ഛർദ്ദിച്ച പെൺകുട്ടിയെ കൊണ്ട് ബസ്സിനുൾവശം വൃത്തിയാക്കിച്ച സംഭവം; കെഎസ്ആർടിസി ഡ്രൈവറെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു
തിരുവനന്തപുരം: ഛർദ്ദിച്ച പെൺകുട്ടിയെ കൊണ്ട് ബസിനുൾവശം കഴുകിച്ച സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടി. ഡ്രൈവറെ ജോലിയിൽ നിന്നും നീക്കി. നെയ്യാറ്റിൻകര ഡിപ്പോയിലെ താത്കാലിക ഡ്രൈവറായ എസ്. എൻ…
തിരുവനന്തപുരം: ഛർദ്ദിച്ച പെൺകുട്ടിയെ കൊണ്ട് ബസിനുൾവശം കഴുകിച്ച സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടി. ഡ്രൈവറെ ജോലിയിൽ നിന്നും നീക്കി. നെയ്യാറ്റിൻകര ഡിപ്പോയിലെ താത്കാലിക ഡ്രൈവറായ എസ്. എൻ ഷിജിയെ ആണ് നീക്കിയത്. പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് നടപടി.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. നഴ്‌സിംഗ് വിദ്യാർത്ഥിനിയായ പെൺകുട്ടിയ്ക്കാണ് കെഎസ്ആർടിസി ഡ്രൈവറിൽ നിന്നും ദുരനുഭവം നേരിടേണ്ടിവന്നത്. നെയ്യാറ്റിൻകരയിൽ നിന്നും വെള്ളറടയിലേക്ക് സർവ്വീസ് നടത്തിയ ബസിൽ ആശുപത്രിയിൽ നിന്നും സഹോദരിയ്‌ക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു പെൺകുട്ടി. ഇതിനിടെയായിരുന്നു ഛർദ്ദിച്ചത്.
ഇത് കണ്ട ഡ്രൈവർ അപ്പോൾ മുതൽ തന്നെ പെൺകുട്ടികളോട് ദേഷ്യപ്പെട്ട് സംസാരിക്കാൻ ആരംഭിക്കുകയായിരുന്നു. വെള്ളറട ഡിപ്പോയിൽ എത്തിയപ്പോൾ പെൺകുട്ടിയും സഹോദരിയും ബസിൽ നിന്നും ഇറങ്ങി. എന്നാൽ ബസിനകം കഴുകി വൃത്തിയാക്കിയ ശേഷം പോയാൽ മതിയെന്ന് ഡ്രൈവർ പറയുകയായിരുന്നു.
ഇതോടെ അടുത്തുള്ള പൈപ്പിൽ നിന്നും വെള്ളം എടുത്ത്‌കൊണ്ടു വന്ന് വിദ്യാർത്ഥികൾ ബസിനകം കഴുകി വൃത്തിയാക്കി. കെഎസ്ആർടിസി ബസ് വൃത്തിയാക്കാൻ പ്രത്യേകം തൊഴിലാളികൾ ഉണ്ട്. എന്നാൽ അവരെ അറിയിക്കാതെ പെൺകുട്ടികളെക്കൊണ്ട് വൃത്തിയാക്കിച്ചതിൽ ജീവനക്കാരിൽ നിന്നുതന്നെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. വെള്ളറട ഡിപ്പോയിലെ കെഎസ്ആർടിസി ഡ്രൈവറുടെ മക്കളാണ് ഇരുവരും.