സനൂഫും ഫസീലയും ലോഡ്ജില്‍ മുറിയെടുത്തത് മൂന്നു ദിവസത്തേക്ക്; വാടക അന്വേഷിച്ചെത്തിയ ജീവനക്കാര്‍ കണ്ടത് കട്ടിലില്‍ കിടക്കുന്ന യുവതിയെ; കോഴിക്കോട്ട് മുപ്പത്തഞ്ചുകാരിയുടെ മരണത്തിന് പിന്നാലെ മുങ്ങിയ യുവാവിനായി അന്വേഷണം ഊര്‍ജ്ജിതം

സനൂഫിന്റെപേരിൽ ഫസീല ഒറ്റപ്പാലത്ത് നേരത്തേ പീഡനക്കേസ് കൊടുത്തിരുന്നു. വീണ്ടും അയാളുമായി സൗഹൃദത്തിലാവുകയായിരുന്നു

Update: 2024-11-27 06:13 GMT

കോഴിക്കോട്: ലോഡ്ജ് മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിക്കൊപ്പമുണ്ടായിരുന്ന യുവാവിനായി അന്വേഷണം ഊർജ്ജിതം.

മലപ്പുറം വെട്ടത്തൂർ തേലക്കാട് പന്താലത്ത് ഹൗസില്‍ ഫസീല(35)യാണ് മരിച്ചത്. എരഞ്ഞിപ്പാലത്തെ ലോഡ്ജുമുറിയില്‍ ചൊവ്വാഴ്ച രാവിലെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. യുവതിക്കൊപ്പം ലോഡ്ജില്‍ മുറിയെടുത്ത തിരുവില്വാമല സദേശി സനൂഫിനായി പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. ഇയാള്‍ സഞ്ചരിച്ചിരുന്ന കാർ ചൊവ്വാഴ്ച രാത്രി കണ്ടെത്തി. പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷന്റെ പരിധിയിലുള്ള ചക്കാന്തറയിലെ സ്‌കൂളിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കാർ. വണ്ടിയുടെ നമ്പർ  കണ്ടാണ് സനൂഫ് ഉപയോഗിച്ച കാറാണെന്ന് തിരിച്ചറിഞ്ഞത്.

ഇക്കഴിഞ്ഞ 24-ന് ഞായറാഴ്ച രാത്രി 11-നാണ് സനൂഫും ഫസീലയും ലോഡ്ജിലെത്തിയത്. മൂന്ന് ദിവസത്തേക്കാണ് ലോഡ്ജില്‍ മുറിയെടുത്തത്. മുറിയുടെ വാടക അടയ്ക്കാത്തതിനാല്‍ ലോഡ്ജ് ജീവനക്കാർ ചൊവ്വാഴ്ച രാവിലെ ചെന്നുനോക്കിയപ്പോഴാണ് യുവതിയെ കട്ടിലില്‍ കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. വിളിച്ചപ്പോള്‍ ഉണരാത്തതിനാല്‍ ഡോക്ടറെ കൊണ്ടുവന്ന് പരിശോധിച്ചപ്പോള്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തിങ്കളാഴ്ച സനൂഫ് ലോഡ്ജിലുണ്ടായിരുന്നതായി ജീവനക്കാർ പറഞ്ഞു. ഫസീല മരിച്ചതോടെ മുങ്ങിയതാവാമെന്നാണ് കരുതുന്നത്.

സനൂഫ് ലോഡ്ജില്‍ കൊടുത്ത ഫോണ്‍നമ്പറിൽ  ബന്ധപ്പെട്ടെങ്കിലും അത് വ്യാജമാണെന്ന് കണ്ടെത്തി. ഇയാള്‍ വന്ന കാറും മറ്റൊരാളുടേതാണെന്ന് പോലീസ് പറഞ്ഞു. മുറിക്കകത്ത് ബലപ്രയോഗം നടന്നതിന്റെ അടയാളങ്ങളൊന്നുമില്ല. അതുകൊണ്ട് കൊലപാതകമാണോ എന്ന് വ്യക്തമല്ല. മൃതദേഹം ഇൻക്വസ്റ്റ് നടത്തി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മരണകാരണം വ്യക്തമാവാൻ പോസ്റ്റ്മോർട്ടം കഴിയണം.

രണ്ടുതവണ വിവാഹമോചിതയായ ആളാണ് ഫസീല. വിവാഹമോചനക്കേസ് നടക്കുന്നതിനിടയിലാണ് സനൂഫിനെ പരിചയപ്പെടുന്നത്. സനൂഫിന്റെപേരില്‍ ഫസീല ഒറ്റപ്പാലത്ത് നേരത്തേ പീഡനക്കേസ് കൊടുത്തിരുന്നു. വീണ്ടും അയാളുമായി സൗഹൃദത്തിലാവുകയായിരുന്നു. സനൂഫ് ലോഡ്ജില്‍ നല്‍കിയ മേല്‍വിലാസത്തിലല്ല അയാള്‍ താമസിച്ചിരുന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം.മരണവിവരമറിഞ്ഞ് ഫസീലയുടെ ബന്ധുക്കള്‍ കോഴിക്കോട്ടെത്തി. ലോഡ്ജ് മുറിയില്‍നിന്ന് ആധാർകാർഡുള്‍പ്പെടെയുള്ളവ കണ്ടെത്തിയിട്ടുണ്ട്

Tags:    

Similar News