദ്യോഗസ്ഥർ പിടികൂടി. പിടിച്ച ചെറുമത്സ്യങ്ങൾ കടലിലേക്കു തന്നെ ഒഴുക്കിവിട്ടു. ഉടമയിൽ നിന്നു പിഴ…
ചാവക്കാട്; എടക്കഴിയൂർ തീരത്തോട് ചേർന്ന് അനധികൃത മീൻപിടിത്തം നടത്തിയ മത്സ്യബന്ധന വള്ളം ഫിഷറീസ് ഉദ്യോഗസ്ഥർ പിടികൂടി. പിടിച്ച ചെറുമത്സ്യങ്ങൾ കടലിലേക്കു തന്നെ ഒഴുക്കിവിട്ടു. ഉടമയിൽ നിന്നു പിഴ ഇൗടാക്കി. അധികൃതരുടെ മുന്നറിയിപ്പ് ലംഘിച്ച് മീൻപിടിത്തം നടത്തിയ മലപ്പുറം താനൂർ സ്വദേശി അബ്ദുൽ ജലീലിന്റെ ഉടമസ്ഥതയിലുള്ള വി.എസ്.എം.–2 എന്ന വള്ളമാണു പിടികൂടിയത്. 10 സെന്റിമീറ്ററിനു താഴെ വലുപ്പമുള്ള 5000 കിലോ അയലയാണ് വള്ളത്തിലുണ്ടായിരുന്നത്.
മത്സ്യസമ്പത്ത് കുറയുന്നുവെന്ന ആശങ്ക നിലനിൽക്കുന്നതിനിടെയാണ് ഇത്തരം നിയമലംഘനങ്ങൾ നടക്കുന്നത്. അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ എം.എൻ.സലേഖയുടെ നേതൃത്വത്തിൽ മുനക്കക്കടവ് കോസ്റ്റൽ പൊലീസ്, ഫിഷറീസ്, മറൈൻ എൻഫോഴ്സ്മെന്റ് എന്നിവരുടെ സംയുക്ത പട്രോളിങ്ങിലാണു വള്ളം പിടിച്ചെടുത്തത്.
കോസ്റ്റൽ സിഐ പി.എ.ഫൈസൽ, എഫ്ഇഒ സുമിത, എൻ.വി.പ്രശാന്ത് കുമാർ, ലൈഫ് ഗാർഡുമാരായ ബി.എച്ച്.ഷഫീഖ്, ഹുസൈൻ, ഷിഹാബ് എന്നിവരാണ് സ്പെഷൽ പട്രോളിങ് ടീമിലുണ്ടായിരുന്നത്. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് ഫിഷറീസ് ഡിഡി കെ.ടി.അനിത അറിയിച്ചു.
ഫോട്ടോ കടപ്പാട് : മനോരമ